Ongoing News
ഇടുക്കി തിരഞ്ഞെടുപ്പ് ചൂടിന്റെ ഹൈറേഞ്ചിലേക്ക്
ഇടുക്കിയില്‍ പ്രചാരണ ചൂട് ഹൈറേഞ്ചിലേക്ക് ഉയരുകയാണ്. ഹൈറേഞ്ചും ലോറേഞ്ചും തമ്മില്‍ കാലാവസ്ഥയില്‍ വ്യത്യാസമുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ താപനില തുല്യ ഡിഗ്രിയിലാണ്.
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന്റെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ അഞ്ച് മണ്ഡലങ്ങളില്‍ നാലും നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനൊപ്പം നില്‍ക്കേണ്ടതാണ്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ മാത്രമാണ് യു ഡി എഫ് 3088 വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളില്‍ ഇടത് മുന്നേറ്റമായിരുന്നു.
2009ല്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളും യു ഡി എഫിനെ തുണച്ചെങ്കിലും 2011ലെ തിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങള്‍ എല്‍ ഡി എഫ് നേടി.
എന്‍ ഡി എ സഖ്യത്തില്‍ മൂന്ന് മണ്ഡലങ്ങളില്‍ ബി ഡി ജെ എസ് മത്സരിക്കും. തൊടുപുഴയും ഇടുക്കിയും ഉടുമ്പഞ്ചോലയും. പീരുമേടും ദേവികുളത്തും ബി ജെ പിയും മത്സരിക്കും.
ഇടുക്കി
കേരളാ കോണ്‍ഗ്രസ് പിളര്‍ത്തി ഫ്രാന്‍സിസ് ജോര്‍ജ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായതോടെ കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിന് ഇടുക്കി നിയോജക മണ്ഡലം വേദിയാകുന്നു.
നാലാമൂഴത്തിന് ഇറങ്ങിയ കെ എം മാണിയുടെ ഉറ്റ ശിഷ്യനായ റോഷി അഗസ്റ്റിനെ കീഴ്‌പ്പെടുത്തി ഇടുക്കി പിടിച്ചെടുക്കുക എന്നത് ഫ്രാന്‍സിസ് ജോര്‍ജിന് കേവലമൊരു ജയം മാത്രമല്ല. തന്റെ രാഷ്ട്രീയ ഭാവിയുടെയും കേരള കോണ്‍ഗ്രസ് പിളര്‍ത്തി രൂപം കൊടുത്ത ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അതിജീവനത്തിന്റെയും പ്രശ്‌നമാണ്.
തൊടുപുഴ
കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ മന്ത്രി പി ജെ ജോസഫിന്റെ പത്താം മത്സരം. തേടുന്നത് ഒമ്പതാം ജയവും. 1970ലാണ് പി ജെ ഇവിടെ കന്നിജയം നേടിയത്. 91ല്‍ ഇടുക്കി പാര്‍ലമെന്റിലേക്ക് മത്സരിച്ചു തോറ്റു. 2001ല്‍ പി ടി തോമസിനോട് മാത്രമാണ് നിയമസഭയിലേക്കുളള വഴിയില്‍ കാലിടറിയത്. കഴിഞ്ഞ തവണ 22868 വോട്ടായിരുന്നു ഭൂരിപക്ഷം.
അണികള്‍ എതിര്‍ത്തെങ്കിലും കേരള കോണ്‍ഗ്രസ് ജേക്കബ് മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ.റോയി വാരികാട്ടിനെ തൊടുപുഴയില്‍ സ്വതന്ത്രനായി സി പി എം രംഗത്തിറക്കിയിരിക്കുന്നു.
അറിയപ്പെടുന്ന ക്രിസ്ത്യന്‍ കുടുംബമായ വാരികാട്ടെ അംഗമെന്ന നിലയില്‍ പി ജെ ജോസഫിനെ നേരിടാന്‍ റോയിക്കാകുമെന്നാണ് സി പി എം കണക്കുകൂട്ടല്‍.
ഉടുമ്പഞ്ചോല
നാക്കിന്റെ ബലത്തില്‍ നാട്ടില്‍ അറിയപ്പെടുന്ന രണ്ടു പേരാണ് ഉടുമ്പഞ്ചോലയില്‍ നേര്‍ക്ക് നേര്‍ നില്‍ക്കുന്നത്. വിവാദപ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എം മണി. ഡല്‍ഹിയില്‍ ചെന്ന് ഹിന്ദിയില്‍ പ്രസംഗിച്ച് സോണിയാ ഗാന്ധിയെ വരെ ഞെട്ടിച്ച സേനാപതി വേണു.
മൂന്ന് വട്ടം തുടര്‍ച്ചയായി മണ്ഡലം പിടിച്ച കെ കെ ജയചന്ദ്രന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായതോടെയാണ് ഉടുമ്പഞ്ചോല നിലനിര്‍ത്താനുളള ദൗത്യം മണിയില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് ഉടുമ്പഞ്ചോല.
പീരുമേട്
രണ്ടു തവണ വിജയിച്ചവര്‍ മാറിനില്‍ക്കണമെന്ന നിലപാടില്‍ ഇളവുവരുത്തി സിറ്റിംഗ് എം എല്‍ എ. ഇ എസ് ബിജിമോള്‍ക്ക് സി പി ഐ മൂന്നാം ഊഴത്തിന് അവസരം നല്‍കിയ മണ്ഡലമാണ് പീരുമേട്. ജില്ലാ പഞ്ചായത്ത് ഉപ്പുതറ ഡിവിഷനംഗവും കോണ്‍ഗ്രസ നേതാവുമായ സിറിയക്ക് തോമസാണ് കന്നി അങ്കത്തിനിറങ്ങി ബിജിമോളെ നേരിടുന്നത്. മണ്ഡലത്തെ മൂന്നു തവണ പ്രതിനിധീകരിച്ച പരേതനായ കെ കെ തോമസിന്റെ മകനാണ് സിറിയക്ക്.
ഇതുവരെ നടന്ന 12 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആറുതവണ വീതം ഇടതുപക്ഷവും വലതുപക്ഷവും വിജയിച്ചു. ആരുടെയെങ്കിലും കോട്ടയായി വിശേഷിപ്പിക്കാനാകാത്ത മണ്ഡലം. 2006 ല്‍ സിറ്റിംഗ്് എം എല്‍ എ. ഇ എം ആഗസ്തിയെ 5304 വോട്ടിനാണ് ബിജിമോള്‍ വീഴ്ത്തിയത്. 2011ലും ബിജിമോള്‍ വിജയം ആവര്‍ത്തിച്ചു. ആഗസ്തിയായിരുന്നു എതിരാളി. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 5979 വോട്ടിന്റെ മേല്‍ക്കൈ നേടി.
ദേവികുളം
ആദ്യം പ്രഖ്യാപിച്ച രണ്ടു പേരെയും മാറ്റി മൂന്നാമതെത്തിയ എ.കെ മണിയാണ് ദേവികുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഹൈക്കമാന്‍ഡ് പട്ടികയില്‍ ദേവികുളത്ത് ആദ്യം സ്ഥാനാര്‍ഥിയായത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആര്‍ രാജാറാം. പിന്നീട് വന്നത് ഡി കുമാര്‍. ഇരുവരും പോസ്റ്ററൊട്ടിച്ച ശേഷമാണ് എ കെ മണിയുടെ വരവ്.
മൂന്നാം വിജയം തേടി സി പി എം രംഗത്തിറക്കിയിരിക്കുന്നത് സിറ്റിംഗ് എം എല്‍ എ. എസ് രാജേന്ദ്രനെയാണ്.
അഞ്ചു തവണ ദേവികുളത്ത് മത്സരിച്ച എ കെ മണി ആദ്യ മൂന്ന് തവണ വിജയിച്ചു. 1991,96, 2001 വര്‍ഷങ്ങളില്‍. പക്ഷേ 2006ല്‍ 5887 വോട്ടിനും 2011ല്‍ 4078 വോട്ടിനും എസ് രാജേന്ദ്രനോട് പരാജയപ്പെട്ടു.
പൊമ്പിളൈ ഒരുമൈ, എ ഐ എ ഡി എം കെ എന്നിവര്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ ഇക്കുറി നിര്‍ണായകമാകും.