Connect with us

Ramzan

നന്മയിലേക്ക് വഴി കാണിക്കണം

Published

|

Last Updated

പുണ്യത്തിന്റെ പൂക്കാലമെന്നാണ് റമസാനിനെ വിശേഷിപ്പിക്കപ്പെടാറുള്ളത്. എന്താണ് പുണ്യം? നിസ്‌കാരം, നോമ്പ്, ദാനധര്‍മം തുടങ്ങി ആരാധനകള്‍ മാത്രമല്ല എല്ലാ സുകൃതങ്ങളും നന്മകളും പുണ്യമാണ്. നന്മകളുടെ വഴികള്‍ വിശാലവും വൈവിധ്യവുമാണ്. നാം നിത്യേന വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. തിരക്കേറിയ ബസുകളില്‍ ചിലപ്പോള്‍ പ്രായം ചെന്നവരും രോഗബാധ കാരണം ക്ഷീണിതരുമായ ആളുകള്‍ ഇരിക്കാന്‍ സീറ്റ് ലഭിക്കാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെടാറുണ്ട്. അത്തരക്കാര്‍ക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നത് നന്മയാണ്. വഴികളിലെ മുള്ളുകളും യാത്രക്ക് പ്രയാസം സൃഷ്ടിക്കുന്ന കല്ലുകളും മാറ്റിയിടുന്നതും നന്മയാണ്.

വാഹനാപകടത്തില്‍പ്പെട്ട് മണിക്കൂറുകളോളം റോഡില്‍ കിടന്നു രക്തംവാര്‍ന്ന് മരിക്കുന്ന സംഭവങ്ങള്‍ പതിവ് വാര്‍ത്തയാണ്. സംഭവം കണ്ടിട്ടും കാണാത്ത ഭാവത്തില്‍ തിരിഞ്ഞുപോകുകയാണ് പലരും ചെയ്യാറ്. യഥാസമയം ആശുപത്രിയില്‍ എത്തിച്ചാല്‍ അത്തരം ഹതഭാഗ്യരില്‍ പലരും രക്ഷപ്പെടും. അതൊരു മഹത്തായ നന്മയാണ്. ഇങ്ങനെ അപരന് ഗുണം ചെയ്യുന്ന ഏത് കാര്യവും ഈമാനിന്റെ ഭാഗമായി റസൂല്‍ (സ) എണ്ണിയിട്ടുണ്ട്.

വൈദ്യുതിയില്ലാത്ത കാലത്ത് ഒരു ദിവസം കൂരിരുള്‍ നിറഞ്ഞ രാത്രിയില്‍ അമേരിക്കയിലെ ദുര്‍ഘടമായ വഴിയിലൂടെ നടന്നുപോയി ഒരു ബാലന്‍. വെളിച്ചമില്ലാതെ അതുവഴി നടന്നുപോകുന്നതിന്റെ പ്രയാസം അനുഭവിച്ചറിഞ്ഞ അവന്‍ അടുത്ത ദിവസം ആ വഴിയരികിലുള്ള തന്റെ വീടിന് മുന്നില്‍ ഒരു വിളക്ക് കൊളുത്തിവെച്ചു. യാത്രികര്‍ക്ക് അത് ആശ്വാസമായി. ഇത് കണ്ട സമീപത്തെ വീട്ടുകാരും തങ്ങളുടെ വീടിന് മുമ്പില്‍ വിളക്ക് കൊളുത്തിവെച്ചു. അതോടെ രാത്രിയില്‍ അതുവഴിയുളള യാത്ര സുഗമമായി. ഒരു ബാലന്റെ നന്മ ചെയ്യാനുള്ള മനസ്സാണ് മറ്റുള്ളവര്‍ക്കിതിന് പ്രചോദനമായത്. ഇതുപോലെ അപരനെ സഹായിക്കാനും ഗുണം ചെയ്യാനുമുള്ള സന്മനസ്സ് എപ്പോഴും നമുക്കുണ്ടായിരിക്കണം.

ഇസ്‌ലാമിക ചരിത്രത്തില്‍ തിളക്കമാര്‍ന്ന സംഭവങ്ങള്‍ ഈ ഗണത്തില്‍ ചൂണ്ടിക്കാണിക്കാനുണ്ട്. പ്രിയതമ ഫാതിമ (റ)ക്ക് വേണ്ടി ഈത്തപ്പഴം വാങ്ങി വീട്ടിലേക്ക് പോകുന്ന വഴി വിശന്നുവലഞ്ഞ ഒരു വഴിയാത്രികന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈത്തപ്പഴം അദ്ദേഹത്തിന് ദാനം ചെയ്തു അലി(റ). ഒരു പ്രദേശത്തുകാരുടെ ജലക്ഷാമം തീര്‍ക്കാനായി റുമ്മാന്‍ എന്ന കിണര്‍ വലിയൊരു സംഖ്യക്ക് വിലക്ക് വാങ്ങി പൊതുകിണറായി വഖ്ഫ് ചെയ്ത ഉസ്മാന്‍ (റ) വിശാല മനസ്‌കതയും സാമൂഹിക ബോധവും ഉദ്‌ഘോഷിക്കുകയായിരുന്നു. ഇത്തരം കാരുണ്യ ബോധത്തിലേക്കും ധര്‍മചിന്തയിലേക്കും ഗുണകാംക്ഷയിലേക്കും നമ്മെ നയിക്കാന്‍ സഹായകമാകണം റമസാന്‍. നമ്മുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും വികാരവിചാരാദികളിലും ഗുണകരമായ പരിവര്‍ത്തനം സൃഷ്ടിക്കുമ്പോള്‍ മാത്രമാണ് വ്രതാനുഷ്ഠാനവും റമസാന്‍ ആചരണവും സാര്‍ഥകമാകുന്നത്.