Gulf
ബാചിലേഴ്‌സ് താമസ നിബന്ധനകളില്‍ നിയമം കടുപ്പിച്ച് ഷാര്‍ജ നഗരസഭയും
ഷാര്‍ജ: അബുദാബിയിലും മറ്റും ബാചിലേഴ്‌സ് താമസവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ക്കശമാക്കിയതിന് പിന്നാലെ ഷാര്‍ജയിലും നടപടികള്‍ കടുപ്പിച്ച് അധികൃതര്‍ രംഗത്ത്. കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ബാചിലേഴ്‌സ് താമസിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിലപാട് കര്‍ശനമാക്കി ഷാര്‍ജ നഗരസഭ രംഗത്തെത്തിയത്.
കുടുംബങ്ങള്‍ താമസിക്കുന്ന ഷാര്‍ജയിലെ വിവിധയിടങ്ങളിലെ കെട്ടിടങ്ങളിലെ ബാചിലേഴ്‌സിനെതിരെ കഴിഞ്ഞ വര്‍ഷം 2,553 പരാതികള്‍ ലഭിച്ചതായി ഷാര്‍ജ നഗരസഭയിലെ സേഫ്റ്റി ആന്റ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം തലവന്‍ ഇബ്‌റാഹീം അല്‍ റൈസ് വെളിപ്പെടുത്തി. ഷാര്‍ജ മൈസലൂണ്‍ പോലെയുള്ള സ്വദേശികളും അല്ലാത്തവരുമായ കുടുംബങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളാണ് അവിടങ്ങളിലെ താമസത്തിനെതിരെ പരാതികളുമായി രംഗംത്തെത്തിയതെന്ന് അല്‍ റൈസ് വ്യക്തമാക്കി.
പ്രദേശത്തെ ബാചിലേഴ്‌സ് താമസത്തിനെതിരെ അടിയന്തര പരിഹാരം കാണണമെന്നായിരുന്നു പരാതികളുടെ ഉള്ളടക്കം. പരാതി പ്രകാരം നഗരസഭാ അധികൃതര്‍ ഇത്തരം പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വാടകക്കരാറില്‍ പറഞ്ഞതിന് വിരുദ്ധമായി ചില കെട്ടിടങ്ങളില്‍ ബാചിലേഴ്‌സിനെ താമസിപ്പിച്ചതായി കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ നടപടി കൈക്കൊണ്ടതായും അധികൃതര്‍ വ്യക്തമാക്കി,
വിവിധ ഏഷ്യന്‍ വംശജരായ ബാചിലേഴ്‌സ് താമസക്കാരാണ് ഇവിടങ്ങളില്‍ കൂടുതലുള്ളത്. കുടുംബങ്ങളുടേതായ സ്വകാര്യതക്കും മറ്റും പരിസരങ്ങളില്‍ തിങ്ങിത്താമസിക്കുന്ന ബാച്ചിലേഴ്‌സ് കാരണം തടസം സൃഷ്ടിക്കുന്നുവെന്നാണ് പരാതിക്കാരുടെ ന്യായം. നഗരസഭാ അധികൃതര്‍ ശക്തമായ പരിശോധന തുടരുമെന്നും വാടകക്കരാറില്‍ വ്യക്തമാക്കിയ നിബന്ധനകള്‍ക്ക് വിധേയമായാണോ ഫഌറ്റുകളിലും വില്ലകളിലും ആളുകള്‍ താമസിക്കുന്നത് പരിശോധിക്കുമെന്നും അല്‍ റൈസ് ചൂണ്ടിക്കാട്ടി. നിയമം മറികടന്ന് ബാചിലേഴ്‌സിനെ താമസിപ്പിക്കുകയും റൂമുകള്‍ അനധികൃതമായി വേര്‍തിരിക്കുകയുമൊക്കെ ചെയ്തവര്‍ക്കെതിരെ വൈദ്യുതി വിച്ഛേദിക്കുന്നതുള്‍പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അല്‍ റൈസ് മുന്നറിയിപ്പ് നല്‍കി. അതോടൊപ്പം, കുടുംബങ്ങള്‍ താമസിക്കുന്നിടങ്ങളില്‍ ബാചിലേഴ്‌സ് താമസിക്കാന്‍ പാടില്ലെന്ന് നഗരസഭ ശാഠ്യം പിടിക്കുന്നില്ല.
മറിച്ച് നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ താമസിപ്പിക്കാവൂവെന്ന് കര്‍ശനമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും അല്‍ റൈസ് വ്യക്തമാക്കി.