Kerala
മുസ്‌ലിം ലീഗ് വോട്ടുകളില്‍ വന്‍ ചോര്‍ച്ച
മലപ്പുറം:ആശ്വാസ വിജയം നേടി മാനം കാത്തെന്ന് അഭിമാനിക്കുമ്പോഴും മുസ്‌ലിംലീഗില്‍ വന്‍ വോട്ടു ചോര്‍ച്ച. കഴിഞ്ഞ തവണ ഇരുപത്തിനാല് സീറ്റുകളില്‍ മത്സരിച്ച് ഇരുപതെണ്ണത്തില്‍ വിജയിച്ചെങ്കില്‍ ഇത്തവണ 18 സീറ്റിലാണ് ലീഗിന്റെ വിജയം. വിജയിച്ച മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. മലപ്പുറം ജില്ലയില്‍ മാത്രം ഇത്തവണ ഭൂരിപക്ഷത്തില്‍ 1,41, 897 വോട്ടിന്റെ കുറവുണ്ടായി. ചരിത്രത്തില്‍ ഇതാദ്യമായാണ് മുസ്‌ലിംലീഗിന്റെ വോട്ടുകളില്‍ ഇത്രയധികം കുറവുണ്ടാകുന്നത്.
മലപ്പുറം ജില്ലയിലെ 12 മണ്ഡലങ്ങളിലാണ് മുസ്‌ലിം ലീഗ് മത്സരിച്ചത്. ഇതില്‍ താനൂരില്‍ പരാജയപ്പെട്ടു. ബാക്കിയുള്ളവര്‍ പരാജയത്തിന്റെ വക്കില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറിയത് പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിയാണ്. വി ശശികുമാറിനോട് 579 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ വര്‍ഷം 9589 വോട്ടിനാണ് ഇദ്ദേഹം ഈ മണ്ഡലത്തില്‍ നിന്ന് കരകയറിയതെങ്കില്‍ ഇവിടെ 9010 വോട്ടിന്റെ ചോര്‍ച്ചയാണ് ഇത്തവണ ലീഗിനുണ്ടായത്. തിരൂരങ്ങാടിയില്‍ നിന്ന് മത്സരിച്ച മന്ത്രി പി കെ അബ്ദുര്‍റബ്ബ് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന നിയാസ് പുളിക്കലകത്തിനോട് അവസാന ഘട്ടം വരെ തോറ്റ് നിന്നതിന് ശേഷമാണ് വിജയം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം 30,208 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന തിരൂരങ്ങാടിയില്‍ ഇത്തവണ ഭൂരിപക്ഷം 6043 ആയി കുറഞ്ഞു. മങ്കട മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ടി എ അഹമ്മദ് കബീറാണ് എം എല്‍ എമാരില്‍ കനത്ത മത്സരം നേരിട്ടത്. കഴിഞ്ഞ തവണ 23,593 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടത് പക്ഷത്തിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് പിടിച്ച അഹമ്മദ് കബീറിന് 22,085 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടത്പ്രചാരണത്തില്‍ നഷ്ടപ്പെട്ടത്. 7061 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് സി മമ്മൂട്ടി വിജയിച്ചത്. കഴിഞ്ഞ തവണ 23,566 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു വിജയം. 16,505 വോട്ടിന്റെ വലിയ കുറവാണ് തിരൂരില്‍ സംഭവിച്ചത്.
ടി വി ഇബ്‌റാഹീമിന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ പി വീരാന്‍ കുട്ടിയോട് 1945 വോട്ടുകള്‍ക്ക് ലീഡ് നിലയില്‍ പിന്നിട്ട ശേഷമാണ് മുന്നിലെത്താനായത്. കഴിഞ്ഞ തവണ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി 28,149 ഭൂരിപക്ഷത്തിനാണ് വിജയം നേടിയത്. പക്ഷേ ഇത്തവണയത് 10,654 വോട്ടിനായി ചുരുങ്ങി. 12,610 വോട്ടിനാണ് പി അബ്ദുല്‍ഹമീദ് വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥിയായ കെ എന്‍ എ ഖാദിര്‍ 18,122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വള്ളിക്കുന്ന് പിടിച്ചത്. കഴിഞ്ഞ തവണ 44,508 റെക്കോര്‍ഡ് ഭൂരിപക്ഷവുമായി നിയമസഭയിലെത്തിയ മലപ്പുറം മണ്ഡലത്തിലെ പി ഉബൈദുല്ല എം എല്‍ എ ഇത്തവണ ജില്ലയില്‍ ഭൂരിപക്ഷത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 8,836 വോട്ടിന്റെ കുറവാണ് ലീഗിന്റെ കുത്തക മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ 180 വോട്ടിന്റെ കുറവ്. കോട്ടക്കല്‍ മണ്ഡലം ലീഗ് സ്ഥാനാര്‍ഥി ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് 15,042 വോട്ടിന്റെ ഭൂരിപക്ഷമേ നേടാന്‍ കഴിഞ്ഞുള്ളു. 20,860 വോട്ടിന്റെ കുറവാണ് വന്നത്. മഞ്ചേരിയില്‍ കഴിഞ്ഞ തവണ 29,079 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം നേടിയ ലീഗ് ഇത്തവണ 19,616 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ലീഡ് നില മെച്ചപ്പെടുത്തിയ ജില്ലയിലെ ഏക മണ്ഡലമാണ് ഏറനാട്. 1647 വോട്ടാണ് ലീഗ് മണ്ഡലത്തില്‍ അധികമായി നേടിയത്.
കോഴിക്കോട് ജില്ലയിലെ കുറ്റിയാടി മണ്ഡല ഭൂരിപക്ഷം 1157 വോട്ടാണ്. കാസര്‍കോട് മണ്ഡലത്തില്‍ എന്‍ എ നെല്ലിക്കുന്നിനും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാള്‍ 1,131 വോട്ടിന്റെ കുറവുണ്ടായി. മഞ്ചേരി തുഛമായ 89 വോട്ടിന്റെ മേല്‍ക്കൈ നേടി. മലപ്പുറം ജില്ലയില്‍ 2011ല്‍ 3,01,632 വോട്ടാണ് ജില്ലയില്‍ വിജയിച്ച സ്ഥാനാര്‍ഥികള്‍ക്കായി മൊത്തം ലഭിച്ച ഭൂരിപക്ഷം. ഇപ്രാവിശ്യം 1,59,735 ലക്ഷം വോട്ടിന്റെ മേല്‍ക്കേ നേടാന്‍ മാത്രാണ് ലീഗിന് കഴിഞ്ഞത്. മുസ്‌ലിം ലീഗിന്റെ കോട്ടയായ താനൂരില്‍ പരാജയപ്പെട്ടു. ന്യൂനപക്ഷ വോട്ടുകളിലും പുതിയ വോട്ടുകളും മുസ്‌ലിം ലീഗിനെ കൈവിട്ടുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.