National
എയര്‍ കേരളയ്ക്ക് പ്രതീക്ഷയേറുന്നു; പുതിയ വ്യോമയാന നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ക്കു ചിറകുകള്‍ നല്‍കി പുത്തന്‍ വ്യോമയാന നയത്തിനു കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ എയര്‍ കേരളയ്ക്ക് പ്രതീക്ഷ നല്‍കുന്ന നയമാണ് പുതിയത്. അന്താരാഷ്ട്ര സര്‍വ്വീസിന് അഞ്ച് വര്‍ഷത്തെ ആഭ്യന്തര പ്രവര്‍ത്തന പരിചയം വേണമെന്ന നിബന്ധനയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഇത് കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ എയര്‍ കേരളയ്ക്ക് വീണ്ടും ജീവന്‍ വെക്കാന്‍ സഹായകമാകുന്നതാണ്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തില്‍ ഇളവ് വേണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല.
സാധാരണക്കാര്‍ക്കു പോലും ചുരുങ്ങിയ ചെലവില്‍ രാജ്യത്ത് വിമാനയാത്ര നടത്താവുന്ന തരത്തിലാണ് വ്യോമയാന നയത്തില്‍ ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്. ഒരു മണിക്കൂര്‍ യാത്രക്ക് 2,500 ഉം അരമണിക്കൂര്‍ യാത്രക്ക് 1,200ഉം മാത്രമാണ് പുതിയ നിരക്ക്. അതേസയം സര്‍വീസുകള്‍ നടത്താന്‍ 20 വിമാനങ്ങള്‍ വേണമെന്ന വ്യവസ്ഥ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ആഭ്യന്തര സര്‍വീസ് പരിചയം നിര്‍ബന്ധമല്ല. ഒപ്പം എല്ലാത്തരം ടിക്കറ്റുകള്‍ക്കും റീഫണ്ട് സംവിധാനമേര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.