Connect with us

Kerala

ബി ഡി ജെ എസിനോടുള്ള ജനങ്ങളുടെ പ്രതികരണമറിയാന്‍ എന്‍ എസ് എസ്

Published

|

Last Updated

കോട്ടയം:ഭൂരിപക്ഷ സമുദായാംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന അവകാശവാദവുമായി എസ് എന്‍ ഡി പിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ബി ഡി ജെ എസിന്റെ രാഷ്ട്രീയഭാവി ഉറ്റുനോക്കി എന്‍ എസ് എസ്. വിശാല ഹിന്ദു ഐക്യം ലക്ഷ്യമിട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ഭരണകാലത്ത് എന്‍ എസ് എസ്- എസ് എന്‍ ഡി പി നേതൃത്വങ്ങള്‍ സംയുക്തമായി രൂപവത്കരിച്ച കൂട്ടുകെട്ടുകള്‍ക്ക് ശേഷം ബി ജെ പിയുമായി ചേര്‍ന്ന് എസ് എന്‍ ഡി പിയുണ്ടാക്കിയ ബി ഡി ജെ എസ് നേരിടുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസിനോടുള്ള ജനങ്ങളുടെ വിലയിരുത്തല്‍ അറിയാനുള്ള വെമ്പലിലാണ് എന്‍ എസ് എസ് നേതൃത്വം. ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള ഭൂരിപക്ഷ സമുദായാഗങ്ങളുടെ ഒത്തുചേരലാണ് ബി ഡി ജെ എസിന്റെ പിറവിയിലൂടെ വെള്ളാപ്പള്ളി നടേശന്‍ ലക്ഷ്യം വെച്ചത്. ഈ സഖ്യത്തിലേക്ക് എന്‍ എസ് എസിനെ ക്ഷണിച്ചെങ്കിലും ആരുടെയും വാലാകാന്‍ തങ്ങളില്ലെന്നും നായര്‍ സമുദായത്തിന്റെ നിലപാടുകള്‍ സ്വന്തമായി പ്രഖ്യാപിക്കാന്‍ നേതൃത്വത്തിന് കെല്‍പ്പുണ്ടെന്നുമായിരുന്നു എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതീകരണം. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തിലും സ്ഥാനാര്‍ഥി നിര്‍ണയ വേളകളിലും തികച്ചും സംയമനം പാലിക്കാനാണ് സമുദായ നേതൃത്വം ഇത്തവണ ശ്രദ്ധിച്ചതെന്നതും ഏറെ ശ്രദ്ധേയമാണ്.

മതേതരത്വത്തിന് നിരക്കാത്ത രീതിയിലാണ് എസ് എന്‍ ഡി പി നേതൃത്വം പെരുമാറുന്നതെന്നും വഞ്ചനാപരമായ നിലപാടാണ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്നും ആരോപിച്ച് വെള്ളാപ്പള്ളിയുമായുള്ള ഒത്തുചേരല്‍ എന്‍ എസ് എസ് മധുവിധു തീരും മുമ്പ് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സുകുമാരന്‍ നായരുടെ മാടമ്പിത്തരമാണ് ഇരുസംഘടനകളും തമ്മിലുള്ള ഐക്യം തകര്‍ത്തത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. തമ്പ്രാന്‍ സ്വഭാവമാണ് സുകുമാരന്‍ നായരുടേത്. അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നതാണ് സുകുമാരന്‍ നായരുടെ രീതിയെന്നും അന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. 1970കളുടെ മധ്യത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളായ പി ഗംഗാധരന്‍, ആര്‍ പ്രകാശം, എന്‍ ശ്രീനിവാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എസ് എന്‍ ഡി പിയുടെ ആശീര്‍വാദത്തോടെ സോഷ്യലിസ്റ്റ് റിപ്പബഌക്കന്‍ പാര്‍ട്ടി(എസ് ആര്‍ പി) പിറവിയെടുത്തെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈഴവ സമുദായത്തിന്റെ പിന്തുണയുണ്ടായിരുന്ന എസ് ആര്‍ പിക്ക് കഴിഞ്ഞില്ലെന്നതാണ് രാഷ്ട്രീയ ചരിത്രം. ഈ വഴിയേ തന്നെയാകും ബി ഡി ജെ എസിന്റെ രാഷ്ട്രീയ ഭാവിയുമെന്ന കണക്കുകൂട്ടലിലാണ് എന്‍ എസ് എസ്. എന്നാല്‍ പത്ത് ലക്ഷത്തോളം അംഗങ്ങളുടെ ബി ഡി ജെ എസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളിലെങ്കിലും അക്കൗണ്ട് തുറക്കാനാകുമെന്ന അവകാശവാദമാണ് എസ് എന്‍ ഡി പി നേതൃത്വത്തിന്റേത്. 1970 കളില്‍ എന്‍ എസ് എസ് നേതാക്കളായ കളത്തില്‍ വേലായുധന്‍ നായരുടെയും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ എന്‍ ഡി പി എന്ന രാഷ്ട്രീയകക്ഷി രൂപവത്കരിച്ചെങ്കിലും ഈ രാഷ്ട്രീയ സംഘടനക്കും അല്‍പ്പായുസ്സ് മാത്രമാണ് ജനങ്ങള്‍ വിധിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി- ബി ഡി ജെ എസ് കൂട്ടുകെട്ട് നിലവില്‍ വന്ന ശേഷം 13.28 ശതമാനം വോട്ടാണ് എന്‍ ഡി എ സഖ്യം നേടിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു ഡി എഫും എല്‍ ഡി എഫും തമ്മിലുളള വോട്ട് വ്യത്യാസം 0.13 ശതമാനം മാത്രമാണ്. എല്‍ ഡി എഫിന് 37.36 ശതമാനവും യു ഡി എഫിന് 37.23 ശതമാനവും വോട്ടാണ് ലഭിച്ചത്.
രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചതിനെതിരെ എസ് എന്‍ ഡി പിയില്‍ തന്നെ ചില എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എസ് എന്‍ ഡി പി നേതൃത്വത്തിനും തങ്ങളുടെ ശക്തി തെളിയിച്ചേ മതിയാകൂ. അതിനാല്‍ തന്നെ ഒരു മുന്നണിയുമായും അടവ് നയം വേണ്ടന്ന ഉറച്ച നിലപാടിലാണ് ബി ജെ പി- ബി ഡി ജെ എസ് സഖ്യം.

Latest