Malappuram
വണ്ടൂരില്‍ ക്ലൈമാക്‌സ് പ്രവചനാതീതം
കാളികാവ്; ഭൂരിപക്ഷം കൂടുമെന്ന് യു ഡി എഫും പിടിച്ചെടുക്കുമെന്ന് എല്‍ ഡി എഫും നില മെച്ചപ്പെടുത്തുമെന്ന് എന്‍ ഡി എ യും അവകാശ വാദമുന്നയിച്ച് പ്രചാരണം ശക്തമാക്കിയതോടെ വണ്ടൂരില്‍ പോരാട്ടം ക്ലൈമാക്‌സിലേക്ക്. പ്രചാരണ ഘട്ടങ്ങളിലെല്ലാം മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് രാഷ്ടീയം മറന്ന് വിജയ പ്രതീക്ഷ നല്‍കിയായിരുന്നു വോട്ടര്‍മാരുടെ പ്രതികരണം. അതു കൊണ്ടു തന്നെ ഇത്തവണ ജയ സാധ്യത മുന്നില്‍ കണ്ട് തന്ത്രപരമായ നീക്കങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്.
അടിയൊഴുക്കുകള്‍ ഇടത്തോട്ടോ വലത്തോട്ടോ എന്ന സംശയം ഉയര്‍ന്നതോടെ വാശിയേറിയ പ്രചാരണമാണ് മണ്ഡലത്തിലുടനീളം ഐക്യ ജനാധിപത്യ മുന്നണിയും ഇടത് മുന്നണിയും നടത്തുന്നത്. രണ്ട് മുന്നണികളും നടത്തുന്ന എല്ലാ തന്ത്രങ്ങളും എന്‍ ഡി എയും നടത്തുന്നുണ്ട്.
തെരുവു നാടകം, എല്‍ സി ഡി പ്രദര്‍ശനം, ഗാനമേള എന്നിവയുടെ അകമ്പടിയോടെ കനത്ത സാമ്പത്തിക ബാധ്യതയുള്ള പ്രചാരണമാണ് മൂന്ന് മുന്നണികളും നടത്തുന്നത്. യു ഡി എഫിന്റെ പ്രചാരണങ്ങള്‍ക്കാണ് കൊഴുപ്പ് കൂടുതല്‍. ആദ്യം എല്‍ ഡി എഫാണ് പരസ്യ പ്രവര്‍ത്തനം തുടങ്ങിയത് എങ്കിലും പ്രചാരണ രംഗത്ത് യു ഡി എഫ് ഏറെ മുന്നിലാണ്.
ലീഗും കോണ്‍ഗ്രസും തമ്മില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തകരുടെ ഇടയില്‍ നിലനില്‍ക്കുന്നുവെന്ന് ഇതര മുന്നണികള്‍ പ്രചരിപ്പിക്കുന്ന അകല്‍ച്ച ഏറെ കുറെ പരിഹരിച്ച് യു ഡി എഫ് ഭൂരിപക്ഷം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ്. ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കള്‍ മലയോര മേഖലയായ കാളികാവിലടക്കംപ്രചാരണത്തിനെത്തി.
ഐക്യ മുന്നണിയില്‍ പുകച്ചിലുണ്ടെന്ന ഇടതു പ്രചാരണം നേരിടുന്നതിനായിരുന്നു ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുടെ കൂട്ടത്തോടെയുള്ള പ്രചാരണം. ഫണ്ടിന്റെ കുറവ് കാരണം ചെലവു ചുരുക്കിയ പ്രചാരണ തന്ത്രമാണ് എല്‍ ഡി എഫ് നടത്തുന്നത്. മൂന്ന് തവണവരെ പ്രവര്‍ത്തകര്‍ വീടു കയറി പ്രചാരണം പൂര്‍ത്തിയാക്കി. ചോക്കാട് പോലുള്ള പഞ്ചായത്തുകളില്‍ സി പി ഐയുമായി സഹകരിക്കാന്‍ സി പി എം വിമുഖത കാണിച്ചതായി വിവാദമുയര്‍ന്നിട്ടുണ്ട്.
ഘടക കക്ഷികള്‍ക്ക് തീരെ സ്വാധീനമില്ലാത്തതിനാല്‍ സി പി എം പ്രവര്‍ത്തകര്‍ ഒറ്റക്കാണ് മിക്ക സ്ഥലങ്ങളിലും പ്രചാരണ രംഗത്തുള്ളത്. ലീഗുമായി ചേര്‍ന്ന് ഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളിലും ഭരണം സി പി എമ്മിന്റെ കൈകളിലായതിനാല്‍ പോളിംഗില്‍ അനുകൂലമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. വണ്ടൂര്‍ ആസ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ വന്നു പോയതൊഴിച്ചാല്‍ നേതാക്കളാരുംകാര്യമായി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയില്ല.
ലീഗില്‍ താഴേ തട്ടില്‍ കോണ്‍ഗ്രസിനോടുള്ള അമര്‍ഷം മുതലെടുക്കുന്നതിന്റെ ഭാഗമായി എതിരാളിയെ പ്രകോപിപ്പിക്കാത്ത പ്രചാരണ തന്ത്രമാണ് എല്‍ ഡി എഫിന്റെത്. ഒട്ടും പിറകിലല്ലെന്ന് ബി ജെ പി യും തെളിയിക്കുന്നു. പരസ്യ പ്രചാരണ രംഗത്ത് ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നു. യു ഡി എഫിനെ മറികടക്കുന്ന പ്രചാരണ സന്നാഹമായിരുന്നു എന്‍ ഡി എ യുടെത്. എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പി ഡി പി തുടങ്ങിയ കക്ഷികളും മണ്ഡലത്തില്‍ സജീവമാണ്.