Ongoing News
പരിഭാഷകരുണ്ടോ, നേതാവിനൊന്ന് പ്രസംഗിക്കണം
കോട്ടക്കല്‍ : കേരളത്തിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന ദേശീയ നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നവര്‍ക്ക് സംഭവിക്കുന്ന പിഴ പാരയാകുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാമുള്ള പ്രസംഗങ്ങള്‍ കൃത്യമായി പരിഭാഷപ്പെടുത്തുന്നതിലാണ് പിശക് സംഭവിക്കുന്നത്. മിക്ക പാര്‍ട്ടികളുടെയും ദേശീയ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥനത്ത് എത്തുന്നുണ്ട്. ഇവരുടെ പരിഭാഷകരാണ് കേള്‍വിക്കാരെയും പ്രഭാഷകരെയും വലക്കുന്നത്. നേതാക്കള്‍ പറയുന്നതിന്റെ ശരിയായ അര്‍ഥം പറയാന്‍ കഴിയാതെ വരുന്നതാണ് പ്രശ്‌നം.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമേറ്റ് ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ ബി ജെ പി സംസ്ഥാന സമിതി അംഗം കെ സുരേന്ദ്രന് സംഭവിച്ച പിഴവ് കേരളം ടെലിവിഷനിലൂടെ നേരിട്ട് കണ്ടു. പ്രസംഗത്തിനിടയില്‍ പരിഭാഷകനെ മാറ്റുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ സുരേന്ദ്രനും ബി ജെ പിയും ഏറെ വിമര്‍ശിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് വന്നതോടെ ഇത്തരം സംഭവങ്ങള്‍ വ്യാപകമായി. പരിഭാഷകരെ കിട്ടാത്ത സാഹചര്യത്തില്‍ ഉള്ളവരെ കൊണ്ട് പരിഭാഷപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇവര്‍ക്കാണ് എട്ടിന്റെ പണി കിട്ടുന്നത്.
കഴിഞ്ഞ ദിവസം വെങ്കയ്യ നായിഡു കോട്ടക്കലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴും പരിഭാഷകന് വാക്ക് പിഴച്ചു. പല തവണയാണ് ഇതാവര്‍ത്തിച്ചത്. കണക്കുകള്‍ പോലും തെറ്റായി പറഞ്ഞു. ബി ജെ പി ജില്ലാ നേതാവ് എം പ്രേമനാണ് നായിഡുവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നത്. വൃന്ദാകാരാട്ടിന്റെ പ്രസംഗവും പരിഭാഷകന്റെ ഭാഷയുമാണ് ഏറ്റവും ഒടുവിലത്തേത്. മുന്‍ കാലങ്ങളില്‍ മുസ്്‌ലിം ലീഗ്, സി പി എം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതാക്കളായിരുന്നു കേരളത്തില്‍ പതിവായി എത്തിയിരുന്നത്. ഇവരുടെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിനായി സ്ഥിരം ആളുകളുണ്ടായിരുന്നു. പരിഭാഷകരുടെ ഒഴിവു നോക്കിയായിരുന്നു പലപ്പോഴും നേതാക്കള്‍ കേരളത്തില്‍ എത്തിയിരുന്നത് തന്നെ. മുസ്്‌ലിം ലീഗ് നേതാക്കളായിരുന്ന ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, ജി എം ബനാത്ത് വാല എന്നിവര്‍ക്കായിരുന്നു പരിഭാഷകരെ ആവശ്യമായിരുന്നത്. അബ്ദുസ്സമദ് സമദാനിയായിരുന്നു ഇവരുടെ പരിഭാഷകന്‍. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുടെ പ്രസംഗവും ഇദ്ദേഹം തന്നെയാണ് ഭാഷാന്തരം ചെയ്തിരുന്നത്. ഇടത് പക്ഷത്തിനായി പാലക്കാട് എം പി. എം ബി രാജേഷാണ് രംഗത്തുണ്ടായിരുന്നത്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കള്‍ മലബാറിലെത്തുമ്പോള്‍ ഇദ്ദേഹമാണ് പരിഭാഷകനായി ഉണ്ടാവുക. തെക്കന്‍ മേഖലയില്‍ സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയായ പി രാജീവാണുണ്ടാകുക. പക്ഷേ ഇവരാരും പ്രസംഗങ്ങള്‍ തെറ്റിച്ചിരുന്നില്ല. ഇതുകൊണ്ട് തന്നെ ദേശീയ നേതാക്കള്‍ക്ക് അവരുടെ ആശയങ്ങള്‍ ശ്രോതാക്കള്‍ക്ക് മുമ്പില്‍ വ്യക്തമായി അവതരിപ്പിക്കാനായിരുന്നു. ബി ജെ പിയാണ് പരിഭാഷകരുടെ ദാരിദ്ര്യം കൂടുതല്‍ അനുഭവിക്കുന്നത്. പലപ്പോഴും നേതാക്കള്‍ പറയുന്നതിന് വിരുദ്ധമായ പലതും ഇവര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു.