Articles
മണ്ണാര്‍ക്കാട്ടെന്ത്?
കാന്തപുരം പറഞ്ഞിട്ടും മണ്ണാര്‍ക്കാട്ട് ജയിച്ചെന്നും ഭൂരിപക്ഷം കൂടിയെന്നും പറഞ്ഞു കുതിര കയറുന്നവര്‍ മലര്‍ന്നുകിടന്നാണ് തുപ്പുന്നത്. കണ്ണാടിയില്‍ ചെന്നു നോക്കണം സ്വന്തം മുഖം എങ്ങനെ മലിനമായിരിക്കുന്നുവെന്ന്. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രസ്താവനയും പ്രാര്‍ഥനയും ഗൃഹയോഗങ്ങളും വനിതാ സന്ദര്‍ശനങ്ങളും എത്രയാണ് പാണക്കാട് തങ്ങന്മാര്‍ നടത്തിയത്? ചെറുക്കന്മാര്‍ക്ക് കൂത്താടാന്‍ സംഘടിപ്പിക്കുന്ന റോഡ് ഷോകളില്‍ വരെ ആദരണീയരായ തങ്ങന്മാര്‍ പങ്കാളികളായി. എന്നിട്ടും എങ്ങനെ ലീഗിന്റെ വോട്ടും സീറ്റും ഇവ്വിധം കുറഞ്ഞു? പൂക്കോയ തങ്ങളുടെ മഖ്ബറയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ദുആ ചെയ്യുമ്പോള്‍ കൈയുയര്‍ത്തി ആമീന്‍ ചൊല്ലി നിന്ന രണ്ടില്‍ ഒരാള്‍ തോറ്റു തുന്നംപാടിയതും മറ്റൊരാള്‍ ഐ സി യുവില്‍ കയറ്റേണ്ട പരുവത്തില്‍ ജയിച്ചു രക്ഷപ്പെട്ടതും എന്തുകൊണ്ടാണ്?
ഒരു പ്രസ്താവന കൊണ്ട് തിരഞ്ഞെടുപ്പ് വിജയവും പരാജയവും സംഭവിക്കും എന്ന മൂഢ വിശ്വാസമൊന്നും ഇവിടെ ആര്‍ക്കുമില്ല. കാന്തപുരത്തിന്റെ ഒരൊറ്റ വാക്കുകൊണ്ട് ലീഗ് ഇത്തരത്തില്‍ മരണപ്പിടച്ചില്‍ നടത്തിയതെന്തിനാണെന്നും മനസ്സിലാകുന്നില്ല. അപ്പോള്‍ 24 മണ്ഡലങ്ങളിലെ കാര്യവും പരസ്യമായി പറഞ്ഞിരുന്നെങ്കിലോ? നൂറു വോട്ടു തികച്ചില്ലാത്ത, ഒരു മേല്‍വിലാസവുമില്ലാത്തയാളാണെന്ന് ഇതുവരെ പറഞ്ഞു നടന്നിരുന്ന വെറുമൊരു മുസ്‌ലിയാര്‍ ഒന്നു വിരല്‍ ചൂണ്ടിയപ്പോഴേക്കും കോടിയില്‍പ്പരം രൂപയാണു പുകഞ്ഞത്, വര്‍ഗീയ ഫാഷിസ്റ്റുകള്‍ ഉള്‍പ്പെടെ പിടിക്കാത്ത കഴുതക്കാലുകളില്ല, കാണിക്കാത്ത പരാക്രമങ്ങളില്ല. ഇതാണ് ഒരു തിരഞ്ഞെടുപ്പു വിജയത്തേക്കാള്‍ വലിയ സുന്നികളുടെ വിജയം.
മത പണ്ഡിതന്മാര്‍ രാഷ്ട്രീയം പറയുന്നതെന്തിന്?, കാന്തപുരം തിരഞ്ഞെടുപ്പില്‍ തലയിടുന്നതെന്തിന്, പണ്ഡിതന്മാര്‍ പള്ളീലെ കാര്യം നോക്കിയാല്‍ പോരേ? എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്. തിരിച്ചു ചോദിക്കട്ടെ, കാന്തപുരം രാഷ്ട്രീയം പറഞ്ഞാലെന്താ കുഴപ്പം? ആകാശം ഇടിഞ്ഞു വീഴുമോ? വോട്ട് ചെയ്യണമന്നും ചെയ്യരുതെന്നും ജയിപ്പിക്കണമെന്നും പരാജയപ്പെടുത്തണമെന്നും പറയാന്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമുള്ള അവകാശവും സ്വാതന്ത്ര്യവും കാന്തപുരത്തിനുമുണ്ട്. ഒരു പ്രസ്ഥാനത്തെ നയിക്കുന്ന നേതാവെന്ന നിലക്ക് കുറച്ചേറെയുമുണ്ട്. രാജ്യത്തെ ഏതെങ്കിലും നിയമമോ മതസംഹിതയോ അതു തടയുന്നില്ല. ഇതൊക്കെ ചോദിക്കുന്നവര്‍ക്ക് ഇങ്ങനെ ചോദിക്കാന്‍ എന്താണധികാരം? പണ്ഡിതന്മാരെക്കൊണ്ട് രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം പറയിപ്പിക്കരുതായിരുന്നു. ഒട്ടും താത്പര്യമുള്ള കാര്യമല്ല; പറയേണ്ടതായി വന്നാല്‍ മടിക്കുകയുമില്ല. ഭരണവും അധികാരവും രാഷ്ട്രീയവും കൊണ്ട് തീര്‍ത്തും ഏകപക്ഷീയമായി ദ്രോഹിക്കുക, അടിച്ചമര്‍ത്താന്‍ നോക്കുക, കേസുകള്‍ അട്ടിമറിക്കുക, എന്നിട്ട് മിണ്ടരുതെന്ന് പറയുക! ഇതെന്താ വെള്ളരിക്കാ പട്ടണമോ? രാഷ്ട്രീയം കൊണ്ട് പണ്ഡിതന്മാരെയും അവരുടെ സംഘടനകളെയും ദ്രോഹിച്ചാല്‍ അതേ രാഷ്ട്രീയം കൊണ്ട് നേരിടും, ഇത് ലോക നീതിയാണ്. വെറുതെ ബഹളം വെക്കേണ്ട.
തോക്ക് ചൂണ്ടി ചെയ്യിച്ചാലും പണം കൊടുത്തായാലും വോട്ട് വോട്ട് തന്നെയാണ്. വിജയം വിജയവുമാണ്. അതംഗീകരിക്കുന്നതാണ് ജനാധിപത്യ മര്യാദ. നിലമ്പൂരിലെ പണപ്പെട്ടി മണ്ണാര്‍ക്കാട്ട് കൊണ്ടുപോയി തുറന്നുവെച്ചപ്പോള്‍ വിജയമുണ്ടായി, ആര്‍ക്കാണറിഞ്ഞുകൂടാത്തത്? മണ്ണാര്‍ക്കാട്ട് കൊടുത്താല്‍ നേമത്തും കിട്ടും എന്ന് വന്നാല്‍ ആരാണ് ഏര്‍പ്പാട് വേണ്ടെന്ന് വെക്കുക? ലീഗല്ലാത്ത എല്ലാ കക്ഷികള്‍ക്കും മണ്ണാര്‍ക്കാട്ട് “വോട്ടിറക്ക രോഗം” ബാധിച്ചതായി കാണുന്നുണ്ട്. ചുറ്റുവട്ടത്തെ മണ്ഡലങ്ങളിലെല്ലാം ബി ജെ പി കാല്‍ ലക്ഷത്തോളം വോട്ടിന്റെ നേട്ടമുണ്ടാക്കിയപ്പോള്‍ മണ്ണാര്‍ക്കാട്ട് മാത്രം പതിനായിരിത്തിലൊതുങ്ങിയതെങ്ങനെ എന്ന ചോദ്യത്തിന് കുമ്മനത്തിനും കുഞ്ഞാപ്പക്കും മറുപടിയില്ല. പണം കൊടുത്തു വോട്ടുകൊണ്ടവര്‍ അവിടെ അടി തുടങ്ങിയിട്ടുണ്ട്. ബാക്കി കഥകള്‍ വരാനിരിക്കുന്നതേയുള്ളൂ. ഫാസിസത്തിന്റെ രീതികളെല്ലാം മണ്ണാര്‍ക്കാട്ട് കാണാനുണ്ടെന്ന് നാം നേരത്തെ പറഞ്ഞതാണ്. ഈ വിജയവും അതിന്റെ തുടര്‍ച്ചയാണ്. കലാപത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ഗുജറാത്തില്‍ മോദിക്കായിരുന്നു ജയം. ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കല്യാണ്‍ സിംഗായിരുന്നു ജയിച്ചത്. അരിയില്‍ ശുകൂറിന്റെ മണ്ഡലത്തില്‍ പഴയ ഇരുപത്തേഴായിരത്തിന്റെ ഭൂരിപക്ഷം നാല്‍പ്പതിനായിരമായി ഉയരുകയാണ് ചെയ്തത്. ജനാധിപത്യത്തിലെ നടപ്പ് ന്യായങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ദൈവത്തിന്റെ ഒരു കോടതി വരാനുണ്ടെന്ന് വിചാരമില്ലാത്തവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.
2011ലെ നിലപാട് മാറ്റം കണ്ടപ്പോള്‍ 2006ല്‍ നിന്ന് ലീഗ് പഠിച്ചുവെന്ന് സത്യമായും വിശ്വസിച്ചു. എല്ലാ അര്‍ഥത്തിലും സഹായിച്ചു. പരസ്യമായി തന്നെ ഈ സഹായം ലീഗ് അന്ന് സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഏറെ വൈകും മുമ്പ് അതൊരു വമ്പിച്ച തെറ്റിദ്ധാരണയായിരുന്നുവെന്ന് ലീഗ് തന്നെ കാണിച്ച് തന്നു. 2011ലെ ലീഗിന്റെ വിജയം ആഘോഷിക്കാനിറങ്ങിയത് ലീഗായിരുന്നില്ല, പാര്‍ട്ടി വിലാസത്തില്‍ വിലസുന്ന ചില കോല്‍മേസ്ത്രിമാരായിരുന്നു. സുന്നികള്‍ക്ക് നേരെ അന്നു പെയ്തത് തെറിയുടെ പെരുമഴ! ലീഗ് ഒരക്ഷരം മിണ്ടിയില്ല. കൊടുത്ത വോട്ടിന്റെ ചൂടാറും മുമ്പ് സുന്നികള്‍ അനുഭവിച്ചു തുടങ്ങി. പാര്‍ട്ടി ആധിപത്യം ഉറപ്പിക്കാനും മഹല്ല് പിടിച്ചടക്കാനുംവേണ്ടി മണ്ണാര്‍ക്കാട്ട് രണ്ട് സുന്നീ പ്രവര്‍ത്തകരെയാണ് വെട്ടി നുറുക്കി കൊന്നത്. മസ്ജിദ് തകര്‍ത്തു, മദ്‌റസക്ക് തീയിട്ടു, നിരവധി സ്ഥാപനങ്ങള്‍ പിടിച്ചെടുത്തു. ഭരണത്തിന്റെ സൗകര്യങ്ങള്‍ പലതും സുന്നികളെ ദ്രോഹിക്കാന്‍ വേണ്ടി ഉപയോഗിച്ചു. സുന്നികള്‍ യു ഡി എഫിന് വോട്ട് ചെയ്തില്ലെന്ന് ഇ ടി ബശീര്‍ പരിതപിച്ചിരിക്കുന്നു. മി. ബശീര്‍ സാഹിബ്, സുന്നികള്‍ എന്തിന് താങ്കളുടെ പാര്‍ട്ടിക്കു വോട്ട് ചെയ്യണം?
രാജ്യമൊന്നാകെ ഉറ്റുനോക്കിയ ചരിത്ര സംഭവമായിരുന്നു 2012ലെ കാന്തപുരത്തിന്റെ കേരളയാത്ര. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ യാത്രയില്‍ പങ്കാളികളായി; ലീഗ് നേതാക്കളൊഴികെ. ചിലര്‍ വേദിയുടെ താഴെ വരെ വന്നു മുകളിലേക്ക് വരാന്‍ കഴിയാത്തതിന്റെ സങ്കടം പറഞ്ഞു. ആരാണ് ലീഗിനെ തടഞ്ഞത്? കഴിഞ്ഞ വര്‍ഷം എടരിക്കോട് നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സംഗമത്തില്‍ ജനലക്ഷങ്ങളാണ് പങ്കെടുത്തത്. മലപ്പുറത്തിന്റെ ഹൃദയഭാഗത്ത് സമുദായത്തിലെ ഒരു വിഭാഗം ആഹ്ലാദപൂര്‍വം ഒത്തുചേര്‍ന്നപ്പോള്‍ അഞ്ച് മന്ത്രിമാരും പതിനഞ്ച് എം എല്‍ എമാരും ഉണ്ടായിട്ട് സൗഹൃദം നിലനിര്‍ത്താന്‍ ഒരൊറ്റ ആളെ പോലും അയച്ചില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രിയെ വരെ തടയാന്‍ ശ്രമിക്കുകയും ചെയ്തു, മി. ഇ ടിക്ക് പറയാമോ എന്തിനായിരുന്നു ഈ ബഹിഷ്‌കരണമെന്ന്? ആരെയാണ് മലപ്പുറത്തിന്റെ പുലിക്കുട്ടികള്‍ ഇവ്വിധം പേടിക്കുന്നതെന്ന്? സമുദായത്തോട് ഇതൊക്കെ തുറന്നു പറയാനുള്ള ബാധ്യത പാര്‍ട്ടിക്കുണ്ട്.
ജനപ്രതിനിധികള്‍ ഏത് പാര്‍ട്ടിക്കാരായിരുന്നാലും തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ജനങ്ങളുടെ പ്രതിനിധികളാണ്. ഭരണഘടനാപരമായ ചുമതലകള്‍ യാതൊരു വിവേചനമോ പക്ഷപാതിത്വമോ കൂടാതെ നിര്‍വഹിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടാണ് മന്ത്രിമാരും എം എല്‍ എമാരും ചുമതലകള്‍ ഏല്‍ക്കുന്നത്. പക്ഷേ, ലീഗ് എം എല്‍ എമാരും മന്ത്രിമാരും സുന്നി പരിപാടികളില്‍ സംബന്ധിക്കില്ല. ക്ഷണം സ്വീകരിക്കില്ല, വേദികള്‍ പങ്കിടുകയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അപൂര്‍വം ഇടങ്ങളില്‍ മാത്രമേ ഇതിനു അപവാദം ഉണ്ടായിട്ടുള്ളൂ. ലീഗ് സാമാജികര്‍ നടത്തിയിരിക്കുന്നത് വാസ്തവത്തില്‍ സത്യപ്രതിജ്ഞാ ലംഘനമാണ്. ആരെയോ പേടിച്ചാണ് ലീഗ് സാമാജികര്‍ ഇങ്ങനെ കൂട്ട ബഹിഷ്‌കരണം നടത്തുന്നത് എന്ന് വ്യക്തം. ഏതാണ് ലീഗിനെ ഇവ്വിധം ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന കറുത്ത ശക്തി? മര്‍കസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ഒരു ലീഗ് മന്ത്രി തൃശൂരില്‍ ചെന്നും കര്‍ണാടക യാത്രയില്‍ സംബന്ധിച്ചതിന് ഒരു ലീഗ് എം എല്‍ എ കാസര്‍ക്കോട് ചെന്നും ഏത്തമിട്ടത്രേ. ഇത്രയൊക്കെയായിട്ടും സുന്നികളുടെ വോട്ട് കിട്ടിയില്ല എന്ന പരിഭവം പറയാന്‍ ഇ ടിയെപ്പോലെ ഒരു നേതാവിന് നാണക്കേട് തോന്നാതിരുന്നതാണ് അതിശയം.
തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയാല്‍ ലീഗിന്റെ ഔദ്യോഗിക പ്രതിനിധികള്‍ ഉസ്താദിനെ കാണാന്‍ വരിക പതിവ് കാഴ്ചയാണ്. അഞ്ച് വര്‍ഷം കൊണ്ട് പുല്ലുകയറിയ വഴിയില്‍ അന്നാദ്യമാകും കാല്‍പ്പെരുമാറ്റമുണ്ടാകുക. ഉറപ്പുകളും വാഗ്ദാനങ്ങളും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സദ്‌വചനങ്ങളും കേള്‍ക്കാവുന്ന ഒരേയൊരു സന്ദര്‍ഭമാണിത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മൈക്ക് പാര്‍ട്ടിയുടെ തെമ്മാടിക്കൂട്ടം ഏറ്റെടുക്കും. എന്ത് ആഭാസത്തരങ്ങളും വിളിച്ചുപറയും, ഏത് കോപ്രായവും കാണിക്കും. മരണം, ജനാസ എന്നൊക്കെ പറഞ്ഞാല്‍ ഏത് കാടന്മാരും തല കുനിക്കും. ലീഗിന്റെ തെരുവിനങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ല. വഞ്ചനയാണ് ലീഗ് ഇതുവരെ കാണിച്ചത്. സമയമാകുമ്പോള്‍ നേതാക്കളോടു സൗഹൃദം കാണിക്കുക, മറുപുറത്തുകൂടെ പാര്‍ട്ടി ക്രിമിനലുകളെ ഇളക്കി വിടുക. സുന്നികള്‍ക്കു നേരെ നടന്ന ഏതെങ്കിലും ഒരക്രമത്തെ ലീഗ് നേതൃത്വം ഇന്നോളം തള്ളിപ്പറഞ്ഞിട്ടുണ്ടോ, അപലപിച്ചിട്ടുണ്ടോ? തലപ്പത്ത് പാണക്കാട്ടെ ആത്മീയതയും ഒരു സമസ്തയുടെ നാല്‍പ്പത് പണ്ഡിതന്മാരും… ഇതു നാണക്കേടാണ്. സമുദായത്തിന്റെ രക്ഷക്ക് വേണ്ടി രൂപം കൊണ്ട ലീഗിന്റെ കൊലപ്പട്ടിക ഒന്നു പരിശോധിച്ചു നോക്കുക. ഒരു ഷിബിനോ മറ്റോ കഴിഞ്ഞാല്‍ കൊന്നു തള്ളിയത് പാര്‍ട്ടിക്ക് വോട്ട് കിട്ടേണ്ട സമുദായത്തിലെ തന്നെ ഒരുവിഭാഗത്തെയാണ്. വോട്ട് പരിഭവം പറയുന്ന പാര്‍ട്ടി ഈ കൊലപാതക പരമ്പരകളുടെ ന്യായം കൂടി സമുദായത്തോട് പറയണം. ഇത്രയൊക്കെ ചെയ്തിട്ടും സുന്നികളുടെ വോട്ട് ചോദിക്കാന്‍ എന്ത് ധാര്‍മികാവകാശമാണ് പാര്‍ട്ടിക്കുള്ളത്?
ബി ജെ പിക്ക് വിജയിക്കാന്‍ സഹായകമായ നിലപാടാണ് മഞ്ചേശ്വരത്ത് സുന്നീ പക്ഷം സ്വീകരിച്ചത് എന്നാണ് ലീഗ് പരാതി. അപ്പോള്‍ നേമത്തോ? അവിടെ അക്കൗണ്ട് തുറക്കാന്‍ ബി ജെ പിക്ക് വോട്ട് ലഭിച്ചത് എവിടെ നിന്നാണ്? 2011ല്‍ 43661 വോട്ടുണ്ടായിരുന്ന ഒ രാജഗോപാല്‍ ഇത്തവണ എങ്ങനെ 67813 വോട്ട് നേടി? ഇടതുപക്ഷം, 2011ല്‍ നേടിയ 50076 ഇത്തവണ 59142 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും ചേര്‍ന്ന യു ഡി എഫിന് 2011ല്‍ ലഭിച്ച 20248 വോട്ട് ഇത്തവണ 13860 ആയി ചുരുങ്ങിയിരിക്കുന്നു. കുറവ് 6388. മണ്ഡലത്തിലുണ്ടായ വോട്ട് വര്‍ധന കൂടി പരിഗണിച്ചാല്‍ രാജഗോപാലിന്റെ ലീഡായ 8671 എവിടെ നിന്ന് വന്നു എന്ന് വ്യക്തം. മി. ബശീര്‍ സാഹിബ്, താങ്കള്‍ ആ പാര്‍ട്ടിയിലെ മാന്യനാണെന്ന് കരുതപ്പെടുന്ന നേതാവാണ്. നേമത്തെ വോട്ട് ദാനവും അതിന്റെ ഗുണഫലം അനുഭവിച്ച ലീഗ് സ്ഥാനാര്‍ഥികളുടെ പേര് വിവരവും ആദ്യം പറയുക. എന്നിട്ടു പോരേ മഞ്ചേശ്വരം വിശേഷം? മഞ്ചേശ്വരത്ത് ബി ജെ പിക്ക് വിജയസാധ്യത ഉണ്ടെങ്കില്‍ ആതാദ്യം കണ്ടെത്തുക തൊട്ടടുത്ത സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയും മുന്നണിയുമാണ്. വര്‍ഗീയ ആപത്തിനെ നേരിടാന്‍ സഹായിക്കണമെന്ന് എന്തുകൊണ്ട് ലീഗോ മുന്നണിയോ സുന്നീ നേതൃത്വത്തോട് ആവശ്യപ്പെട്ടില്ല? ആവശ്യപ്പെടാതെ കൊണ്ടിടാന്‍ ലീഗിന്റെ വോട്ട് പെട്ടിയെന്താ വഴിവക്കില്‍ സ്ഥാപിച്ച നേര്‍ച്ചപ്പെട്ടിയാണോ? മഞ്ചേശ്വരത്ത് എന്നല്ല, ഒരിടത്തും ലീഗ് നേതൃത്വം സുന്നീ നേതൃത്വത്തോട് ഇത്തവണ സഹായം ചോദിച്ചിട്ടില്ല. ചോദിച്ചിട്ടില്ലാത്ത സഹായം കിട്ടിയില്ല എന്നാണ് ലീഗിന് പരാതി.
(അവസാനിക്കുന്നില്ല).
ഒ എം തരുവണ +91 9400501168