Articles
അരുത്, ഇല്ലാത്ത ശക്തി ബി ജെ പിക്ക് നല്‍കരുത്
അരുവിക്കര മോഡല്‍ തന്ത്രം ഈ തിരഞ്ഞെടുപ്പിലും പിരീക്ഷിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു ഡി എഫിന് ഇടതുമുന്നണി പ്രശ്‌നമേയല്ലെന്നും ബി ജെ പിയുമായാണ് തങ്ങളുടെ മഖ്യമത്സരമെന്നുമാണ് വെള്ളിയാഴ്ച കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം പ്രസംഗിച്ചത്. ഇതിനെ ബലപ്പെടുത്താന്‍ ഒരു കാര്യം കൂടി പറഞ്ഞു വെച്ചു അദ്ദേഹം: “സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ വന്നാല്‍ ഭരണത്തിലേറാന്‍ ബി ജെ പിയുടെ സഹായം യു ഡി എഫ് തേടില്ല.
പ്രതിപക്ഷത്തിരിക്കുന്നതാണ് അതിനേക്കാള്‍ നല്ലതെന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളത്.” ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കുക മാത്രമല്ല, സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയായി മാറുമെന്നാണ് മുഖ്യമന്ത്രി കേരളീയരോട് പറയുന്നത്. അമിത്ഷായും കുമ്മനം രാജശേഖരനും അവകാശപ്പെടുന്ന വിജയ സാധ്യതയേക്കാള്‍ ഒരു മുഴം മുന്നിലാണ് മുഖ്യമന്ത്രി അവര്‍ക്ക് കല്‍പ്പിച്ച വിജയ സാധ്യത!
ബി ജെ പി കേരളത്തില്‍ അത്ര വലിയ ശക്തിയല്ലെന്നും യു ഡി എഫും എല്‍ ഡി എഫും തമ്മിലാണ് സംസ്ഥാനത്ത് പോരാട്ടമെന്നും രാഷട്രീയത്തിലെ എല്‍ കെ ജിക്കാര്‍ക്ക് പോലും അറിയുന്ന വസ്തുതയാണ്. സംസ്ഥാനത്ത് രണ്ടോ മൂന്നോ മണ്ഡലങ്ങളില്‍ മാത്രമാണ് ബി ജെ പിക്ക് അല്‍പ്പമെങ്കിലും സ്വാധീനമുളളത്. അടവുകള്‍ പതിനെട്ട് പയറ്റിയിട്ടും ആ മണ്ഡലങ്ങളില്‍ നിന്ന് പോലും തങ്ങളുടെ പ്രതിനിധിയെ നിയമസഭയിലെത്തിക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഭൂരിപക്ഷ പ്രീണനം സ്വീകരിച്ച ചില പത്രങ്ങളെ കൂട്ടുപിടിച്ച് പാര്‍ട്ടി ഇത്തവണ എന്തായാലും അക്കൗണ്ട് തുറക്കുമെന്ന ധാരണ സൃഷ്ടിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമം നടക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നിരീക്ഷകര്‍ അതിനുള്ള സാധ്യത തുലോം കുറവായാണ് കാണുന്നത്.
വര്‍ഗീയ അജന്‍ഡകളല്ലാതെ ജനക്ഷേമകരമോ വികസനപരമോ ആയ പുതിയ പദ്ധതികളൊന്നും മുന്നില്‍ വെക്കാനില്ലാത്ത ബി ജെ പിയുടെ ഏക പ്രതീക്ഷ മോദിയുടെ “വ്യക്തപ്രഭാവം” മാത്രമാണ്. അതാകട്ടെ കോര്‍പറേറ്റ് മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള വ്യാജ പരിവേഷം മാത്രമാണെന്ന് ജനം ഇതിനകം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലും ബീഹാറിലും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മോദി നേരിട്ടിറങ്ങിയിട്ടും പാര്‍ട്ടി തോറ്റമ്പിയതാണ്.
ഈസാഹചര്യത്തില്‍ ഇതുവരെ ഒരു സീറ്റ് പോലും നേടാനാകാത്ത കേരളത്തില്‍ വലിയ പ്രതീക്ഷയൊന്നും ബി ജെ പിക്കില്ല. അപ്പോള്‍ പിന്നെ അരുവിക്കരക്കു പിറകെ ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടി ഇത്തരമൊരു പ്രസ്താവന നടത്തിയതിന്റെ പിന്നാമ്പുറമെന്താണ്? ബി ജെ പിക്ക് അവര്‍ പോലും കല്‍പ്പിക്കാത്ത ശക്തി നല്‍കിക്കൊണ്ട് അദ്ദേഹം എന്താണ് ലക്ഷ്യമിടുന്നത്? യു ഡി എഫ്- ബി ജെ പി ബാന്ധവത്തിന് മറയിടുകയായിരിക്കണം ഒരു ലക്ഷ്യം.
ബേപ്പൂരില്‍ തുടങ്ങി വെച്ച കോലീബീ സഖ്യം പിന്നീട് നടന്ന പല തിരഞ്ഞെടുപ്പുകളിലും ഭാഗികമായെങ്കിലും തുടര്‍ന്നു പോന്നിട്ടുണ്ട്. ചില “പ്രസ്റ്റീജ്” മണ്ഡലങ്ങളില്‍ വിശേഷിച്ചും. ഇത്തവണ കെ പി സി സി പ്രസിഡന്റ് സുധീരനോട് പൊരുതിയും ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കിയും ഉമ്മന്‍ ചാണ്ടി പടിച്ചുവാങ്ങിയ സീറ്റുകള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നമാണ്.
ഇടതുപക്ഷത്തേക്കാളേറെ ഈ സീറ്റുകളിലെ യു ഡി എഫ് പരാജയം കോണ്‍ഗ്രസിലെ തന്നെ ചിലരാണ് ആഘോഷിക്കുകയെന്ന് അദ്ദേഹത്തിന് നന്നായറിയാം. അത് ഉമ്മന്‍ ചാണ്ടിക്ക് അസഹനീയമാണ്. ഈ മണ്ഡലങ്ങളില്‍ ജയം യു ഡി എഫിന് അനിവാര്യമായതിനാല്‍ അവിടെയും മറ്റു ചില സീറ്റുകളിലും ബി ജെ പിയുമായി നീക്കുപോക്കുണ്ടെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.
കേരളത്തില്‍ ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കേണ്ടത് മോദിയുടെ അഭിമാന പ്രശ്‌നമായതിനാല്‍ അവരുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ മികച്ച സഹകരണം പ്രതീക്ഷിക്കുന്നുണ്ട്. വര്‍ഗീയ ഫാസിസവുമായുള്ള നീക്കുപോക്കുകള്‍ മറച്ചു പിടിക്കാനുള്ള അടവ്. ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് സ്വാഗതം ചെയ്തതോടെ എടുത്ത പണി വെള്ളത്തിലായെന്ന് മാത്രം. ഇതൊരു ഒത്തുകളിയാണെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു.
ആശയ സംവാദങ്ങളില്‍ നേരെ ചൊവ്വെ മറുപടി പറയാനും ന്യായങ്ങള്‍ നിരത്താനും സാധ്യമാകാതെ വരുമ്പോള്‍ എതിരാളിയെ കൊഞ്ഞനംകാട്ടി തോല്‍പ്പിക്കുന്ന ഒരു തരംതാണ ശൈലിയുണ്ട് നാട്ടില്‍. ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന കാണുമ്പോള്‍ ചിലരെങ്കിലും അത്തരം അപക്വമതികളെ ഓര്‍മിച്ചിരിക്കണം. ഇടത് മുന്നണിയെയും സി പി എമ്മനെയും കൊച്ചാക്കി സംവാദ വേദിയില്‍ നിന്ന് തലയൂരാനുള്ള ഒരടവ് കൂടിയല്ലേ ഈ പ്രസ്താവനയെന്ന് സന്ദേഹിക്കുന്നവരുണ്ട്.
സോളാര്‍, ബാര്‍ കോഴ, സര്‍ക്കാര്‍ ഭൂമി ഇഷ്ടദാനം തുടങ്ങിയ വിഷയങ്ങളില്‍ വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തുന്ന വാദമുഖങ്ങളെ അതേ നാണയത്തില്‍ ഖണ്ഡിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇതല്ലാതെ അദ്ദേഹം മറ്റെന്തു ചെയ്യാന്‍!ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ മൃദുഹിന്ദുത്വ രാഷ്ട്രീയം കളിച്ചതിന്റെ ദുരന്തമാണ് ഇന്ന് ഉത്തരേന്ത്യ അനുഭവിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ സ്വാധീനമുണ്ടായിരുന്ന അവിടങ്ങളിലൊക്കെ ഇന്ന് ബി ജെ പി സ്വാധീനമുറപ്പിച്ചിരിക്കുന്നു.
ഇതില്‍ നിന്ന് ചെറിയ തോതിലെങ്കിലും പാഠമുള്‍ക്കൊള്ളാന്‍ ഹൈക്കമാന്‍ഡ് തയ്യാറായി എന്നതാണ് ബീഹാറില്‍ കണ്ടത്. ഇത് മറന്നുകൊണ്ടാണ് നിതീഷ് കുമാറിലെ സത്യപ്രതിജ്ഞക്ക് സാക്ഷിയായ മുഖ്യമന്ത്രി തന്നെ ഇത്തരമൊരു ആത്മഹത്യാപരമായ നിലപാടിലേക്ക് നീങ്ങിയത്. പ്രസ്താവനക്ക് പിന്നിലെ താത്പര്യമെന്തായാലും കേരള രാഷ്ട്രീയത്തിലും സാമൂഹിക തലത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇത് വഴിവെക്കും. ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ സമാധാനപൂര്‍ണവും സൗഹൃദപരവുമായ സാമൂഹികാന്തരീക്ഷമാണ് കേരളത്തിലേത്. മത വൈവിധ്യം ഇവിടുത്തെ സൃഹാര്‍ദത്തില്‍ ഇതുവരെ വിള്ളലുകള്‍ സൃഷ്ടിച്ചിട്ടില്ല. കുളം കലക്കി മീന്‍പിടിക്കാന്‍ തെഗാഡിയമാരും ശശികലമാരും വെള്ളാപ്പള്ളികളും നടത്തിയ ശ്രമങ്ങള്‍ തീരെ ഏശിയിരുന്നില്ല.
വര്‍ഗീയത ആളിക്കത്തിച്ച് ചില സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും നേടിയ വിജയം ബി ജെ പിക്ക് കേരളത്തില്‍ ഇതുവരെ നേടാനായതുമില്ല. ബി ജെ പിയും ആര്‍ എസ് എസുമായി അകലം പാലിക്കുന്നവരാണ് ന്യുനാല്‍ പക്ഷമൊഴിച്ചു മലയാളികളെല്ലാം. ഈ ഒരു സാഹചര്യത്തിലാണ് ബി ജെ പിയെ കേരള ജനത ഏറ്റെടുത്തു കഴിഞ്ഞുവെന്ന മട്ടിലുള്ള പ്രസ്താവനയുമായി ഉമ്മന്‍ ചാണ്ടി രംഗത്ത് വരുന്നത്.
രാഷ്ട്രീയ പ്രബുദ്ധര്‍ ഇതിലെ കുരുട്ടുബുദ്ധി മനസ്സിലാക്കുമെങ്കിലും ചില സാധാരണക്കാര്‍ വര്‍ഗിയ ഫാസിസ്റ്റുകളുടെ ഇല്ലാത്ത ഈ ബലത്തില്‍ വിശ്വാസമര്‍പ്പിക്കാനും താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്താനും ഇടയായെയെന്നു വരാം. ബി ജെ പിയുമായുള്ള മലയാളി മനസ്സുകളുടെ അകലം കുറയുകയായിരിക്കും ഫലം. സംസ്ഥാനത്ത് വര്‍ഗീയ ഫാസിസം ശക്തിപ്പെട്ടാല്‍ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും ഇഷ്ടപ്പെട്ട വേഷം ധരിച്ചും ജീവിച്ചുവരുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷം താറുമാറാകുമെന്നുറപ്പ്. ഇവിടെയും വെമുലമാരൂം കനയ്യമാരും സൃഷ്ടിക്കപ്പെടും. ഉമ്മന്‍ ചാണ്ടിക്ക് ഇത് നാല് വോട്ടിന്റെ പ്രശ്‌നമാണെങ്കില്‍ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും സാംസ്‌കാരികാസ്തിത്വത്തിന്റെയും നിലനില്‍പ്പിന്റെയും പ്രശ്‌നമാണ്. അരുത് ഉമ്മന്‍ ചാണ്ടീ അരുത്, ഇനിയും ഇത് ആവര്‍ത്തിക്കരുത്. കേരളത്തെ ഗുജറാത്തും മുസാഫര്‍പൂരുമാക്കാന്‍ അങ്ങ് കൂട്ടുനില്‍ക്കരുത്.