Kerala
സഊദികള്‍ കേരളം ഉപേക്ഷിക്കുന്നു
കൊച്ചി: വര്‍ഷകാലത്ത് കേരളത്തേക്കൊഴുകാറുണ്ടായിരുന്ന സഊദി അറേബ്യന്‍ സ്വദേശികള്‍ ഇക്കുറി ദൈവത്തിന്റെ സ്വന്തം നാട് യാത്രാ പട്ടികയില്‍ നിന്നും ഒഴിവാക്കുകയാണ്. സഊദിയിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ പുതിയ നിയമമാണ് കേരളത്തിലെ മഴക്കാലമാസ്വദിക്കാനെത്തുന്നവരെ പിന്തിരിപ്പിക്കാന്‍ കാരണമായത്. ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ ടൂറിസം വ്യവസായത്തിന് ഏറ്റവുമധികം ലാഭം നേടിയെടുക്കാന്‍ സാധിച്ചിരുന്ന മണ്‍സൂണ്‍ ടൂറിസം മേഖല ഇതോടെ കനത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
പുതിയ നിയമം വന്നതോടെ സഊദി സ്വദേശികള്‍ക്ക് ഇന്ത്യയിലെത്തണമെങ്കില്‍ ആദ്യം അവരുടെ വിരലടയാളം പതിപ്പിക്കാന്‍ എംബസിയിലെത്തണം. കിലോമീറ്ററുകളോളം സഞ്ചരിച്ച് റിയാദിലെ എംബസിയിലെത്തി വിരലടയാളം പതിപ്പിക്കുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചു പോവുകയും വിസ തയ്യാറായിക്കഴിയുമ്പോള്‍ വീണ്ടും നേരിട്ടെത്തി കൈപ്പറ്റുകയും വേണം. നിയമത്തിന്റെ പുതിയ കുരുക്കിലൂടെ സഞ്ചാരികള്‍ വലിയ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുകയാണ് എന്ന കാരണത്താലാണ് ഇന്ത്യയിലേക്കുള്ള യാത്രയില്‍ നിന്നും സ്വയം പിന്മാറാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നത്.
കേരളത്തിലേക്കെത്തുന്ന അറേബ്യന്‍ സഞ്ചാരികളില്‍ കൂടുതലും സഊദിയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ വര്‍ഷം മഴക്കാലമാസ്വദിക്കാന്‍ മാത്രം കേരളത്തിലെത്തിയത് 70,000 സഊദി സ്വദേശികളാണ്. സഊദി അറേബ്യയിലെ ജുബൈല്‍, ദമാം, ജിസാന്‍, ജസീം മേഖലയില്‍ നിന്നുള്ളവരാണ് കൂടുതലായി കേരളത്തിലേക്ക് ഈ സമയത്ത് എത്തിക്കൊണ്ടിരുന്നത്. പുതിയ നിയമം വന്നതോടെ ഇവര്‍ക്ക് വിരലടയാളം പതിപ്പിക്കാന്‍ വലിയ ദൂരം യാത്ര ചെയ്യേണ്ടി വരുകയാണ്. ജുബൈലില്‍ നിന്നും റിയാദിലെ എംബസിയിലെത്തണമെങ്കില്‍ 600 കിലോമീറ്ററും, ദമാമില്‍ നിന്നും ജസീമില്‍ നിന്നും 500 കിലോമീറ്ററും സഞ്ചരിക്കണം. ഇത്തരത്തില്‍ രണ്ട് തവണ യാത്ര നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യാത്ര ചെയ്യേണ്ടി വരുന്നതില്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്ന് സഞ്ചാരികള്‍ അഭിപ്രായപ്പെട്ടതായി ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
ചുരുക്കത്തില്‍ ജിസാനില്‍ നിന്നുള്ള സഞ്ചാരിക്ക് നിയമ നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ആകെ 6400 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരുന്നു. ഇതോടെ ഇന്ത്യയിലേക്കെത്തേണ്ടിയിരുന്ന സഞ്ചാരികള്‍ ശ്രീലങ്ക, ഫിലിപ്പൈന്‍സ്, തായ്‌ലന്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര മാറ്റി തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയിലെത്തുന്ന സഊദി സഞ്ചാരികള്‍ ഏറ്റവുധികം ഇഷ്ടപ്പെടുന്നത് മൂന്നാറും, അതിരപ്പള്ളിയും, കേരളത്തിലെ വിവിധ ബീച്ചുകളുമാണ്. മഴക്കാല ബോട്ടിംഗിനും ഇവര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
ആയുര്‍വേദ ചികിത്സാ രംഗത്താണ് ഏറ്റവും അധികം നഷ്ടം സംഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ ഏറ്റവും കുറഞ്ഞത് 100 കോടി രൂപയുടെ നഷ്ടം ആയുര്‍വേദ മേഖലയിലെ പ്രധാനപ്പെട്ട ചികിത്സാ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മാത്രം സംഭവിക്കുമെന്ന് മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ട്രാവല്‍ ഏജന്‍സികള്‍ മുഖാന്തരം മുന്‍കൂര്‍ ബുക്ക് ചെയ്തിരുന്ന നൂറുകണക്കിന് പാക്കേജുകള്‍ ഇതിനോടകം റദ്ദാക്കപ്പെട്ടുകഴിഞ്ഞു. ജൂണ്‍ മാസം ആരംഭിച്ച് ഏഴ് ദിവസത്തിനകം റദ്ദാക്കപ്പെട്ട കണക്കുകളാണിത്.
ടൂറിസം മേഖലയില്‍ ഹോട്ടലുകള്‍ക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് അറേബ്യന്‍ ടൂറിസ്റ്റുകളില്‍ നിന്നുമാണെന്ന് മേഖലയിലുള്ളവര്‍ പറയുന്നു. ഇതോടെ സൗദിയില്‍ നിന്നും നിതാഖാത് നിയമത്തില്‍ പെട്ട് നാട്ടില്‍ മടങ്ങിയെത്തി ടൂറിസം മേഖലയില്‍ വിവിധ ജോലികള്‍ ചെയ്യുന്ന വലിയ വിഭാഗവും പ്രതിസന്ധിയിലായിരിക്കുകയാണ്.
സുരക്ഷാ മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഈ നിയമ വ്യവസ്ഥ എന്തുകൊണ്ട് സൗദി അറേബ്യക്ക് മാത്രം ബാധകമാക്കുന്നുവെന്നും പ്രശ്‌ന ബാധിതമായ മറ്റു രാജ്യങ്ങളെ ഉള്‍പ്പെടുത്താത്തിന് കാരണം മനസ്സിലാവുന്നില്ലെന്നും ചോദ്യം ഉയരുന്നു. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് അവിടെ വച്ച് വിരലടയാളം പതിപ്പിക്കാവുന്ന തരത്തില്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നും, അല്ലാത്ത പക്ഷം സൗദി സ്വദേശികള്‍ക്ക് ഉണ്ടാകുന്ന അധിക യാത്രാ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഇ-ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്നുമാണ് പ്രധാന ആവശ്യം. കേരളത്തിലേതിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലേയും ടൂറിസത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ് പുതിയ നിയമം.