Articles
വ്യത്യസ്തനായിരുന്നു, കുറ്റിയില്‍ അബ്ദുര്‍റഹ്മാന്‍ ഹാജി
കുറ്റിയില്‍ അബ്ദുര്‍റഹ്മാന്‍ ഹാജി. സുന്നി പ്രാസ്ഥാനിക കുടുംബത്തിന് സുപരിചിത പേര്. ഒരിക്കല്‍ കണ്ടുമുട്ടിയാല്‍ പിന്നീടൊരിക്കലും മറക്കാത്ത വ്യക്തിത്വം. അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെ കുലീനതയും സ്വീകരണത്തിലെ വശ്യതയും ആരും സമ്മതിച്ചു പോകും. അതാണ് അന്ത്രു ഹാജി എന്ന അബ്ദുര്‍റഹ്മാന്‍ ഹാജി.
ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ബന്ധങ്ങളുടെ തുടക്കം കൊടിയത്തൂര്‍ തര്‍ബിയത്തിന് വേണ്ടിയും എസ് വൈ എസിന് വേണ്ടിയും. പിന്നീട് ആ ബന്ധത്തിന് ഒരിക്കല്‍ പോലും ബലക്ഷയം സംഭവിച്ചിട്ടില്ല.
ഹാജി മരിക്കുന്നത് ജൂണ്‍ 13 തിങ്കളാഴ്ച രാവിലെ ഒരു വാഹനാപകടത്തില്‍. മകളെ പരിയാരം മെഡിക്കല്‍ കോളജില്‍ ക്ലാസില്‍ എത്തിക്കാന്‍ പോകുമ്പോള്‍. ശനിയാഴ്ച ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നോമ്പ് തുറക്കാന്‍ ഹാജി ക്ഷണിച്ചു. ഞായറാഴ്ച പയ്യോളിയില്‍ പ്രവര്‍ത്തക ക്യാമ്പ് കഴിഞ്ഞു ഞാന്‍ ഹാജിയെ വിളിച്ചു. നോമ്പ് തുറക്കാന്‍ വരുമെന്ന് അറിയിച്ചു. നിറഞ്ഞ സംതൃപ്തിയില്‍ ഞായറാഴ്ച 6. 45ന് ഞങ്ങളെ സ്വീകരിക്കാന്‍ കാത്തുനിന്ന ഹാജിയുടെ ജനാസയും കാത്ത് തിങ്കളാഴ്ച അഞ്ച് മണി മുതല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നപ്പോള്‍ വിവരിക്കാനാകാത്ത വികാരവിചാരങ്ങള്‍ മനസിലൂടെ കടന്നു പോയി.
തലേന്നാള്‍ നോമ്പ് തുറക്കുമ്പോള്‍ സല്‍കാരപ്രിയനായ ഹാജി വിഭവസമൃദ്ധമായ തീന്‍മേശയില്‍ നിന്നും ഞങ്ങളുടെ പ്ലയിറ്റുകള്‍ നിര്‍ബന്ധപൂര്‍വം നിറക്കുകയായിരുന്നു. ഒരിക്കലും മറക്കാനാകാത്ത കൂടിക്കാഴ്ചയും സല്‍ക്കാരവും. അത് കഴിഞ്ഞു അകത്ത് പോയി കോഴിക്കോട് മെഡിക്കല്‍ കോളജിലെ എസ് വൈ എസ് സ്വാന്തന വിഭാഗമായ “സഹായി”ക്കും കൊടിയത്തൂര്‍ തര്‍ബിയത്തിനും വലിയ സ്വദഖ നല്‍കി അബ്ദുര്‍റഹ്മാന്‍ ഹാജി ഞങ്ങളെ യാത്രയാക്കുമ്പോള്‍ അത് അവസാന കൂടിച്ചേരലാകുമെന്ന് നിനച്ചിരുന്നില്ല. പരസ്പരം ദുആ കൊണ്ട് വസിയ്യത്ത് ചെയ്ത് ഞാനും “സഹായി” ജനറല്‍ സെക്രട്ടറി നാസര്‍ ചെറുവാടിയും യാത്ര പറഞ്ഞിറങ്ങിയത് രാത്രി 8.40ന്. ഒരു പക്ഷേ, അദ്ദേഹത്തിന്റെ ആതിഥ്യവും സഹായവും അവസാനമായി സ്വീകരിച്ചത് ഞങ്ങളായിരിക്കും.
തിങ്കളാഴ്ച രാവിലെ നാസര്‍ ചെറുവാടിയുടെ ഫോണ്‍ വരുന്നു. അസാധാരണ സ്വരം. ദുഖം നിറഞ്ഞ തുടക്കം. പിന്നീട് ആ വാര്‍ത്ത അറിയിച്ചപ്പോള്‍ ഞാന്‍ തീര്‍ത്തും സ്തബ്ധനായി. തുടര്‍ന്ന് തളിപ്പറമ്പിലേക്കും കണ്ണൂരിലേക്കും ഫോണ്‍ വിളിച്ചു. വിവരങ്ങള്‍ അന്വേഷിച്ചു. വൈകുന്നേരം ഞങ്ങള്‍ രണ്ടു പേരും ഹാജിയുടെ വീട്ടില്‍ എത്തി. സുന്നിപ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന ഒരു വ്യൂഹം ജനാസ എത്തുന്നതിനു മുമ്പുള്ള ഒരുക്കങ്ങളില്‍ വ്യാപൃതരായി ഉണ്ടായിരുന്നു.
സുബ്ഹി നിസ്‌കാരം കഴിഞ്ഞു വീട്ടില്‍ നിന്നും പുറപ്പെട്ട ഹാജി നോമ്പുകാരനായി ഒരു വഖ്ത് നിസ്‌കാം പോലും നഷടപ്പെടാതെ ഉഖ്‌റവിയായ രക്തസാക്ഷിയായി തളിപ്പറമ്പ് കുറ്റിക്കോലില്‍ ഉണ്ടായ അപകടത്തില്‍ നമ്മോട് വിട പറഞ്ഞു. മരണത്തിന്റെ സമയവും നേരവും സ്ഥലവും നിര്‍ണിതവും അലംഘനീയവുമാണല്ലോ.
ദീനീസ്ഥാപനങ്ങളുടെ കരുത്തുറ്റ പിന്‍ബലമായിരുന്നു അദ്ദേഹം. മര്‍കസ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സഹായം പല തവണ ലഭിച്ചിട്ടുണ്ട്. മര്‍കസ് എക്‌സലന്‍സി ക്ലബ്ബില്‍ അംഗവുമായിരുന്നു. പാവങ്ങളെ അദ്ദേഹം നന്നായി സഹായിച്ചിരുന്നു. ഏത് സഹായവും സ്വകാര്യമായിട്ടായിരുന്നു ഹാജി നല്‍കിയിരുന്നത്. എസ് വൈ എസ്, കേരളാ മുസ്‌ലിം ജമാഅത്ത്, ഐ സി എഫ്, തുടങ്ങിയ സംഘടനകളുടെ മുന്നണിപ്പോരാളിയുമായിരുന്ന അദ്ദേഹം മാതൃകായോഗ്യനായ പ്രവാസിപ്രമുഖനായിരുന്നു. ഖത്വര്‍ കേന്ദ്രീകരിച്ചുള്ള തന്റെ സംരംഭങ്ങള്‍ വളര്‍ന്നു വലുതാകുന്നതനുസരിച്ച് അദ്ദേഹം കൂടുതല്‍ കൂടുതല്‍ വീനീതനാകുകയാണുണ്ടായത്.
ആര്‍ക്കും ഹാജിയെപ്പറ്റി എതിരൊന്നും പറയാനുണ്ടാകില്ല. നാട്ടുകാര്‍ക്കും പ്രവാസികള്‍ക്കും കൂട്ടുകാര്‍ക്കുമൊന്നും. നാട്ടിലെ ദീനീസ്ഥാപനങ്ങളുടെ മുന്‍നിരയില്‍ ഹാജിയുണ്ടാകുന്നതിന്റെ ജനാംഗീകാരമാണ് പൈങ്ങോട്ടായി സുന്നി മഹല്ല് കമ്മറ്റിയുടേയും സുനനുല്‍ ഹുദാ മദ്‌റസയുടേയും സാരഥ്യം അദ്ദേഹത്തെ ഏല്‍പ്പിച്ചത്.
പൈങ്ങോട്ടായി എന്ന പ്രദേശം തികച്ചും ഗ്രാമീണമാണ്. പക്ഷേ പള്ളിക്കേസിലൂടെ പൈങ്ങോട്ടായി ഏറെ അറിയപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരനാളുകളില്‍ അബ്ദുര്‍റഹ്മാന്‍ ഹാജി സുന്നി പക്ഷത്ത് ഉറച്ചു നിന്നു. നീതിക്കു വേണ്ടി പട പൊരുതി.
പൈങ്ങോട്ടായി സുന്നി മസ്ജിദിനോട് ചേര്‍ന്ന് ഹാജി വാങ്ങി കുടുംബ ഖബര്‍സ്ഥാനായി മാറ്റി വെച്ച സ്ഥലത്താണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമമെന്നതും അധികമാര്‍ക്കും ലഭിക്കാത്ത ഒരു അവസരമാണ്. ഈ വ്യത്യസ്തതകളെല്ലാം അദ്ദേഹത്തിന്റെ ഖബറ് ജീവിതത്തിലും പാരത്രിക ജീവിതത്തിലും മുതല്‍ കൂട്ടാകട്ടെ. വേണ്ടപ്പെട്ടവരോടൊപ്പം അദ്ദേഹത്തിന് സ്വര്‍ഗ പ്രവേശം ലഭിക്കുമാറാവട്ടെ. കുടുംബാംഗള്‍ക്കും ബന്ധുമിത്ര സ്‌നേഹജനങ്ങള്‍ക്കും ക്ഷമയും റബ്ബ് നല്‍കുമാറാകട്ടെ. പരുക്കേറ്റ മകള്‍ക്കും ഡ്രൈവര്‍ക്കും പൂര്‍ണ ശിഫ അള്ളാഹു നല്‍കുമാറാകട്ടെ. ആമീന്‍.