Kerala
ലിബിയയില്‍ കുടുങ്ങിയ 18 മലയാളികള്‍ തിരിച്ചെത്തി
കൊച്ചി: ലിബിയയില്‍ കുടങ്ങിയ18 മലയാളികള്‍ തിരിച്ചെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവരെ ബന്ധുക്കള്‍ സ്വീകരിച്ചു. രാവിലെ 8.30 ഓടെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഇവരില്‍ 11 പേര്‍ കുട്ടികളാണ്. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവരെത്തിയത്.
സംഘത്തിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് നോര്‍ക്ക 2000 രൂപവീതം ധനസഹായം നല്‍കി. ലിബിയയില്‍ എത്തിയവരെ സ്വീകരിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി നോര്‍ക്ക റൂട്ട് ഹെല്‍പ് ഡസ്‌ക് തുറന്നിരുന്നു. സ്വന്തമായി വിമാനടിക്കറ്റ് എടുത്തവര്‍ക്ക് ടിക്കറ്റിന്റെ പണം നല്‍കുമെന്നും, സാങ്കേതിക തകരാറുമൂലമാണ് ടിക്കറ്റ് നല്‍കാന്‍ കഴിയാതിരുന്നതെന്നും നോര്‍ക്ക വ്യക്തമാക്കി.
കൃത്യമായി ആഹാരവും വെള്ളവും ലഭിക്കാതെ കഴിഞ്ഞിരുന്ന ഇവര്‍ 47 ദിവസമായി ദുരിതത്തിലായിരുന്നു. കുട്ടികള്‍ക്ക് അസുഖം പിടിപെട്ടതോടെയാണ് നോര്‍ക്ക വകുപ്പിന്റെ സഹായം തേടിയത്. ലിബിയയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണ് സംഘത്തില്‍ ഏറിയ പങ്കും. മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലെത്താന്‍ വഴിതെളിഞ്ഞത്.