Articles
ഓര്‍മിക്കേണ്ട ഒരു നിവേദനം
എന്റെ തിരഞ്ഞെടുപ്പ് പരിപാടികള്‍ ആരംഭിച്ചത് മഞ്ചേശ്വത്തു നിന്നാണ്. അവിടെ കുട്ടികളാരും വന്ന് എന്നെ മുത്തമിടുകയുണ്ടായില്ല. എന്നാല്‍ രണ്ട് കാലിനും സ്വാധീനമില്ലാത്ത, ഉദുമ സ്വദേശി വേണുഗോപാലന്‍ നിരങ്ങി വന്ന് എന്നോട് സങ്കടം പറയുകയുണ്ടായി. തനിക്ക് ലഭിച്ചുകൊണ്ടിരുന്ന വികലാംഗ പെന്‍ഷന്‍ പത്ത് മാസമായി ലഭിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കടത്തിന്റെ കാതല്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണക്കുകള്‍ നിരത്തി, താന്‍ വിതരണം ചെയ്ത ക്ഷേമ പെന്‍ഷനുകളെക്കുറിച്ച് വാചാടോപം നടത്തിയത് വായിച്ചപ്പോള്‍ ഈ സംഭവം ഓര്‍ത്തു എന്നു മാത്രം. ഇത് വേണുഗോപാലന്റെ ഒറ്റപ്പെട്ട പരിദേവനമല്ല. സംഖ്യകള്‍കൊണ്ട് കസര്‍ത്തു കാട്ടുന്ന മുഖ്യമന്ത്രി പറയണം, കഴിഞ്ഞ ആറ് മാസമായി പെന്‍ഷനുകള്‍ മുടങ്ങിക്കിടക്കുന്ന എത്രപേര്‍ കേരളത്തിലുണ്ടെന്ന്. അത് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. പറഞ്ഞാല്‍ പെന്‍ഷന്‍ മുടങ്ങിയവര്‍ നാളെ സാക്ഷ്യവുമായി രംഗത്തുവരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നോ കാരുണ്യ ഫണ്ടില്‍നിന്നോ ചെലവഴിച്ച തുകയുടെ പട്ടിക പ്രസിദ്ധീകരിച്ചാല്‍ അഞ്ച് വര്‍ഷത്തെ ഭരണവൈകൃതങ്ങള്‍ മൂടിവെക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. അതല്ല, ഭരണകാര്യത്തില്‍ യു ഡി എഫും എല്‍ ഡി എഫും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്.
2006ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന്റെ മുമ്പുള്ള അഞ്ച് വര്‍ഷം കേരളത്തില്‍ എത്ര കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്? ഞങ്ങള്‍ അധികാരത്തിലിരുന്ന അഞ്ച് വര്‍ഷക്കാലത്ത് എത്ര കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്? അന്നത്തെ മാധ്യമങ്ങളില്‍ നിത്യവും വന്നുകൊണ്ടിരുന്ന ഒരു പ്രധാന വാര്‍ത്ത കര്‍ഷക ആത്മഹത്യകളായിരുന്നുവെന്ന കാര്യം ഇത് വായിക്കുന്നവരെല്ലാം ഓര്‍ക്കുന്നുണ്ടാകും. തുടര്‍ന്നു വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. കടങ്ങള്‍ എഴുതിത്തള്ളി. നെല്ലിന് താങ്ങുവില വര്‍ധിപ്പിച്ചു. വീണ്ടും ഈ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകരുടെ കഷ്ടകാലവും ആരംഭിച്ചു. വീണ്ടും കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത് തലപൊക്കിയിരിക്കുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഏതെങ്കിലും പരീക്ഷാ നടത്തിപ്പ് അലങ്കോലപ്പെട്ടിരുന്നോ? ഉമ്മന്‍ചാണ്ടി യുടെ ഭരണകാലത്ത്, അത് ഇപ്പോഴത്തേതാകട്ടെ, അതിനു മുമ്പത്തേതാകട്ടെ, പരീക്ഷ അലങ്കോലപ്പെടാത്ത വര്‍ഷം ഏതാണ്? വിദ്യാഭ്യാസരംഗം മൈക്രോസോഫ്റ്റ് പോലുള്ള കുത്തകകള്‍ക്ക് തീറെഴു താനും അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചു. പത്താംതരം ഐ ടി പരീക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ കൃത്രിമങ്ങള്‍ അന്ന് നടന്നു. അഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി പന്താടിക്കൊണ്ട് എസ് എസ് എല്‍ സി പരീക്ഷയുടെ വിശ്വാസ്യത തകര്‍ത്ത പ്രമാണിമാരെ സര്‍ക്കാര്‍തന്നെ സംരക്ഷിച്ചു. തുടര്‍ന്ന് വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ പത്താംതരം പരീക്ഷയുടെ വിശ്വാസ്യത വീെണ്ടടുത്തു. ഐ ടി വിദ്യാഭ്യാസം പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ് വെയറില്‍ അധിഷ്ഠിതമാക്കി. വിദ്യാഭ്യാസക്കച്ചവടത്തിന് അറുതിവരുത്തി. ഈ സര്‍ക്കാര്‍ അതെല്ലാം വീണ്ടും അലങ്കോലപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പത്താംതരം പരീക്ഷയുടെ ഫലം പല തവണ തിരുത്തേണ്ടി വന്നത് നാണക്കേടുണ്ടാക്കി. വിദ്യാഭ്യാസത്തെക്കുറിച്ചെന്തേ ഉമ്മന്‍ചാണ്ടി മൗനം പാലിക്കുന്നു? ആദിവാസികള്‍ക്ക് വിതരണം ചെയ്യാമായിരുന്ന സര്‍ക്കാര്‍ ഭൂമി എത്രയേക്കര്‍ സ്വന്തക്കാര്‍ക്ക് പതിച്ചുനല്‍കി എന്നതിന്റെ കണക്ക് ജനങ്ങള്‍ക്കറിയാം. അതില്‍ കോടതികള്‍ എന്തെല്ലാം പരാമര്‍ശങ്ങള്‍ സര്‍ക്കാറിനെതിരെ നടത്തി എന്നും ജനങ്ങള്‍ക്കറിയാം. എന്നാല്‍, ഉമ്മന്‍ചാണ്ടി വെക്കേണ്ടി യിരുന്ന കണക്ക് അതല്ല. ദളിതര്‍ക്കും ആദിവാ സികള്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്ത് ചെയ്തു? എത്ര ആദിവാസികള്‍ക്ക്, എത്രയേക്കര്‍ ഭൂമി നല്‍കി? ഒരു തുണ്ട് ഭൂമിക്കുവേണ്ടി പോരാട്ടം നടത്തിയ ആദിവാസികള്‍ക്കെതിരെ വെടിയുതിര്‍ത്ത ആന്റണി സര്‍ക്കാറിന്റെ നയത്തില്‍നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാറുകള്‍ എന്ത് മാറ്റമാണ് വരുത്തിയത്? 2006ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ അമ്പതിനായിരം പേര്‍ക്ക് വീടുവെക്കാന്‍ ഭൂമി നല്‍കി. വീടില്ലാത്ത വര്‍ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കി. ഈ സര്‍ക്കാര്‍ എത്ര പേര്‍ക്ക് ഭൂമിയും വീടും നല്‍കി എന്ന കണക്കുകൂടി പറയേണ്ടതായിരുന്നില്ലേ? യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര ഏക്കര്‍ സര്‍ക്കാര്‍ഭൂമി എവിടെ യെല്ലാം തിരിച്ചുപിടിച്ചു എന്ന കണക്കുകൂടി വെക്കാമോ? കേസുകള്‍ തോറ്റുകൊടുക്കുന്ന തിരക്കില്‍ അവിടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന റിസോര്‍ട്ടുകളുടെ റിപ്പോര്‍ട്ടുകള്‍ ഉമ്മന്‍ചാണ്ടി കണ്ടിട്ടുണ്ടോ എന്നറിയില്ല. പതിനഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ യു ഡി എഫ് സര്‍ക്കാര്‍ നിയമനനിരോധം കൊണ്ടു വന്നത് ഓര്‍മയുണ്ട്്. ഈ സര്‍ക്കാര്‍ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി എന്ന കണക്കും ഉമ്മന്‍ചാണ്ടി തന്നെ പറയു ന്നത് നന്നായിരിക്കും. സര്‍ക്കാറിന്റെ കൈയില്‍ കണക്കുകള്‍ കൃത്യമായി ഉണ്ടാ വുമല്ലോ. പി എസ് സി വഴി എത്രപേര്‍ക്കാണ് അഞ്ച് വര്‍ഷംകൊണ്ട് തൊഴില്‍ നല്‍കിയത് എന്നറിയാന്‍ യുവാക്കള്‍ക്ക് താല്‍പ്പര്യമുണ്ടാവുമല്ലോ. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പൂട്ടിക്കിടന്ന, 39 വ്യവസായസ്ഥാ പനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചു. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ ലിസ്റ്റ് കണ്ടില്ല. ലാഭത്തിന്റെ കണക്കും കാണുന്നില്ല. അതുകൂടി വ്യക്തമാക്കിയാല്‍ രണ്ട് സര്‍ക്കാറുകളും തമ്മിലുള്ള താരതമ്യം കുറെക്കൂടി വ്യക്തമാവുമായിരുന്നു. അന്യസംസ്ഥാന ലോട്ടറി മാഫിയയെ തുരത്തിയത് താനാണെന്ന് ഗീര്‍വാണമടിച്ചതുകൊണ്ടായില്ല. അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി മനു അഭിഷേക് സിംഗവിയും നളിനി ചിദംബരവുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എത്ര തവണ ഹൈക്കോടതിയില്‍ വാദിച്ചിട്ടുണ്ട് എന്ന കണക്ക് ഉമ്മന്‍ചാണ്ടി ഓര്‍ക്കുന്നില്ലെങ്കിലും ജനങ്ങള്‍ ഓര്‍ക്കുന്നുണ്ട്.
മുന്‍ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ദുബൈ കമ്പനിക്ക് കൈമാറാന്‍ നിശ്ചയിച്ച ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കാതെ സ്മാര്‍ട്‌സിറ്റി കരാര്‍ പുതുക്കിയെഴുതിയത് എല്‍ ഡി എഫ് സര്‍ക്കാറാണ്. ആ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനം നടത്തിയ ശേഷമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്‍ഫോപാര്‍ക്കില്‍ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്? എല്‍ ഡി എഫ് സര്‍ക്കാര്‍ ആരംഭിച്ചതല്ലാതെ, യു ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ ആരംഭിച്ച ഒരു ഐ ടി പാര്‍ക്കിന്റെ പേര് പറയാമോ? ഉണ്ടാക്കുന്നതിനു മുമ്പേ ഉദ്ഘാടനം നടത്തുന്ന കൂട്ടത്തില്‍ സ്മാര്‍ട് സിറ്റിയുടെയും ഉദ്ഘാടനം നടത്തി പിരിഞ്ഞല്ലോ. അവിടെ പ്രവര്‍ത്തിക്കുന്ന ഐ ടി കമ്പനികളുടെ ലിസ്റ്റ് കൂടി കേരളത്തിലെ യുവാക്കളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നത് നന്നായിരിക്കും.
ഈ സര്‍ക്കാര്‍ വന്ന ശേഷം കൃഷി‘ഭൂമിയുടെ വിസ്തൃതിയില്‍ വന്ന വര്‍ധനവ് എത്രയാണെന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാന്‍ കഴിയുമോ? വനവിസ്തൃതിയുടെ കാര്യമോ? ഈ സര്‍ക്കാര്‍ അനുമതി കൊടുത്ത ക്വാറികളുടെ കണക്ക് വെക്കാമോ? ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മദ്യവില്‍പ്പന നിരോധിച്ചിരിക്കുന്നു എന്ന മട്ടിലാണ് യു ഡി എഫ് പ്രചാരണം. വാസ്തവത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തതെന്താണ്? മദ്യം വില്‍ക്കാനുള്ള ചില സ്ഥലങ്ങള്‍ വേണ്ടെന്നുവെക്കുക മാത്രമാണ് ചെയ്തത്. ബാറുകള്‍ പൂട്ടുന്നതിനും, പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനും, തുറന്ന ബാറുകള്‍ വീണ്ടും പൂട്ടുന്നതിനും കൈക്കൂലി വാങ്ങാനുള്ള തന്ത്രം മാത്രമായിരുന്നോ, ഈ സര്‍ക്കാറിന്റെ മദ്യനിരോധ നാടകം?
അദാനിക്ക് തീറെഴുതിയ വിഴിഞ്ഞം പദ്ധതിയും, കൊച്ചി നഗരത്തില്‍ അസ്ഥികൂടം പോലെ നില്‍ക്കുന്ന മെട്രോയും ഇതുവരെ ഒറ്റ വിമാനംപോലും ഇറങ്ങിയിട്ടില്ലാത്ത കണ്ണൂര്‍ വിമാനത്താവളവും, ഒരന്താരാഷ്ട്ര ഐ ടി കമ്പനി പോലും വന്നിട്ടില്ലാത്ത സ്മാര്‍ട്‌സിറ്റിയും തറക്കല്ലല്ലാതെ ഒരിഷ്ടിക പോലും വെക്കാത്ത കോച്ച് ഫാക്റ്ററിയുമെല്ലാം ഉദ്ഘാടനം നടത്തി സ്വസ്ഥമായിരിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് എല്ലാ കുംഭകോണങ്ങള്‍ക്കും അഴിമതികള്‍ക്കും ശേഷം, തിരഞ്ഞെടുപ്പിനെ നേരിടാന്‍ കൈയില്‍ ആയുധമില്ലാതാകുമ്പോള്‍ ദുരിതാശ്വാസനിധിയില്‍നിന്ന് കാരുണ്യം ചൊരിഞ്ഞതിന്റെ പട്ടിക പ്രസിദ്ധപ്പെടുത്തി രക്ഷപ്പെടാമെന്ന വ്യാമോഹം നല്ലതുതന്നെ. പക്ഷെ, ജനങ്ങള്‍ വിഡ്ഢികളല്ല എന്നുകൂടി ഓര്‍ക്കുന്നത് നന്ന്.