Connect with us

Ongoing News

പെരുമ്പാവൂരിലെ മുന്നണി പ്രതീക്ഷകള്‍

Published

|

Last Updated

പെരുമ്പാവൂര്‍: കേരളത്തിലെ തിരഞ്ഞെടുപ്പ് കാറ്റിന്റെ ദിശ നിര്‍ണയിക്കുന്നതില്‍ ഇത്തവണ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിന് വലിയ പങ്കാണുള്ളത്. നിയമ വിദ്യാര്‍ഥിനിയായ ദളിത് യുവതി ജിഷ ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ട സംഭവം നിയോജക മണ്ഡലം മുതല്‍ സംസ്ഥാന തലത്തില്‍ വരെ തിരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ എല്‍ ഡി എഫില്‍ നിന്ന് സിറ്റിംഗ് എം എല്‍ എയായ സാജു പോളും, യു ഡി എഫില്‍ നിന്ന് യുവ നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എല്‍ദോസ് കുന്നപ്പള്ളിയുമാണ് ഇക്കുറി അങ്കത്തട്ടിലുള്ളത്. എന്‍ ഡി എ സ്ഥാനാര്‍ഥിയായി ബി ജെ പിയില്‍ നിന്നും ഇ എസ് ബിജുവാണ് മത്സരിക്കുന്നത്. എല്‍ ഡി എഫിലേയും യു ഡി എഫിലേയും തുല്യ ശക്തികളുടെ പോരാട്ടമാണ് പെരുമ്പാവൂരില്‍ ഇക്കുറി നടക്കുന്നത്.
ഇടം വലം നോക്കാതെ ഇരുമുന്നണികള്‍ക്കും അവസരം നല്‍കിയവരാണ് പെരുമ്പാവൂരിലെ വോട്ടര്‍മാര്‍. എല്‍ ഡി എഫിലേയും യു ഡി എഫിലേയും സ്ഥാനാര്‍ഥികളെ മാറി മാറി പരീക്ഷിച്ച പാരമ്പര്യമാണ് ഇവിടെയുള്ളത്. രാഷ്ട്രീയത്തിനും വികസനത്തിനുമൊപ്പം, മണ്ഡലത്തിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങളും പെരുമ്പാവൂരില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. 1957 മുതല്‍ 2011 വരെ നടന്ന പതിനാല് തിരഞ്ഞെടുപ്പുകളില്‍ എട്ടു തവണ ഇടതുപക്ഷവും ആറു തവണ കോണ്‍ഗ്രസ്സും പെരുമ്പാവൂരില്‍ നിന്ന് ജയിച്ചിട്ടുണ്ട് . 2001 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി സി പി എമ്മിലെ സാജു പോള്‍ ആണ് ഇവിടെ നിന്നും വിജയിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചനെ പരാജയപ്പെടുത്തിയാണ് സാജുപോള്‍ നിയമസഭയിലെത്തിയത്. ഹാട്രിക് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച ആത്മവിശ്വാസവുമായി വീണ്ടും കളത്തിലിറങ്ങിയ സാജു പോളിനെ ജില്ലാ പഞ്ചായത്തിലെ വിജയത്തിലൂടേയും ഭരണത്തിലൂടെയും ഉണ്ടാക്കിയെടുത്ത ജനസമ്മിതി കൊണ്ട് മറികടക്കാനുള്ള കര്‍ത്തവ്യമാണ് എല്‍ദോസ് കുന്നപ്പള്ളിയില്‍ പാര്‍ട്ടി നിക്ഷിപ്തമാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ വ്യക്തിയാണ് എല്‍ദോസ് കുന്നപ്പള്ളി. മണ്ഡലത്തിലെ പ്രബല സമുദായത്തിന്റെ പിന്തുണയും എല്‍ദോസിലൂടെ നേടിയെടുക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
രാജ്യ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയ ജിഷയുടെ അരും കൊല നടന്നത് സര്‍ക്കാറിന്റെ അനാസ്ഥ മൂലമാണെന്നും, ദിവസങ്ങളോളം സംഭവം പുറം ലോകം അറിയാതിരുന്നതും അന്വേഷണത്തില്‍ പോലീസിന് പ്രതിയെ പിടിക്കാന്‍ ഇത്ര ദിവസങ്ങള്‍ക്ക് ശേഷവും കഴിയാത്തതും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടായുമാണ് എല്‍ ഡി എഫ് ആരോപിക്കുന്നത്. എന്നാല്‍ സ്ഥലം എം എല്‍ എയും, എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ സാജു പോള്‍ ഇതുവരെ ജിഷയുടെ കുടുംബത്തോട് കടുത്ത അവഗണനയാണ് കാണിച്ചിരുന്നതെന്നും, സഹായത്തിനായി ജിഷയുടെ മാതാവ് അപേക്ഷിച്ചപ്പോഴൊക്കെ കൈമലര്‍ത്തുകയാണ് അദ്ദേഹം ചെയ്തതെന്നുമാണ് യു ഡി എഫ് നേതാക്കള്‍ പറയുന്നത്. സാജു പോളിനെതിരെ ജിഷയുടെ മാതാവ് തന്നെ ഉയര്‍ത്തിയ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ എല്‍ ഡി എഫ് ശ്രമിക്കുന്നുണ്ട്.
നിലവില്‍ അഞ്ച് പഞ്ചായത്തുകളുടെ ഭരണം യു ഡി എഫിനും, നഗരസഭയും രണ്ടു പഞ്ചായത്തുകളും എല്‍ ഡി എഫിനുമാണ്. മിനി സിവില്‍ സ്‌റ്റേഷനും, കോടനാട്- മലയാറ്റൂര്‍ പാലവും, 250 ഏക്കറില്‍ നിര്‍മ്മിച്ച അഭയാരണ്യവുമെല്ലാം എല്‍ ഡി എഫ് നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രചാരണം നടത്തുന്നുണ്ട്. നഗരത്തില്‍ ബൈപ്പാസ് നിര്‍മിക്കാനുള്ള ശ്രമത്തെ മുസ്‌ലിം ലീഗ് മന്ത്രിയുടെ നേതൃത്വത്തില്‍ യുഡി എഫ് വിഫലമാക്കിയതായാണ് എല്‍ ഡി എഫ് ആരോപണം. പ്ലൈവുഡ് വ്യവസായത്തിനായി യു ഡി എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അവര്‍ പറയുന്നു.
പെരുമ്പാവൂരിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ വികസനം നടപ്പാക്കാനോ എല്‍ ഡി എഫിന് കഴിഞ്ഞില്ലെന്ന ആരോപണമാണ് യു ഡി എഫ് ഉന്നയിക്കുന്നത്.

---- facebook comment plugin here -----

Latest