Eranakulam
ഭൂരിപക്ഷത്തില്‍ ഈ ഗുരുവിനെയും ശിഷ്യനെയും വെല്ലാന്‍ ആരുണ്ട് ?
കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയം നേടിയ ഒരു രാഷ്ട്രീയ ഗുരുവും ശിഷ്യനുമുണ്ട് മധ്യകേരളത്തില്‍. ജനങ്ങളോടൊപ്പം നിന്ന് അവര്‍ തിരിച്ച് നല്‍കിയ സ്‌നേഹം വോട്ടായി ഏറ്റുവാങ്ങിയ തൊടുപുഴയുടെയും, കടുത്തുരുത്തിയുടെയും പ്രിയ നേതാക്കള്‍. രാഷ്ട്രീയ ഗോദയില്‍ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച കേരളാ കോണ്‍ഗ്രസിന്റെ നേതാക്കളും മുന്‍ മന്ത്രിമാരുമായ പി ജെ ജോസഫും, അഡ്വ. മോന്‍സ് ജോസഫും. 42,000ന് മുകളിലാണ് ഇരുവരുടെയും ഭൂരിപക്ഷം.
മോന്‍സ് ജോസഫിന് തന്റെ പാര്‍ട്ടിയുടെ അമരക്കാരനായ പി ജെ ജോസഫ് രാഷ്ട്രീയത്തില്‍ ഒരു അധ്യാപകന്‍ കൂടിയാണ്. ഭരണപക്ഷത്ത് എത്താന്‍ സാധിക്കാതെ പോയ യു ഡി എഫ് മുന്നണിക്ക് സമാശ്വസിക്കാന്‍ മാത്രമല്ല, അഭിമാനിക്കാനുള്ള വക കൂടിയാണ് ഇവരിലൂടെ ലഭിച്ചത്. മുന്നണിക്ക് നേട്ടം കൈവരിക്കാന്‍ സാധിക്കാതെ പോയ തിരഞ്ഞെടുപ്പില്‍ വ്യക്തി പ്രഭാവത്താല്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടി ചരിത്രമെഴുതുകയാണ് ഈ രാഷ്ട്രീയ ഗുരുവും ശിഷ്യനും.
മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ വന്‍ വോട്ട് വര്‍ധനയാണ് ഇരുവര്‍ക്കും ലഭിച്ചത്. 45,587 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പി ജെ ജോസഫ് വിജയത്തിലെത്തിയപ്പോള്‍ മുന്‍ വര്‍ഷത്തേതില്‍ നിന്ന് 22274 വോട്ടുകളുടെ വര്‍ധനവാണ് തൊടുപുഴ നിയോജക മണ്ഡലത്തിലുണ്ടായത്. ഇതോടെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ച സ്ഥാനാര്‍ഥിയായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ റെക്കോര്‍ഡിന് പിന്നില്‍ ശിഷ്യനും അണി ചേര്‍ന്ന് ഗുരുത്വം പ്രകടിപ്പിച്ചു.
42,256 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അഡ്വ. മോന്‍സ് ജോസഫ് കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ചു. കേരളത്തിലെ എല്ലാ മുന്നണികളും വിജയത്തിന്റെ പര്യായമായി ഉയര്‍ത്തിയ സ്ഥാനാര്‍ഥിയായിരുന്നു മോന്‍സ് ജോസഫ്. എതിര്‍ സ്ഥാനാര്‍ഥിയായ സ്‌കറിയാ തോമസ് ആകെ 31537 വോട്ടാണ് ലഭിച്ചത്. കോട്ടയം ജില്ലയുടെ ചരിത്രത്തില്‍ ഉയര്‍ന്നതും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നാലാം സ്ഥാനത്തുമാണ് മോന്‍സ് ജോസഫിന്റെ ഭൂരിപക്ഷം.
വികസന രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറിയിരിക്കുന്ന മണ്ഡലങ്ങളാണ് തൊടുപുഴയും, കടുത്തുരുത്തിയും.
പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിക്കുന്നതിന് ദീര്‍ഘ വീക്ഷണത്തോടെ ഈ സാമാജികര്‍ കൈക്കൊണ്ട നിലപാടുകളാണ് ഇത്തരത്തില്‍ മണ്ഡലങ്ങളെ വളര്‍ത്തിയത്. പത്താം തവണയാണ് പി ജെ ജോസഫ് തൊടുപുഴയെ പ്രതിനിധീകരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനായ അദ്ദേഹം കഴിഞ്ഞ മന്ത്രി സഭയില്‍ ജലവിഭവ മന്ത്രിയായിരുന്നു. 1978 ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന കെ എം മാണിയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ്‌കോയയും തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനങ്ങള്‍ രാജിവെച്ചപ്പോള്‍ പി ജെ ജോസഫ് ആഭ്യന്തര മന്ത്രിയായി. സെപ്തംബറില്‍ കെ എം മാണിയും സി എച്ച് മുഹമ്മദ് കോയയും കുറ്റവിമുക്തരായി കോടതി വിധി വന്നദിവസം പി ജെ ജോസഫ് മന്ത്രി സ്ഥാനം രാജിവെച്ച് രാഷ്ട്രീയ സത്യസന്ധത തെളിയിച്ചു.
96 മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍, ഭവന നിര്‍മാണ വകുപ്പ് മന്ത്രിയായി. 2006ല്‍ പൊതുമരാമത്ത് മന്ത്രിയായെങ്കിലും വിമാനയാത്ര വിവാദത്തെ തുടര്‍ന്ന് രാജിവെച്ചു. കുറ്റവിമുക്തനായതോടെ 2009 ആഗസ്റ്റ് 17 ന് വീണ്ടും മന്ത്രിയായി. കേരള കോണ്‍ഗ്രസ് ഐക്യത്തിനായി മാര്‍ച്ചില്‍ മന്ത്രി സ്ഥാനം രാജിവെച്ച് എല്‍ ഡി എഫ് വിട്ടു. കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ കര്‍ഷകനായാണ് തൊടുപുഴക്കാര്‍ പി ജെ ജോസഫിനെ കാണുന്നത്.
കേരളാ കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന സമയത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വ്യക്തിയാണ് മോന്‍സ് ജോസഫ്. ആരോപണ വിധേയരായി പി ജെ ജോസഫും, തുടര്‍ന്ന് മന്ത്രിയായ ടി യു കുരുവിളയും രാജിവെച്ചപ്പോഴാണ് അദ്ദേഹം മന്ത്രി സ്ഥാനത്തെത്തിയത്. പൊതുമരാമത്ത് വകുപ്പ് കണ്ട ഏറ്റവും കഴിവുറ്റ മന്ത്രിയായി അദ്ദേഹത്തിന് അന്ന് മാറാന്‍ കഴിഞ്ഞു. നിരവധി പുരസ്‌കാരങ്ങളും, നേട്ടങ്ങളും അക്കാലത്ത് മോന്‍സ് ജോസഫിനെ തേടിയെത്തി.
കുറ്റവിമുക്തനായി തിരച്ചെത്തിയ പി ജെ ജോസഫിന് അന്നു തന്നെ സ്ഥാനം കൈമാറാന്‍ സന്നദ്ധനായ അദ്ദേഹം 1978ല്‍ തന്റെ നേതാവ് കൈക്കൊണ്ട നിലപാട് സ്വീകരിച്ച് ഗുരുത്വം പ്രകടിപ്പിച്ചു. 1996ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാര്‍ഥി കാലത്ത് തന്നെ പൊതു രംഗത്ത് സജീവമായിരുന്നു മോന്‍സ് ജോസഫ്. കെ എസ് സി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യൂത്ത് ഫ്രണ്ട് (ജെ) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് എന്നി സ്ഥാനങ്ങളും വഹിച്ചു. മണ്ഡലത്തിലെ റോഡ്, കുടിവെള്ള, വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ കൃത്യമായ പരിഹാരം കണ്ടെത്തിയ കാര്യത്തില്‍ മോന്‍സ് ജോസഫിനെ കടത്തിവെട്ടാന്‍ മറ്റൊരു നിയമസഭാ സാമാജികനുണ്ടാകില്ലെന്നുവേണം വിലയിരുത്താന്‍.