Connect with us

Kerala

കല്ലാംകുഴി: അവര്‍ മറ്റൊരു കൊലപാതകത്തിന്റെ കഥ മെനയുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: രണ്ടു സഹോദരങ്ങളെ ഇരുട്ടിന്റെ മറവില്‍ ക്രൂരമായി കൊലപ്പെടുത്തിയവര്‍ മറ്റൊരു കൊലപാതകത്തിന്റെ കഥ മെനയുന്നു. 2013 നവംബര്‍ 20 ന് സഹോദരങ്ങളായ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസുവിനേയും നൂറൂദ്ദീനെയും വെട്ടിനുറുക്കിയവര്‍ ഇന്ന് മറ്റൊരു കൊലപാതകത്തിന്റെ കഥ പറയുകയാണ്. സംഭവത്തില്‍ പ്രതികളായ 27 ലീഗ് പ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കാനാണ് കൊലപാതകത്തിന്റെ തിരക്കഥയെഴുതുന്നത്. 1998 ലെ പാലക്കാപറമ്പന്‍ മുഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പുതിയ പ്രചാരണം. മുഹമ്മദിന്റെ കുടുംബം പ്രതികളായ പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസുവിനെയും നൂറൂദ്ദീനെയും കൊലപ്പെടുത്തിയതാണെന്നും ലീഗ് നേതൃത്വത്തിന് കല്ലാംകുഴി കൊലപാതകത്തില്‍ പങ്കില്ലെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ 1998 ലെ സംഭവം ലീഗ് നേതൃത്വത്തെ തന്നെയാണ് തിരിഞ്ഞു കുത്തുന്നത്.
പള്ളത്ത് കുടുംബവുമായി നിലനിന്നിരുന്ന സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇവരെ ആസുത്രിതമായി ഇല്ലാതാക്കാന്‍ വേണ്ടി നടത്തിയ ശ്രമമായിരുന്നു അന്ന് നടന്നതെന്ന് പോലീസ് രേഖകളില്‍ തന്നെ പറയുന്നു. പള്ളത്ത് കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെ ഒരു വിഭാഗം ജലാറ്റിന്‍ സ്റ്റിക്ക് എറിയുകയായിരുന്നു. അന്ന് അത്ഭുതകരമായാണ് കുടുംബം രക്ഷപ്പെട്ടത്. എന്നാല്‍ രക്ഷപ്പെട്ടവര്‍ക്ക് നേരെ മാരാകായുധങ്ങളുമായി ആക്രമികള്‍ ചാടി വീണു. ഈ കുട്ടപ്പൊരിച്ചിലിനിടയില്‍ ഇവിടെയെത്തിയ മുഹമ്മദ് ഇവരില്‍ നിന്ന് മുറിവേറ്റ് മരണപ്പെടുകയായിരിന്നു.
എന്നാല്‍ ഈ സംഭവം പള്ളത്ത് കുടുംബത്തിന് നേരെ തിരിച്ചു വിടാനാണ് ലീഗ് നേതൃത്വം അന്ന് മുതല്‍ ശ്രമം നടത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക് വെച്ചവര്‍ക്ക് നേരെ അന്വേഷണം തിരിയുമെന്നതിനാല്‍ ലീഗ് നേതൃത്വം തന്നെ മുന്‍കൈയെടുത്ത് ഈ കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. മണ്ണാര്‍ക്കാട് ടി ബിയില്‍ വെച്ച് അന്നത്തെ എം എല്‍ എ കളത്തില്‍ അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ബാപ്പു ഹാജി, കെ പി മൊയ്തു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അന്ന് കേസ് ഒത്തുതീര്‍ന്നത്. പാര്‍ട്ടിക്ക് നേരെ തന്നെ തിരിയുമെന്നതിനാല്‍ ലീഗ് നേതൃത്വം മുന്‍കൈയെടുത്ത് പിന്‍വലിച്ച പരാതിയാണ് ഇപ്പോള്‍ കല്ലാംകുഴി കൊലപാതകം മറക്കാന്‍ ലീഗ് എടുത്തുപയോഗിക്കുന്നത്. എന്നാല്‍ പോലീസ് രേഖയും അന്നത്തെ ചര്‍ച്ചയുടെ വിശദാംശങ്ങളും മുഹമ്മദിന്റെ കുടുംബത്തിന്റെ നിലപാടും ഇവര്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണിപ്പോള്‍. 1998 ലെ സംഭവത്തില്‍ പള്ളത്ത് കുടുംബത്തിന് ബന്ധമില്ലെന്നും ലീഗിലെ പ്രാദേശിക നേതാക്കള്‍ തന്നെയാണ് ഈ കേസിന് പിന്നിലെന്നും മുഹമ്മദിന്റെ കുടുംബം പറയുന്നു.
പള്ളത്തെ കുട്ടികളെ കൊന്നവര്‍ തന്നെയാണ് അന്നും പ്രശ്‌നമുണ്ടാക്കിയതെന്ന് മുഹമ്മദിന്റെ ഭാര്യ ഖദീജയും മകള്‍ സഫിയയും മരുമകന്‍ മൊയ്തുണ്ണി ഹാജിയും ഒരു പോലെ പറയുന്നു. കൊലക്കേസ് പ്രതികളായ ലീഗ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്താന്‍ 1998 ലെ സംഭവം ആയുധമാക്കിയവര്‍ ഇപ്പോള്‍ രണ്ടു കേസിലും ഒരു പോലെ പ്രതിരോധത്തിലായ അവസ്ഥയിലാണ്.