National
ഇസ്രത്ത് ജഹാന്‍ കേസ്; അന്വേഷണ ഉദ്യോഗസ്ഥന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം
ന്യൂഡല്‍ഹി : ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി വി കെ പ്രസാദ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രമാണ് പുറത്തുവിട്ടത്. എന്നാല്‍ ആരോപണങ്ങള്‍ വി കെ പ്രസാദ് നിഷേധിച്ചു.
ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ടു കാണാതായ അഞ്ചുരേഖകളില്‍ ഒരു പേപ്പര്‍ മാത്രമാണു തിരികെകിട്ടിയിട്ടുള്ളതെന്നു വികെ പ്രസാദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 സെപ്റ്റംബര്‍ 18,28 തീയതികള്‍ക്കിടയില്‍ രേഖകള്‍ കാണാതായെന്നാണ് അന്നത്തെ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയടക്കമുള്ള വിരമിച്ചതും സര്‍വീസിലുള്ളതുമായ ഉദ്യോഗസ്ഥരുടെ മൊഴികള്‍.ആദ്യ സത്യവാങ്മൂലത്തില്‍നിന്ന് വ്യത്യസ്തമായി ഇസ്രത് ജഹാന്‍ ലഷ്‌കറെ തോയ്ബ തീവ്രവാദിയാണെന്നു തെളിയിക്കുന്ന ആധികാരികമായ ഒരു തെളിവും ഇല്ലെന്ന് 2009 സെപ്റ്റംബര്‍ 29ന് ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. 2004 ജൂണ്‍ 15നാണ് അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്തില്‍വച്ച് ഇസ്രത്, ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദാലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെ പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. കൊല്ലപ്പെട്ടവര്‍ ലഷ്‌കറെ ഭീകരര്‍ ആണെന്നും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനാണ് എത്തിയത് എന്നുമായിരുന്നു ഗുജറാത്ത് പോലീസിന്റെ വാദം.