Connect with us

Articles

സുരക്ഷിതമാണോ കുപ്പിവെള്ളം?

Published

|

Last Updated

കുപ്പിവെള്ളത്തില്‍ നിന്ന് വൈറസ്ബാധിച്ച് നാലായിത്തിലധികം ആളുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുണ്ടായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വടക്ക് കിഴക്കന്‍ സ്‌പെയിനില്‍. ഛര്‍ദി, പനി, തലകറക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയെ സമീപിച്ചത്. വിശദ പരിശോധനയില്‍ കുപ്പിവെള്ളത്തില്‍ നിന്നാണ് നോറോ വൈറസ് ബാധിച്ചതെന്നാണ് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയത്. ഇവര്‍ കുടിച്ച വെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യത്തിന്റെ അവശിഷ്ടങ്ങള്‍ കലര്‍ന്നിരുന്നുവത്രെ.
ഇതങ്ങ് സ്‌പെയിനിലാണെങ്കിലും കേരളത്തിലുള്‍പ്പെടെ നമ്മുട രാജ്യത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും കിട്ടാനുണ്ടെങ്കില്‍ തന്നെ വിലക്കൂടുതലാണെന്ന കാരണവും മൂലം മാലിന്യങ്ങള്‍ കലര്‍ന്ന ജലമുപയോഗിച്ചാണ് പലരും കുപ്പിവെള്ളം തയ്യാറാക്കുന്നത്.
രാജ്യത്തെ പ്രമുഖ വ്യവസായ ഉത്പന്നമായി മാറിക്കഴിഞ്ഞിട്ടുണ്ട് കുപ്പിവെള്ളം. 2011ല്‍ 8,000 കോടി രൂപയാണ് കുപ്പിവെള്ളത്തിന്റെ വാര്‍ഷിക വിറ്റുവരവെങ്കില്‍ 2015ല്‍ അത് 15,000 കോടി രൂപയായി ഉയരുകയുണ്ടായി. 2020 ല്‍ ഇത് 36,000 കോടി രൂപയുടെ വാര്‍ഷിക വിറ്റു വരവിലെത്തുമെന്നാണ് ബ്യൂറോ ഒാഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്‌സ് (ബി ഐ എസ്) വിലയിരുത്തുന്നത്. ഇത്തവണ വേനല്‍ച്ചൂട് മുമ്പെങ്ങുമില്ലാത്ത വിധം അതികഠിനമായതോടെ കുപ്പിവെള്ളത്തിന് ആവശ്യക്കാര്‍ വര്‍ധിക്കുകയും വില്‍പ്പന കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്.
ഇതോടെ വിപണിയില്‍ ഇതുവരെ ഇല്ലാതിരുന്ന പേരുകളില്‍ കുപ്പി വെള്ളം വില്‍പ്പനക്കെത്തുന്നുണ്ട്. വഴിയോരങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന കുപ്പികള്‍ ശേഖരിച്ച് വെള്ളം നിറച്ചവയും ഇക്കൂട്ടത്തിലുണ്ട്.
ബാച്ച് നമ്പറും തിയ്യതിയും രേഖപ്പെടുത്തല്‍, വെള്ളം ശുദ്ധീകരിച്ചതിന്റെ റേറ്റിംഗ് പരിശോധന തുടങ്ങി കുപ്പിവെള്ളം വിതരണം ചെയ്യുന്നതിന് കര്‍ശനമായ നടപടിക്രമങ്ങളുണ്ട്. ഇതാരും പാലിക്കാറില്ല. അംഗീകൃത കമ്പനികള്‍ വിപണിയിലെത്തിക്കുന്ന കുപ്പിവെള്ളം പോലും വിശ്വാസ യോഗ്യമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുന്ന് വര്‍ഷം മുമ്പ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തില്‍ രാജ്യത്തെ പ്രമുഖരായ 30 കമ്പനികളുടെ വെള്ളത്തിലും കീടനാശിനികളുടെ അംശമുള്ളതായി കണ്ടെത്തിയിരുന്നു. ബാബ ആണവ ഗവേഷണ കേന്ദ്രം നടത്തിയ പരിശോധനയില്‍ മുംബൈയിലെ കടകളില്‍ വില്‍പ്പനക്ക് വെച്ച കുപ്പിവെള്ള സാമ്പിളുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങളടക്കം ഉയര്‍ന്ന തോതിലുള്ള വിഷാംശമുള്ളതായി തെളിഞ്ഞിരുന്നു. ഒരു ലിറ്ററില്‍ 10 മൈക്രോഗ്രാം ബ്രോമൈറ്റാണ് ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ളതെന്നിരിക്കെ ഇതിന്റെ നാലിരട്ടിയാണ് പരിശോധനക്ക് വിധേയമാക്കിയ കുടിവെള്ള സാമ്പിളുകളില്‍ ഗവേഷകസംഘം കണ്ടെത്തിയത്. അളവില്‍ കൂടുതല്‍ ഉള്ളില്‍ ചെന്നാല്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുവാണ് ബ്രോമൈറ്റ്.
ധാതുലവണങ്ങളും മറ്റു 11 മൂലകങ്ങളും ചേര്‍ന്നതാകണം കുപ്പി വെള്ളം എന്നാണു വ്യവസ്ഥ. കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം, ക്രോമിയം. കോപ്പര്‍, അയണ്‍, ക്ലോറിന്‍, മാംഗനീസ്, സെലീനിയം, ഫഌഓറിന്‍, ബോറോണ്‍ എന്നീ മൂലകങ്ങളാണ് നിശ്ചിത അനുപാതത്തില്‍ ഓരോ കുടിവെള്ള കുപ്പിയിലും ഉണ്ടാകേണ്ടത്. നിയന്ത്രിത അളവില്‍ക്കൂടുതല്‍ കാല്‍സ്യം ഉള്ളില്‍ച്ചെന്നാല്‍ മലബന്ധം, ഛര്‍ദി, വായുക്ഷോഭം, വൃക്ക തകരാറ് തുടങ്ങിയ രോഗങ്ങള്‍ക്കും മഗ്‌നീഷ്യം ക്രമത്തിലധികമായാല്‍ പേശീബലക്ഷയം, ശ്വാസം മുട്ടല്‍, ഹൃദയമിടിപ്പിന്റെ താളം തെറ്റല്‍ എന്നിവക്കുമിടയാക്കും. നിശ്ചിത അളവില്‍ മറ്റ് മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഇതുപോലെ വ്യത്യസ്ത രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. രാജ്യത്ത് കുപ്പിവെള്ളത്തിന്റെ പരിശോധനക്ക് മതിയായ സംവിധാനമില്ലാത്തതിനാല്‍ വിപണിയിലെത്തുന്ന കുപ്പിവെള്ളം ഗുണനിലവാരം അറിയാനുള്ള മാര്‍ഗങ്ങളില്ല. ആളുകള്‍ കിട്ടുന്ന വെള്ളം വാങ്ങി കുടിക്കുകയാണ്.
വ്യാവസായിക മേഖല വളരുകയും ജനങ്ങള്‍ പെരുകുകയും ചെയ്തതോടെ ശുദ്ധജല ലഭ്യത ഗുരുതര പ്രശ്‌നമായി മാറിയിട്ടുണ്ട് രാജ്യത്ത്. കൂറ്റന്‍ വ്യവസായങ്ങള്‍ പലതും നദീതീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ മിക്ക നദികളിലെയും വെള്ളം മലിനമാണ്. വീടുകളും ഫഌറ്റുകളും പെരുകിയതിനെ തുടര്‍ന്ന് അശാസ്ത്രീയമായി നിര്‍മിച്ച സെപ്റ്റിക് ടാങ്കുകളില്‍ നിന്നും ഓടകളില്‍ നിന്നും കിണറു വെള്ളത്തിലേക്കും കുളങ്ങളിലേക്കും മാലിന്യങ്ങള്‍ കലരുന്നുണ്ട്. ഇത്തരം സ്രോതസ്സുകളില്‍ നിന്നാണ് പലരും മിനറല്‍ വാട്ടറിനുള്ള വെള്ളം ശേഖരിക്കുന്നത്.
ചില കമ്പനികള്‍ ഭൂഗര്‍ഭജലമാണ് കുപ്പികളില്‍ നിറച്ച് വില്‍ക്കുന്നത്. എന്നാല്‍ ഹൃദ്രോഗം, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവക്ക് കാരണമാകുന്ന കഠിന ലോഹങ്ങള്‍ അടങ്ങിയതാണ് പലയിടത്തുമുള്ള ഭൂഗര്‍ഭജലമെന്നു ഇത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തികച്ചും സുരക്ഷിതമെന്ന ധാരണയില്‍ നമ്മളുപയോഗിക്കുന്ന കുപ്പിവെള്ളത്തില്‍ എങ്ങനെയെങ്കിലും സമ്പാദിക്കുക എന്ന ഒരു താത്പര്യത്തില്‍ ഉപഭോക്താക്കളെ തെല്ലും പരിഗണിക്കാതെ നിര്‍മിക്കുന്നവയാണ്.
നന്നായി തിളപ്പിച്ചാറ്റിയ ചുക്കുവെള്ളം, ജീരകവെള്ളം, പതിമുഖം ചേര്‍ന്ന വെള്ളം എന്നിവ കഴുകി വൃത്തിയാക്കിയ കുപ്പികളില്‍ നിറച്ച് യാത്രയില്‍ കൂടെക്കരുതുന്നതാണ് മിനറല്‍ വാട്ടറിനേക്കാള്‍ സുരക്ഷിതവും വിശ്വസനീയവുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം.

Latest