Ongoing News
ഉടുമ്പഞ്ചോലയിലെ പള്ളി മണികള്‍ ആര്‍ക്ക് വേണ്ടി മുഴങ്ങും..?
തൊടുപുഴ;പളളി മണികള്‍ ആര്‍ക്കു വേണ്ടി മുഴങ്ങും എന്നതനുസരിച്ചിരിക്കും ഉടുമ്പഞ്ചോലയിലെ മത്സരഫലം. മൂന്ന് മുന്നണികളും മത്സരിപ്പിക്കുന്നത് ഈഴവ സ്ഥാനാര്‍ഥികളെയാണ്. അതുകൊണ്ടു തന്നെ ക്രിസ്്ത്യന്‍, മുസ്‌ലിം വോട്ടുകളുടെ ചായ്‌വായിരിക്കും ഇവിടെ വിധി നിര്‍ണയിക്കുക. മൂന്ന് കൂട്ടരും രംഗത്തിറക്കിയിരിക്കുന്നത് ചില്ലറക്കാരെയല്ല. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എം മണി. കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് പ്രസിഡന്റ് സേനാപതി വേണു, എസ് എന്‍ ഡി പി താലൂക്ക് യൂനിയന്‍ പ്രസിഡന്റ് സജി പറമ്പത്ത് എന്നിവരാണ് ഇവിടെ കൊമ്പുകോര്‍ക്കുന്നത്.
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലം. മണ്ഡലം മുഴുവനായും പരിസ്ഥിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രതിഷേധം കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടാകുകയും ചെയ്തു. എല്‍ ഡി എഫിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 22692 വോട്ടുകളുടെ ഭൂരിപക്ഷം. പക്ഷേഎസ് എന്‍ ഡി പി – ബി ജെ പി സഖ്യം അവതരിച്ച കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥിതി മാറി. രണ്ട് സി പി എം പഞ്ചായത്തുകള്‍ ഈ സഖ്യത്തിന്റെ ഇഫക്ടിലാണ് യു ഡി എഫ് പിടിച്ചെടുത്തത്.
ഇതുവരെ നടന്ന 12 തിരഞ്ഞെടുപ്പില്‍ ആറ് തവണ വീതം യു ഡി എഫും എല്‍ ഡി എഫും ജയിച്ചു. കഴിഞ്ഞ മൂന്നുതവണയായി വിജയം എല്‍ ഡി എഫിനൊപ്പമാണ്.1965ലാണ് സ്വതന്ത്ര മണ്ഡലമായത്. ആദ്യ തിരഞ്ഞെടുപ്പില്‍ സി പി ഐയിലെ കെ ടി ജേക്കബിനായിരുന്നു വിജയം. കേരള കോണ്‍ഗ്രസിലെ എം. മാത്തച്ചനെ 1747 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.1967 ലും ഇതേ സ്ഥാനാര്‍ഥികള്‍ തന്നെയായിരുന്നു രംഗത്ത്. പക്ഷേ ഇക്കുറി ജേക്കബ്ബിന്റെ ഭൂരിപക്ഷം കൂടി-9064. എന്നാല്‍ 1970ല്‍ കേരള കോണ്‍ഗ്രസിലെ വി ടി സെബാസ്റ്റിയന്‍ മണ്ഡലം തിരിച്ചുപിടിച്ചു. സി പി എമ്മിലെ വി വിക്രമനാണ് 5621 വോട്ടുകള്‍ക്ക് തോറ്റത്. 1977ല്‍ തോമസ് ജോസഫിനെയാണ് കേരള കോണ്‍ഗ്രസ് അവതരിപ്പിച്ചത്. 8240 വോട്ടുകള്‍ക്ക് സി പി എമ്മിലെ എം ജിനദേവന്‍ പരാജയപ്പെട്ടു.
1980ല്‍ മാണി ഗ്രൂപ്പിന്റെ പ്രതിനിധിയായും തോമസ് ജോസഫ് വിജയിച്ചു. 5387 വോട്ടുകള്‍ക്ക്. ഇത്തവണ തോറ്റത് എസ് ആര്‍ പി യിലെ പച്ചടി ശ്രീധരന്‍. 1982ല്‍ സി പി എമ്മിലെ ജിനദേവന്‍ മണ്ഡലം തിരിച്ചുപിടിച്ചു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ വി ടി സെബാസ്റ്റ്യനാണ് 1193 വോട്ടുകള്‍ക്ക് തോല്‍വിയേറ്റു വാങ്ങിയത്. എന്നാല്‍ 1987ല്‍ യു ഡി എഫ് മണ്ഡലം വീണ്ടും കൈക്കലാക്കി. മാണി ഗ്രൂപ്പിലെ മാത്യു സ്റ്റീഫന്‍ തിരഞ്ഞെടുക്കപ്പെട്ടു.സിറ്റിംഗ് എം എല്‍ എ ജിനദേവന്‍ തോറ്റത് 4940 വോട്ടിനായിരുന്നു.1991ല്‍ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്തു. ഇ എം ആഗസ്തിയിലൂടെ(3374) അവര്‍ ഉടുമ്പഞ്ചോല നിലനിര്‍ത്തി. മൂന്നാം വട്ടവും തോല്‍വി ഏറ്റുവാങ്ങാനായിരുന്നു ജിനദേവന്റെ വിധി. 1996ലും ആഗസ്തി വിജയം ആവര്‍ത്തിച്ചു. ഇത്തവണ തോറ്റത് എം എം മണിയാണ്-4667 വോട്ടുകള്‍ക്ക്.
എന്നാല്‍ 2001 മുതല്‍ കാറ്റ് ഇടത്തോട്ട് വീശി. സി പി എമ്മിലെ കെ കെ ജയചന്ദ്രന്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ മാത്യു സ്റ്റീഫനെ 8841 വോട്ടുകള്‍ക്ക് മലര്‍ത്തിയടിച്ചു. 2006ല്‍ ജയചന്ദ്രന്‍ ലീഡ് കുത്തനെ കൂട്ടി-19648. തോറ്റത് ഡി ഐ സി സ്ഥാനാര്‍ഥി ഇബ്‌റാഹിംകുട്ടി കല്ലാറായിരുന്നു. 2011ല്‍ കോണ്‍ഗ്രസ് ചങ്ങനാശ്ശേരിയില്‍നിന്നുള്ള യുവനേതാവ് ജോസി സെബാസ്റ്റിയനെ അവതരിപ്പിച്ചെങ്കിലും ജയചന്ദ്രനെ തടയാനായില്ല. 9833 വോട്ടുകള്‍ക്ക് ജയചന്ദ്രന്‍ വീണ്ടും ഉടുമ്പഞ്ചോലയുടെ പ്രതിനിധിയായി. ഇക്കുറി ജയചന്ദ്രന്‍ ജില്ലാ സെക്രട്ടറിയായതോടെ ജനഹിതം തേടാനുളള നറുക്കു ഒരിക്കല്‍ കൂടി എം എം മണിക്ക് വീണു.
കത്തോലിക്കാ സഭയുടെ മാനസ സന്താനമായ ഹൈറേഞ്ച് സംരക്ഷണ സമിതി പ്രത്യക്ഷത്തില്‍ യു ഡി എഫിന് എതിരെ രംഗത്തു വന്നതാണ് മണിയാശാന് പ്രതീക്ഷ പകരുന്നത്. ക്രിസ്ത്യന്‍ വോട്ടുകള്‍ അരിവാള്‍ ചുറ്റികയില്‍ വീഴാനുളള സാധ്യത ഇതോടെ തെളിഞ്ഞു. അതേ സമയം പരമ്പരാഗത ഈഴവവോട്ടുകള്‍ ബി ഡി ജെ എസിലേക്ക് ഒഴുകിയാല്‍ സ്ഥിതി മാറും. അത് യു ഡി എഫിന്റെ സാധ്യത വര്‍ധിപ്പിക്കും. അതാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടത്. സി പി എം. കോട്ടകളും ഈഴവ കേന്ദ്രങ്ങളുമായ സേനാപതി, രാജകുമാരി പഞ്ചായത്തുകള്‍ യു ഡി എഫ് കൊണ്ടു പോയി. 1996 മുതല്‍ ബി ജെ പി. ഇവിടെ മത്സരിക്കുന്നു. 96ല്‍ 2333ഉം 2001ല്‍ 3659ഉം 2006ല്‍ 4185ഉം 2011ല്‍ 3836 വോട്ടുമാണ് പാര്‍ട്ടിക്ക് കിട്ടിയത്. വോട്ടര്‍മാരുടെ എണ്ണം 166519.