Palakkad
കല്ലാംകുഴി: പ്രതികള്‍ ലീഗുകാരല്ലെന്ന വാദം പൊളിയുന്നു
മണ്ണാര്‍ക്കാട്:കല്ലാംകുഴി ഇരട്ടകൊലപാതക കേസിലെ പ്രതികള്‍ ലീഗുകാരല്ലെന്ന മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെയും ശംസുദ്ദീന്‍ എം എല്‍ എയുടേയും വാദം പൊളിയുന്നു. കല്ലാംകുഴി പള്ളത്ത്‌വീട്ടില്‍ കുഞ്ഞു ഹംസുവിനേയും സഹോദരന്‍ നൂറുദ്ദീനെയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്ത ലീഗ് നേതൃത്വവും എം എല്‍ എയും പൊതുസമൂഹത്തില്‍ പ്രതിരോധത്തിലായതോടെയാണ് മുഖം രക്ഷിക്കാനായി വിഫലമായ ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഇവര്‍ ഉന്നയിക്കുന്ന വാദഗതികളും കള്ളത്തരങ്ങളും ഒന്നൊന്നായി പുറത്തുവരുന്നതാണ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലീഗിന് തിരിച്ചടിയാകുന്നത്.
നേരത്തെ പ്രതികളെ സഹായിച്ചില്ലെന്ന് പറഞ്ഞിരുന്ന എം എല്‍ എയും ലീഗും ഇപ്പോള്‍ ഇവര്‍ മുസ്‌ലിം ലീഗുകാരല്ലെന്നും പറയാന്‍ തുടങ്ങി. പ്രചാരണ പൊതുയോഗങ്ങളിലും കുടുംബ യോഗങ്ങളിലും കവല പ്രസംഗങ്ങളിലും ഇതു തന്നെയാണ് ആവര്‍ത്തിക്കുന്നത്. കല്ലാംകുഴിയിലും മണ്ണാര്‍ക്കാട് മണ്ഡലത്തിലും കോങ്ങാട് മണ്ഡലത്തിലും ലീഗ് നേതാക്കളെന്ന എല്ലാ പരിഗണനയും ഇവര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കെയാണ് നേതൃത്വത്തിന്റെ ഈ തമാശ. തങ്ങള്‍ പറയുന്നതെല്ലാം വോട്ടര്‍മാര്‍ വിശ്വസിക്കുമെന്ന അബദ്ധ ധാരണയില്‍ പറഞ്ഞു പരത്തുന്ന കളവുകളെല്ലാം തിരിച്ചടിക്കുന്നതാണ് മണ്ണാര്‍ക്കാട് കാണുന്നത്. പ്രതികളെല്ലാം മുസ്‌ലിം ലീഗിന്റെ നേതാക്കളും പ്രവര്‍ത്തകരുമാണെന്ന് തെളിയിക്കുന്നതാണ് 2015 ആഗസ്റ്റ് രണ്ടിന് കല്ലാംകുഴിയില്‍ നടന്ന ബൈത്തുറഹ്മ സമര്‍പ്പണ ചടങ്ങും ലീഗ് ഓഫീസ് ഉദ്ഘാടനവും. ഇരട്ടകൊലപാതക കേസില്‍ പ്രതികളായി ജാമ്യത്തില്‍ ഇറങ്ങിയവരായിരുന്നു പരിപാടിയുടെ മുഖ്യസംഘാടകരും നടത്തിപ്പുകാരുമെല്ലാം.
മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മന്ത്രി മഞ്ഞളാംകുഴി അലി, എന്‍ ശംസുദ്ദീന്‍ എം എല്‍ എ, അബ്ദുറഹ്മാന്‍ രണ്ടത്താണി എം എല്‍ എ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രതികള്‍ ആദ്യാവസാനം നിറഞ്ഞു നിന്നിരുന്നു. പരിപാടിയോടനുബന്ധിച്ച് “ഹരിത താരകം” എന്ന പേരില്‍ പ്രതികളുടെ ഫോട്ടോ വെച്ച് സപ്ലിമെന്റും പുറത്തിറക്കിയിട്ടുണ്ട്.
മുസ്‌ലിം ലീഗ് കല്ലാംകുഴി ശാഖാ കമ്മിറ്റി ഭാരവാഹികളായി ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികളുടേയും യൂത്ത് ലീഗ് കല്ലാംകുഴി ശാഖാ കമ്മിറ്റി ഭാരവാഹികളായി നാല് മുതല്‍ എട്ട് വരെ പ്രതികളുടെയും എസ് ടി യു കല്ലാംകുഴി ശാഖാ കമ്മിറ്റി ഭാരവാഹികളായി ഒമ്പത് മുതല്‍ പതിനൊന്ന് വരെ പ്രതികളുടേയും ചിത്രങ്ങള്‍ സപ്ലിമെന്റില്‍ ഇടംപിടിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടേയും നേതാക്കള്‍ കൊലപാതക കേസില്‍ തുല്യ പങ്കാളിത്തം വഹിച്ച് നാട്ടില്‍ വിലസുമ്പോഴാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നേരിടാനായി എം എല്‍ എയും പാര്‍ട്ടിയും കള്ളം പ്രചരിപ്പിക്കുന്നത്.
കല്ലാംകുഴി കൊലപാതകത്തില്‍ മുസ്‌ലിം ലീഗും എം എല്‍ എയും പ്രതിരോധത്തിലായതോടെ മറുതന്ത്രങ്ങളുമായി തുടക്കം മുതല്‍ തന്നെ ഇവര്‍ രംഗത്തെത്തിയിരുന്നു. പ്രതികളെ സഹായിച്ചില്ലെന്ന വാദമായിരുന്നു തുടക്കത്തില്‍ എം എല്‍ എ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇത് ഏശിയില്ലെന്ന് കണ്ടതോടെ 1998 ലെ സംഭവമുയര്‍ത്തിയായിരുന്നു പ്രതിരോധിക്കാനുള്ള ശ്രമം. 1998 ലെ സംഭവത്തില്‍ മരണപ്പെട്ട മുഹമ്മദിന്റെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു അടുത്ത വാദം. ഇതിനെതിരെ മുഹമ്മദിന്റെ കുടുംബം തന്നെ രംഗത്തെത്തുകയും പോലീസ് രേഖകള്‍ തന്നെ ലീഗിന് എതിരാവുകയും ചെയ്തതോടെയാണ് പ്രതികള്‍ ലീഗുകാരല്ലെന്ന പ്രചാരണം പുറത്തെടുത്തത്. ഈ നുണക്കഥയും പൊളിഞ്ഞതോടെ മണ്ണാര്‍ക്കാട് പ്രതിരോധിക്കാനാകാതെ വിയര്‍ക്കുകയാണ് ലീഗും എം എല്‍ എയും.