Connect with us

Gulf

ബുര്‍ജ് ഖലീഫയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എലിവേറ്റര്‍ ടെസ്റ്റ് ടവര്‍ വരുന്നു

Published

|

Last Updated

എലിവേറ്റര്‍ ടെസ്റ്റ് ടവറിന്റെ രൂപമാതൃക

ദുബൈ:ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതിയില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയ 828 മീറ്ററുള്ള ബുര്‍ജ് ഖലീഫയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടെസ്റ്റ് ടവര്‍ വരുന്നു. പ്രമുഖ നിര്‍മാണ കമ്പനിയായ ഓട്ടിസാണ് കെട്ടിടത്തിന് മുകളില്‍ എലിവേറ്റര്‍ ടെസ്്റ്റ് ടവര്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്. ലോകത്തിലെ അംബരചുംഭികളില്‍ ഏറ്റവും ഉയരത്തിലുള്ളവക്ക് എലിവേറ്ററുകള്‍ വിതരണം ചെയ്ത യു എസ് കമ്പനിയാണ് ഓട്ടിസ്.

ബുര്‍ജ് ഖലീഫക്ക് എലിവേറ്റര്‍ നല്‍കിയ കമ്പനിയും മറ്റൊന്നായിരുന്നില്ല. ഓട്ടിസ് കമ്പനിയുടെ ആഗോളതലത്തിലെ പുത്തന്‍ ഗവേഷണ-വികസന പദ്ധതിയുടെ ഭാഗമാണിത്. 2018 അവസാനത്തോടെ ടെസ്റ്റ് ടവര്‍ പൂര്‍ത്തീകരിക്കാനാണ് ഓട്ടിസ് ലക്ഷ്യമിടുന്നത്. ഷാംഗ്ഹായിലെ ടെസ്റ്റ് ടവര്‍ ഈ മേഖലയില്‍ ഏറെ പ്രശസ്തമാണെന്നും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിന്റെ മകുടോദാഹരണമാണെന്നും ഓട്ടിസ് പ്രസിഡന്റ് ഫിലിപ്പെ ഡെല്‍പെക് അറിയിച്ചു. ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ ഗണത്തില്‍പെട്ട 599 മീറ്റര്‍ ഉയരമുള്ള ഷെന്‍ഷെംഗിലെ പിംഗ് അന്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കെട്ടിടം, തെക്കന്‍ കൊറിയയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിയോളിലെ ലോട്ടെ വേള്‍ഡ് ടവര്‍ (555 മീറ്റര്‍), വടക്കന്‍ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ടൊറെന്റോയിലെ സി എന്‍ ടവര്‍ (553 മീറ്റര്‍), പാരീസിലെ പ്രശസ്തമായ ഈഫല്‍ ടവര്‍(324 മീറ്റര്‍) എന്നിവക്കെല്ലാം എലിവേറ്റര്‍ നിര്‍മിച്ചു നല്‍കിയ കമ്പനിയാണ് ഓട്ടീസ്
സൂര്യോദയം ആസ്വദിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് ബുര്‍ജ് ഖലീഫയില്‍ അവസരം ഒരുക്കിയിരുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ഇത്തരത്തില്‍ ഒരു കാഴ്ച ഒരുക്കാന്‍ ബുര്‍ജ് ഖലീഫ അധികൃതര്‍ തയ്യാറായിരിക്കുന്നത്. കെട്ടിത്തിന്റെ 124ാം നിലയിലാവും രാവിലെ 5.30 മതുല്‍ സൂര്യോദയം ദര്‍ശിക്കാന്‍ അവസരം ഒരുക്കുക. സെല്‍ഫി പിടിക്കാവുന്ന ലോകത്തിലെ ഏറ്റവും മികച്ച മൂന്നു കേന്ദ്രങ്ങളുടെ പട്ടികയിലും ബുര്‍ജ് ഖലീഫ ഇടംനേടി. പാരീസിലെ ഈഫല്‍ ഗോപുരം, ഫ്‌ളോറിഡയിലെ ഡിസ്‌നിലാന്റ് എന്നിവക്കൊപ്പമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ഇടംനേടിയത്.

 

Latest