Kerala
ഷാഡോ ക്യാബിനറ്റ് അണിയറയില്‍; ബദല്‍ മന്ത്രിമാരുമായി ആം ആദ്മി
കൊച്ചി :തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കുകയാണെങ്കിലും പുതിയ നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഷാഡോ മന്ത്രി സഭയും നിലവില്‍വരും. വര്‍ധിച്ചുവരുന്ന അഴിമതിക്ക് തടയിടുകയെന്ന ലക്ഷ്യവുമായാണ് ആം ആദ്മി പാര്‍ട്ടി പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലൂടെ അധികാരമേല്‍ക്കുന്ന മന്ത്രിസഭക്ക് ബദലായി ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുക്കുന്ന ഷാഡോ മന്ത്രിമാര്‍ രംഗത്തെത്തും. ഇതിലൂടെ സഭക്ക് പുറത്ത് ഒരു പ്രതിപക്ഷമായി വളരുകയാണ് ആം ആദ്മി ലക്ഷ്യം.
ആഭ്യന്തരം, ധനകാര്യം, റവന്യു, ആരോഗ്യം, വ്യവസായം, പൊതുമരാമത്ത്, വനം, ഗതാഗതം, വൈദ്യുതി തുടങ്ങി എല്ലാ വകുപ്പുകള്‍ക്കും ബദലായി ഒരു മന്ത്രിയോ ഒന്നിലധികം മന്ത്രിമാരോ ഉണ്ടാകും. അതത് മേഖലയില്‍ അറിവും, പരിചയവുമുള്ളയാളുകളെയാണ് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുക്കുന്നത്. പാര്‍ട്ടിയിലെ അംഗങ്ങളെ മാത്രമല്ല, പൊതുജനങ്ങളില്‍ നിന്നും ആളുകളെ മന്ത്രിസഭയിലേക്ക് ആം ആദ്മി പരിഗണിക്കുന്നുണ്ട്. ഡി ജി പി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച എക്‌സല്‍ കേരളയടക്കമുള്ള വിവിധ അഴിമതിവിരുദ്ധ സംഘടനകളുടേയും സഹായം ഇതിനായി തേടുമെന്നാണ് അറിയുന്നത്. നിയമസഭയില്‍ മാത്രമല്ല, പഞ്ചായത്ത് തലം മുതല്‍ എല്ലാ ഭരണ സംവിധാനങ്ങളിലും ഈ രീതിയില്‍ സജീവമാകാന്‍ പാര്‍ട്ടി അണിയറ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പഞ്ചായത്ത് അംഗം മുതലുള്ള ആളുകള്‍ക്ക് ബദലായി ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ പ്രവര്‍ത്തിക്കും. അഴിമതി ചൂണ്ടിക്കാണിക്കുന്നതിന് പുറമേ, നയങ്ങളിലുണ്ടാകുന്ന പോരായ്മകള്‍ ചോദ്യം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ് പാര്‍ലിമെന്റിലെ ഷാഡോ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങളെയാണ് ഇതിനായി ആം ആദ്മി പാര്‍ട്ടി പിന്‍പറ്റുന്നത്. ഓരോ മന്ത്രിമാരുടേയും പ്രവര്‍ത്തനങ്ങളെ ഷാഡോ ക്യാബിനറ്റിലെ മന്ത്രിമാര്‍ ചോദ്യം ചെയ്യും. കേരളത്തിലെ അഴിമതിയുടെ കാര്യത്തില്‍ ഓരോ മുന്നണികളും പരസ്പരം ധാരണയിലാണ്. അതിനാലാണ് ഇവിടെ അഴിമതിയുടെ പേരില്‍ ആരും ശിക്ഷിക്കപ്പെടാത്തതെന്നും ഇതിന് പരിഹാരം കാണാന്‍ ഷാഡോ ക്യാബിനറ്റിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുകയാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ സിറാജിനോട് പറഞ്ഞു. ഷാഡോ മന്ത്രി സഭയിലെ മന്ത്രിമാരെ പാര്‍ട്ടി അംഗങ്ങളാകാന്‍ ആവശ്യപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പറയുന്ന നയങ്ങള്‍ക്ക് ആം ആദ്മിയുടെ മന്ത്രിമാര്‍ ബദല്‍ നയങ്ങള്‍ അവതരിപ്പിക്കും.
നിലവില്‍ മത്സരിക്കുന്നില്ലെങ്കിലും ആര്‍ക്ക് വോട്ട് ചെയ്യണം എന്ന പ്രചാരണവുമായി ആം ആദ്മി തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. അഴിമതി, കൊലപാതക രാഷ്ട്രീയം, വര്‍ഗീയത എന്നിവക്കെതിരെ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി പ്രചാരണം നടത്തി വരുകയാണ്. തിരഞ്ഞെടുപ്പ് കാലത്തും തുടര്‍ന്ന് വരുന്ന അഞ്ച് വര്‍ഷവും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി പാര്‍ട്ടിക്ക് സംസ്ഥാനത്ത് മെച്ചപ്പെട്ട അവസ്ഥ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.
കേരളത്തില്‍ ആദ്യമായി മത്സര രംഗത്തിറങ്ങിയ ലോക് സഭാ തിരഞ്ഞെടുപ്പിലും, പിന്നീട് നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ആം ആദ്മിക്കായിരുന്നില്ല. ലോക് സഭ തിരഞ്ഞെടുപ്പില്‍ ആകെ 2.5 ശതമാനം വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. 200 സ്ഥലങ്ങളില്‍ മത്സരിച്ചെങ്കിലും ഒരു വാര്‍ഡില്‍ പോലും വിജയം കൈവരിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യങ്ങളെ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കാനാണ് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നത്.