Connect with us

Palakkad

കല്ലാം കുഴി: ഞങ്ങള്‍ ഇനി എന്തു ചെയ്യും, എവിടെ പോയി ജീവിക്കും...

Published

|

Last Updated

മൊയ്തുണ്ണി ഹാജി

മണ്ണാര്‍ക്കാട് :നിരവധി തവണ ആക്രമണം, വീട്ടില്‍ കയറി തെറിവിളി, ബൈക്ക് ഇടിച്ച് തെറിപ്പിച്ച് കൊല്ലാന്‍ ശ്രമം, പിറന്ന നാട്ടില്‍ ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ, നാട്ടില്‍ ഒറ്റപ്പെടുത്തി ഒതുക്കാനുള്ള ശ്രമം………… ഞങ്ങള്‍ ഇനി എന്തു ചെയ്യും, എവിടെ പോയി ജീവിക്കും.

പള്ളിയിലെത്തി സുജൂദ് ചെയ്യാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല. തച്ചിങ്ങല്‍ മൊയ്തുണ്ണി ഹാജിയുടെ കണ്ണീരിന് ഈ ഗ്രാമത്തില്‍ ഒരു വിലയുമില്ല. ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തെ കുറിച്ചല്ല മൊയ്തുണ്ണി ഹാജി പറയുന്നത്. മുസ്‌ലിം ലീഗിന്റെ മേല്‍വിലാസത്തില്‍ ഗുണ്ടാരാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയ കല്ലാംകുഴിയിലാണ് മൊയ്തുണ്ണി ഹാജി വേദന തിന്നു കഴിയുന്നത്. പിറന്ന നാട്ടില്‍ അഭയാര്‍ത്ഥികളെ പോലെ കഴിയേണ്ടി വരുന്ന അവസ്ഥ.

2013 നവംബര്‍ 20 ന് കല്ലാംകുഴിയില്‍ സഹോദരങ്ങളായ പള്ളത്ത് വീട്ടീല്‍ കുഞ്ഞുഹംസുവും നൂറൂദ്ദീനും ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സാക്ഷിയായതാണ് മൊയ്തുണ്ണി ഹാജി ഇവരോട് ചെയ്ത തെറ്റ്. സാക്ഷി പറയാന്‍ കോടതിയിലെത്തിയാല്‍ പിന്നെ ജീവിച്ചിരിക്കില്ല എന്നാണ് ഭീഷണി. പ്രതികളായ ലീഗുകാരുടെ ആക്രമണവും ഭീഷണിയും നിരവധി തവണ നേരിടേണ്ടി വന്നിട്ടുണ്ട് മൊയ്തുണ്ണി ഹാജിയുടെ കുടുംബം. പോലീസില്‍ കേസ് കൊടുത്തു മടങ്ങുന്നതല്ലാതെ ഒരു നീതിയും ഇതുവരെ ലഭിച്ചില്ല.

പരാതി പറയാന്‍ സ്റ്റേഷനിലെത്തിയാല്‍ അന്ന് രാത്രി മറ്റൊരു ഭീഷണിയാകും ഫലം. പ്രതികളെ പേടിച്ച് കല്ലാംകുഴി പള്ളിയില്‍ പോലും മൊയ്തുണ്ണി ഹാജി പോവാറില്ല. സംഭവത്തിന് ശേഷം കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള തുറക്കല്‍ പടി പള്ളിയെയാണ് മൊയ്തുണ്ണി ഹാജി നിസ്‌കാരത്തിന് ആശ്രയിക്കുന്നത്. ഇവിടെ നിന്ന് വരുന്ന വഴിയും മൊയ്തുണ്ണി ഹാജിയും അനിയന്‍ ഹസ്സനും ആക്രമണം നേരിടുന്ന സാഹചര്യമുണ്ടായി. പിടിച്ചു നില്‍ക്കാനാവാതെ കുടുംബത്തെപോലും ഉപേക്ഷിച്ച് അനിയന്‍ ഹസ്സന്‍ നാടു വിട്ടു. എല്ലാം ക്ഷമിച്ചും സഹിച്ചും പിടിച്ചു നില്‍ക്കുകയാണിവിടെ. അവരുടെ ഖബറിന് തൊട്ടടുത്ത് എനിക്കും കിടക്കണം, ഈ ഒരു ആഗ്രഹമാണ് മൊയ്തുണ്ണി ഹാജിയെ കല്ലാംകുഴിയില്‍ പിടിച്ചു നിര്‍ത്തുന്നത്.

പള്ളത്ത് വീട്ടിലെ സഹോദരങ്ങള്‍ കൊല്ലപ്പെട്ട അടുത്ത രാത്രി മുതല്‍ മൊയ്തുണ്ണി ഹാജിയുടേയും ജീവന് ഭീഷണിയുണ്ട്. മരണപ്പെട്ടതിന്റെ തൊട്ടടുത്ത വെള്ളിയാഴ്ച കുഞ്ഞുഹംസുവിന്റെയും നൂറൂദ്ദീന്റെയും ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തുന്നത് പോലും തടയാന്‍ അവര്‍ ശ്രമം നടത്തി. പോലീസ് കാവലിലാണ് അന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത്. മഹല്ലില്‍ ആരു മരണപ്പെട്ടാലും പള്ളിയില്‍ വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നത് പതിവാണ്. കുഞ്ഞുഹംസുവിന്റെയും നൂറൂദ്ദീന്റെയും കാര്യത്തില്‍ അതുമുണ്ടായി. ഞങ്ങള്‍ പറഞിട്ടും ലീഗുകാര്‍ സമ്മതിച്ചില്ല…. കണ്ണീരൊഴുക്കിയുള്ള മൊയ്തുണ്ണി ഹാജിയുടെ വാക്കുകള്‍ നിസ്സഹായരായ കുറെ മനുഷ്യരുടെ വേദനയാണ്.

രണ്ടു മനുഷ്യരെ വെട്ടിനുറുക്കിയ പ്രതികള്‍ എല്ലാ സുഖസൗകര്യങ്ങളോടെയും നാട്ടില്‍ വിലസുമ്പോഴാണ് കുറെ പാവങ്ങള്‍ സ്വന്തം നാട്ടില്‍ ഭയപ്പാടോടെ അന്തിയുറങ്ങുന്നത്. നാട്ടില്‍ ആരും ലീഗുകാരെ കുറിച്ച് പറയരുത്, പ്രതികളെ കുറിച്ച് മിണ്ടരുത്, ഇതാണ് കല്ലാംകുഴിയുടെ നിയമം. ഒരുപക്ഷേ കേരളത്തില്‍ ഇതുപോലെ ഒരു ഗ്രാമത്തെ കുറിച്ച് കേട്ടുകേള്‍വി പോലുമുണ്ടാവില്ല. പ്രതികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുന്നതില്‍ പോലീസും നിസ്സഹായരാണ്.

പ്രതികള്‍ക്ക് വിലങ്ങിടേണ്ട ഇവരുടെ കൈകളില്‍ ഭരണസ്വാധീനത്തിന്റെ തിട്ടൂരത്തില്‍ അവര്‍ വിലങ്ങിട്ടിരിക്കുന്നു. ആക്രമിക്കപ്പെട്ടതിന് പരാതി പറഞ്ഞ സാക്ഷികള്‍ ആഴ്ചയില്‍ രണ്ടു ദിവസം ഡി വൈ എസ് പി ഓഫീസിലെത്തി ഒപ്പിടണം, എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് വിദേശത്തേക്ക് വിനോദ യാത്രക്ക് പോകുന്നതിന് പോലും തടസ്സമില്ല. ഇതാണ് കല്ലാംകുഴിയിലെ നീതി. ലീഗ് നേതൃത്വവും എം എല്‍ എയും രാഷ്ട്രീയമായ തണലൊരുക്കുമ്പോള്‍ പ്രതികള്‍ അട്ടഹാസവുമായി നാടു ചുറ്റുന്നു, ഇരകള്‍ വീണ്ടും വേട്ടയാടപ്പെടുന്നു. മനുഷ്യാവകാശത്തെ കുറിച്ചും നീതിയെ കുറിച്ചുമൊക്കെ വലിയ വായില്‍ സംസാരിക്കുന്നവര്‍ ഈ പാവങ്ങളുടെ വേദന കണ്ടില്ലെങ്കില്‍ കല്ലാംകുഴി കേരളത്തിന് തന്നെ അപമാനമായി മാറും.