Connect with us

Kerala

പ്രതികള്‍ക്ക് നാട്ടില്‍ സുഖവാസം; സാക്ഷികള്‍ നാടു വിടേണ്ട ദുര്‍ഗതിയില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: കല്ലാംകുഴി ഇരട്ടകൊലപാതക കേസിലെ പ്രതികള്‍ നാട്ടില്‍ സൈ്വരവിഹാരം നടത്തുമ്പോള്‍ കേസിലെ സാക്ഷികള്‍ ജീവഹാനി ഭയന്ന് നാടു വിടേണ്ട ദുര്‍ഗതിയില്‍. പ്രാദേശിക മുസ്‌ലിം ലീഗ് നേതാക്കളായ പ്രതികള്‍ ഭരണസ്വാധീനത്തിന്റെയും സൗകര്യത്തിന്റെയും മറവില്‍ നാട്ടില്‍ വീണ്ടും കലാപത്തിന് കോപ്പ് കൂട്ടുമ്പോള്‍ പിറന്ന നാട്ടില്‍ ജീവിക്കാനാകാതെ പലായനത്തിലാണ് സാക്ഷികള്‍. പ്രതികള്‍ 27 പേരും ഇപ്പോള്‍ ജാമ്യം നേടി നാട്ടില്‍ വിലസുന്നു. ഇവര്‍ക്ക് എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്തു നല്‍കുന്നത് മുസ്‌ലിം ലീഗ് നേതൃത്വവും. ഓരോ മാസവും ഒരു ചാക്ക് അരി വീതമാണ് പ്രതികളുടെ വീട്ടില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വം എത്തിക്കുന്നത്. രണ്ടു ജീവനുകള്‍ കവര്‍ന്നതിനുള്ള “അംഗീകാരം”. പ്രാദേശിക മുസ്‌ലിം ലീഗ് നേതാവായ മൊയ്തീന്റെ വീട്ടില്‍ അരി ലോറിയില്‍ കൊണ്ടുവന്ന് പ്രതികളുടെ വീടുകളില്‍ ഗുഡ്‌സ് ഓട്ടോയില്‍ എത്തിക്കുന്നത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ചയാണ്.
കേസിലെ സാക്ഷികള്‍ ജീവിക്കാനായി നാടു വിടുമ്പോഴാണ് പ്രതികള്‍ ഈ സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നത്. അതും അനാഥമായ രണ്ടു കുടുംബങ്ങളുടെ കണ്‍മുന്നില്‍. സാക്ഷികള്‍ വധഭീഷണി നേരിട്ടത് നിരവധി തവണയാണ്. പല പ്രാവശ്യം ആക്രമണം ഉണ്ടായി. സാക്ഷി പറയാന്‍ ഇനി കോടതിയിലെത്തിയാല്‍ ഇനിയും കല്ലാംകുഴിയില്‍ ശുഹദാക്കളുടെ ഫഌക്‌സ് ഉയരുമെന്നാണ് ഇവരുടെ ഭീഷണി. പ്രധാന സാക്ഷികളായ മൊയ്തുണ്ണി ഹാജിയും ഹസ്സനും നിരവധി തവണയാണ് ആക്രമണം നേരിട്ടത്. ഹസ്സന്‍ ഇപ്പോള്‍ നാട്ടില്‍ നിന്ന് തന്നെ കുടിയൊഴിഞ്ഞ് പോയിരിക്കുന്നു. സഹോദരങ്ങളെ നഷ്ടപ്പെട്ട പള്ളത്ത് വീട്ടില്‍, നൊമ്പരവുമായി കഴിയുന്ന കുടുംബങ്ങളും ഇവരുടെ ഭീഷണി നേരിടുകയാണ്. പലപ്പോഴും ഇവരുടെ വാഹനം അപായപ്പെടുത്താന്‍ ശ്രമമുണ്ടായി. വീടിന് നേരെ കല്ലേറുണ്ടായി. ഇവിടെ “നീതി” നടപ്പാക്കുന്നതും കാര്യങ്ങള്‍ തീരുമാനിക്കുന്നതുമൊക്കെ ഈ കാപാലികര്‍ തന്നെയാണ്. 2013 നവംബര്‍ 20 മുതല്‍ അനുഭവിക്കുകയാണ് ഒരു കുടുംബം ഈ ദുരിതം. പ്രതികളില്‍ 11 പേര്‍ക്ക് വിദേശത്ത് പോകാന്‍ സഹായം നല്‍കിയതും ലീഗ് നേതൃത്വം തന്നെയാണ്. നാട്ടിലുള്ള പ്രതികള്‍ കോങ്ങാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പന്തളം സുധാകരനും മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ശംസുദ്ദീനും വേണ്ടി പ്രചാരണ തിരക്കിലാണ്.

പാര്‍ട്ടി ഗ്രാമമാക്കാന്‍ ശ്രമം:
മുന്‍ കോണ്‍.നേതാവ്
മണ്ണാര്‍ക്കാട്: കല്ലാംകുഴി പാര്‍ട്ടി ഗ്രാമമാക്കാനാണ് ലീഗ് നേതൃത്വം ശ്രമം നടത്തുന്നതെന്ന് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് രാമദാസന്‍. അരും കൊല നടത്തിയ ലീഗ് പ്രവര്‍ത്തകരെ സഹായിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് രാമദാസന്‍ മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.
“ലീഗുകാരാണ് കൊലപാതകം നടത്തിയെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം. ലീഗ് അല്ലാതെ കല്ലാംകുഴിയില്‍ ഒരു സംഘടനയും പാടില്ല എന്നാണ് ഇവരുടെ നിലപാട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ പ്രതിക്ക് പഞ്ചായത്ത് ബോര്‍ഡ് മീറ്റിംഗില്‍ പങ്കെടുത്തു എന്ന കള്ള ഒപ്പിടാന്‍ കോണ്‍ഗ്രസ് നേതൃത്വം സഹായം ചെയ്തു. ഇതിനെതിരെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. രണ്ടു പേര്‍ മരണപ്പെട്ട വീട് സന്ദര്‍ശിക്കാന്‍ പോലും ലീഗ് നേതാക്കള്‍ തയ്യാറായിട്ടില്ല. ഇവിടെ പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്തു നല്‍കുന്നത് ശംസുദ്ദീന്‍ എം എല്‍ എയും ലീഗ് നേതാക്കളുമാണ്. ഏത് കോടതിയില്‍ വന്ന് ഇക്കാര്യം പറയാനും ഞാന്‍ തയ്യാറാണ്. സത്യം തുറന്നു പറയുന്നതിന്റെ പേരില്‍ ജീവന് ഭീഷണിയുണ്ട്. ജീവന്‍ നഷ്ടപ്പെട്ടാലും സത്യത്തിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. കൊലപാതകത്തിന് കൂട്ടു നിന്നവനായി ജീവിക്കുന്നതിലും നല്ലത് സത്യം പറഞ്ഞ് മരിക്കുന്നതാണ് എന്നതു കൊണ്ടാണ് കോണ്‍ഗ്രസ് വിട്ടത് “-രാമദാസന്‍ പറഞ്ഞു.

Latest