Ongoing News
26 വര്‍ഷത്തിന് ശേഷം സിദ്ദീഖ് നാടണഞ്ഞു; പറശ്ശേരി വീട്ടില്‍ ആഹ്ലാദത്തിന്റെ തിരതല്ലല്‍
കളികാവ്: ചാഴിയോട് ഈശ്വരം പടിയിലെ പറശ്ശേരി വീട്ടില്‍ ആഹ്ലാദം അലതല്ലുകയാണ്. കൈവിട്ട് പോയതെന്ന് നിനച്ചിരുന്ന കുടപ്പിറപ്പ് സിദ്ദീഖ് 26 വര്‍ഷത്തിന് ശേഷം മുംബൈയില്‍ നിന്നും ഇന്നലെ തിരിച്ചെത്തിയതാണ് കുടുംബത്തിന് സമാശ്വാസം പകരുന്നത്. മഹാരാഷ്ട്രക്കാരിയായ ഭാര്യ ഹസീനക്കും ഹിന്ദി മാത്രം സംസാരിക്കാനറിയുന്ന മൂന്ന് മക്കള്‍ക്കുമൊപ്പമാണ് 42 കാരനായ സിദ്ദീഖ് തിരിച്ച് നാട്ടിലെത്തിയത്.
പിതാവ് പറശ്ശേരി മുഹമ്മദ് മരിച്ചതോടെ കുടുംബത്തിന്റെ ഭാരം സിദ്ദീഖിന്റെ സഹോദരങ്ങളിലായിരുന്നു. ഇതിനിടയിലാണ് സ്വന്തമായി ജീവിത മാര്‍ഗം കണ്ടെത്തണമെന്ന മോഹം മനസ്സില്‍ നാമ്പിട്ടത്. അതോടെയാണ് 16 കാരനായ സിദ്ദീഖ് നാട്ടുകാരെയും വീട്ടുകാരെയും വിട്ട് ബോംബെക്ക് വണ്ടി കയറിയത്.
ബോംബെ തെരുവുകളില്‍ ഏറെ അലഞ്ഞ സിദ്ദീഖ് ഒടുവില്‍ പോര്‍ട്ടര്‍ ജോലി നോക്കി. വീടുവിട്ട ശേഷം ഒരു തവണ മാത്രം സിദ്ദീഖ് വീട്ടിലേക്ക് കത്തെഴുതി. പിന്നെ യാതൊരു ബന്ധവുണ്ടായിട്ടില്ല.
ഇതിനിടയില്‍ ഉമ്മ ബീവി മരണപ്പെട്ട വിവരം പോലും സിദ്ദീഖ് അറിഞ്ഞില്ല. അടുത്തിടെ സ്വന്തം നാടും വീടുമൊന്ന് കാണാന്‍ സിദ്ദീഖിന്റെയുള്ളില്‍ മോഹം നിറഞ്ഞു. അതോടെയാണ് പഴയ ഓര്‍മ വെച്ച് മക്കളായ നബീഹിനും ആഇശക്കും ഹമീദിനുമൊപ്പം സിദ്ദിഖ് നാട്ടിലേക്ക് വണ്ടി കയറിയത്. രണ്ടാഴ്ചയോളം നാട്ടില്‍ തങ്ങും. തുടര്‍ന്ന് വീണ്ടും മുംബൈയിലേക്ക് തത്കാലം മടങ്ങും. പിന്നെ സ്വന്തം നാട്ടില്‍ തന്നെ സ്ഥിര താമസമാക്കണമെന്നാണ് സിദ്ദീഖിന്റെ മോഹം.