Connect with us

Palakkad

കല്ലാംകുഴി ഇരട്ടക്കൊല മണ്ണാര്‍ക്കാട്ടെ ചൂടേറിയ ചര്‍ച്ച

Published

|

Last Updated

മണ്ണാര്‍ക്കാട് :”കൊലപാതക രാഷ്ട്രീയക്കാര്‍ക്ക് തിരിച്ചടി നല്‍കാന്‍ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ എല്‍ ഡി എഫ്…”, “കൊലപാതകത്തിന്റെ പേരില്‍ എം എല്‍ എക്കെതിരെയുള്ള വ്യാജ പ്രചാരണത്തിന് മറുപടി നല്‍കാന്‍ നിങ്ങളുടെ വോട്ടുകള്‍ യു ഡി എഫ്” മണ്ണാര്‍ക്കാട്ടെ നിരത്തുകളില്‍ നിരങ്ങി നീങ്ങുന്ന അനൗണ്‍സ്‌മെന്റ് വാഹനങ്ങളില്‍ നിന്നുള്ള വോട്ടഭ്യര്‍ഥനയാണിത്. വീശിയടിക്കുന്ന പാലക്കാടന്‍ ചുടുകാറ്റിനൊപ്പം മണ്ണാര്‍കാട്ടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇത്തവണ ചൂടുള്ള ചര്‍ച്ചയാവുന്നത് കൊലപാതകം തന്നെ. തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും കുടുംബ യോഗങ്ങളിലും കവല പ്രസംഗങ്ങളിലും കൊലപാതകം തന്നെയാണ് ആദ്യം കടന്നു വരുന്നത്. നാട്ടിലെ നാടന്‍ ചര്‍ച്ചകളിലും കൊലപാതക രാഷ്ട്രീയത്തോടുള്ള പ്രതിഷേധം ഉയരുന്നുണ്ട്. കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞു ഹംസുവും നൂറുദ്ദീനും അതിക്രൂരമായി കൊല ചെയ്യപ്പെട്ടത് 2013 നവംബര്‍ 20 നാണ്. വര്‍ഷം മൂന്നിലേക്ക് അടുക്കുമ്പോഴും ഇവരുടെ ഓര്‍മകളാണ് കൊലപാതകത്തിന് കൂട്ടു നിന്നവരെ ഇന്ന് വേട്ടയാടുന്നത്. വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകളില്‍ കയറുന്ന പ്രവര്‍ത്തകര്‍ ആദ്യം നേരിടേണ്ടി വരുന്നതും കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യമാണ്.
ഒരു ദയയും അര്‍ഹിക്കാത്ത കൊലപാതകികള്‍ക്ക് കൂട്ടു നിന്ന എം എല്‍ എ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിറകോട്ട് പോകുന്നതും അരുംകൊലയുടെ ചോര മണക്കുന്ന കൈകള്‍ക്ക് സഹായം ചെയ്തു എന്നതു കൊണ്ടു തന്നെയാണ്. യു ഡി എഫ് നേതാക്കളില്‍ പലരും മുന്നണി സംവിധാനത്തിന്റെ സാങ്കേതികത്വത്തില്‍ ഗത്യന്തരമില്ലാതെയാണ് എം എല്‍ എയെ അനുഗമിക്കുന്നത്. ചിലര്‍ രഹസ്യമായി എം എല്‍ എക്കെതിരെ രംഗത്തു വരുമ്പോള്‍ മറ്റു ചിലര്‍ പരസ്യമായി തന്നെ നിലപാട് തുറന്നു പറയുന്നുണ്ട്. കൊലപാതകികളെ ഇപ്പോഴും സഹായിക്കുന്ന എം എല്‍ എക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പ്രയാസമുണ്ടെന്ന് മണ്ഡലത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ രഘൂത്തമന്‍ പറഞ്ഞു. ഈ നിലപാടുള്ള പലരും മണ്ഡലത്തിലുണ്ട്.
നേരത്തെ പ്രഖ്യാപിക്കപ്പെട്ട പല കുടുംബ യോഗങ്ങളും നടക്കാതെ പോയതും ഇതേ വികാരം കൊണ്ടു തന്നെയാണ്. കവലകള്‍ തോറും താന്‍ നിരപരാധിയാണെന്ന് എം എല്‍ എക്ക് വിളിച്ചു പറയേണ്ടി വന്നത് തന്നെ ഈ പ്രതിഷേധത്തെ മറികടക്കുന്നതിന് വേണ്ടിയാണ്. കൊലപാതകികള്‍ക്ക് നിയമസഹായവും രാഷ്ട്രീയ സുരക്ഷയും ഒരുക്കി കൊടുത്തതാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എം എല്‍ എ നേരിടുന്ന തിരിച്ചടി. രണ്ട് കുടുംബങ്ങളെ അനാഥമാക്കി രണ്ട് പേരുടെ ജീവനെടുത്തവരും അരുംകൊലയുടെ സൂത്രധാരരും രാഷ്ട്രീയ തണലില്‍ വിലസുമ്പോള്‍ നീതിക്കും ന്യായത്തിനും നാട്ടില്‍ വിലയില്ലേ എന്നാണ് ഇവിടെ വോട്ടര്‍മാരുടെ ചോദ്യം.
യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും മ്ലാനത പ്രകടമാണ്. തിരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധിക്കാനാകാത്ത വിഷയമായി കല്ലാംകുഴി കൊലപാതകം മാറിയിരിക്കുന്നു. ഇവിടെ സാധാരണ ജനവിഭാഗങ്ങള്‍ക്കിടയില്‍ അത്ര വലിയ മുറിവുണ്ടാക്കിയിട്ടുണ്ട് ഈ സംഭവം. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആഹ്വാനവും വലിയ ചലനമാണ് പ്രദേശത്ത് ഉണ്ടാക്കിയിട്ടുള്ളത്.

Latest