Kerala
ബാലവേല അവസാനിക്കണമെങ്കില്‍ സാഹചര്യം കൂടി ഇല്ലാതാകണം: മന്ത്രി
കോഴിക്കോട്: ബാലവേലക്ക് കാരണമായി തീരുന്ന സാഹചര്യം ഇല്ലാതാക്കിയാല്‍ മാത്രമേ ബാലവേല അവസാനിപ്പിക്കാന്‍ സാധ്യമാകുകയുള്ളുവെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന തൊഴിലാളി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ബാലവേല നിലവിലില്ല. ഒറ്റപ്പെട്ട തരത്തിലുള്ള ബാലവേല കൂട്ടായ പ്രവര്‍ത്തനങ്ങലിലുടെ നിര്‍ത്തലാക്കാന്‍ സാധിക്കും. സംസ്ഥാനത്തെ സമ്പൂര്‍ണ ബാലവേല വിമുക്തമാക്കാന്‍ അത്തരം പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകും.
ബാലവേലക്ക് കാരണമാക്കുന്ന സാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്തണം.
പട്ടിണിയും ദാരിദ്ര്യവുമാണ് പഠിച്ചും കളിച്ചും നടക്കേണ്ട പ്രായത്തില്‍ ബാലവേല എടുക്കേണ്ടിവരുന്നത്. ഇവര്‍ക്ക് സാമൂഹ്യമായ അവകാങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലകളില്‍ കലക്ടറുടെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് ലേബര്‍ റിഹാബിലിറ്റേഷന്‍ വെല്‍ഫയര്‍ കമ്മിറ്റി നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ബാലവേല അവസാനിച്ചു എന്നതാണ്. എവിടെയെങ്കിലും ബാലവേലയുണ്ടെങ്കില്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടും. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ബാലവേല വിരുദ്ധ സംസ്ഥാനമായി കേരളത്തെ മാറ്റണം. നിലവില്‍ ബാലവേലയുണ്ടാകാന്‍ സാധ്യത ഉള്ളത് അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നു വരവോടെയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം നിര്‍ണയിക്കാന്‍ വ്യക്തമായ സംവിധാനമില്ലാത്തതാണ് ഇതിന് കാരണം. അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവരെ തൊഴിലില്‍ നിയമത്തിന് കീഴില്‍ കൊണ്ടുവരും.
നിയമപരമായ ആനുകൂല്യം തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നത് സര്‍ക്കാറിന്റെ കടമയാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടികളെ കാണാതാവുന്നത് മുതല്‍ അവര്‍ക്കെതിരെയുള്ള പീഡനം വരെയുള്ള എല്ലാ പ്രശ്‌നങ്ങളും അറിയിക്കാന്‍ ചൈല്‍ഡ് ലൈനിന്റെ 1098 ടോള്‍ഫ്രീ നമ്പറുള്ളതുപോലെ ബാലവേലയെക്കുറിച്ച് വിവരമറിയിക്കാന്‍ തൊഴില്‍വകുപ്പിന് കീഴില്‍ രണ്ട് ടോള്‍ ഫ്രീ നമ്പറുള്ള കാര്യം മന്ത്രി ടി പി രാമകൃഷ്ണന്‍ ഓര്‍മിപ്പിച്ചു. 155214, 180042555214 എന്നിവയാണ് ഈ നമ്പറുകള്‍. ബാലവേല മാത്രമല്ല, തൊഴില്‍വകുപ്പുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നങ്ങള്‍ക്കും ഏത് ഫോണില്‍ നിന്നും സൗജന്യമായി ഈ നമ്പറുകളിലേക്ക് വിളിക്കാം. ലോകബാലവേല വിരുദ്ധദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.