Connect with us

Articles

റമസാന്‍ വ്രതം ഭാവിക്ക് വേണ്ടിയുള്ള കരുതല്‍

Published

|

Last Updated

സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് മനസ്സിനും ശരീരത്തിനും പുണ്യങ്ങളുടെ പൂക്കാലമാണ്. മാത്രമല്ല, ഭാവി ജീവിതത്തിന് വേണ്ടിയുള്ള “കരുതല്‍” ശേഖരിക്കുന്ന സമയവുമാണിത്. പ്രത്യേകിച്ച് ആത്മീയമായുള്ള കാഴ്ചപ്പാടില്‍.
മിതത്വം പാലിക്കുന്നതിന് എല്ലാ തലങ്ങളിലും നല്ല ശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നോക്കിലും വാക്കിലും പ്രവൃത്തിയിലും ഒപ്പം ഭക്ഷണ ചെലവുകളില്‍ പോലും. ധാരാളിത്തം വിശുദ്ധ നോമ്പിന്റെ സന്ദേശങ്ങളെ ദുര്‍ബലമാക്കും. തീര്‍ച്ച. കഴിഞ്ഞ പതിനൊന്ന് മാസക്കാലത്തെ നമ്മുടെ കുടുംബങ്ങളിലെ നിത്യനിദാന ചെലവുകളും റമസാന്‍ മാസകാലയളവിലെ ചെലവുകളും തീര്‍ത്തും പൊരുത്തപ്പെടണം. ഒരു കാരണവശാലും അധികമായിക്കൂടാ. ഒപ്പം ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപയോഗശൂന്യമാക്കുന്നതും സൂക്ഷിക്കണം.
നമ്മുടെ അയല്‍പക്കങ്ങളില്‍ നമ്മെപ്പോലെ പടച്ചതമ്പുരാന്‍ ജന്മം നല്‍കിയ എത്രയോ സഹോദരങ്ങള്‍ ഭക്ഷണത്തിനും ദാഹജലത്തിനുമായി വേഴാമ്പലിനെ പോലെ കേഴുന്നു. അവര്‍ വയറ് നിറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. വിശപ്പ് മാറ്റാന്‍ മാത്രമാണ് മോഹിക്കുന്നത്. ചിലര്‍ വിശന്ന് ദാഹിച്ച് തളര്‍ന്ന് തളര്‍ന്ന് മരിക്കുന്നു. അവിടെയാണ് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ നാം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത്. ഇതിനെ വിശ്വാസം അംഗീകരിക്കില്ല. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ തന്റെ അനുചരനല്ല എന്നാണ് പ്രവാചകനായ നബി തിരുമേനി പഠിപ്പിച്ചിരിക്കുന്നത്. അയല്‍ക്കാരന്‍ എന്നാല്‍, നമ്മുടെ മതിലിന് പുറത്തുള്ള സ്വസമുദായമെന്ന് കരുതരുത്. അതിനപ്പുറത്ത് കാതങ്ങള്‍ക്കപ്പുറത്ത് നാല്‍പ്പത് വീടുകള്‍ കൂടിയുണ്ടെന്ന് ഓര്‍ക്കണം.
മനുഷ്യകുലത്തെയാണ് വിശ്വാസം സംബോധന ചെയ്യുന്നത്. അല്ലാതെ ഒരു മതത്തെ മാത്രമല്ല.
ചില അറേബ്യന്‍ രാജ്യങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ റമസാന്‍ മാസത്തിലെ വിറ്റുവരവ് മുന്‍ മാസങ്ങളെക്കാള്‍ എത്രയോ ഇരട്ടി. എന്നാല്‍ ഈ കാലയളവില്‍ ജനങ്ങളുടെ എണ്ണത്തില്‍ കൂടുതലില്ല. കഴിക്കുന്നവരുടെ അന്നനാളങ്ങളും ആമാശയങ്ങളും പഴയതു തന്നെ. അപ്പോള്‍, എന്തിനാണ് ഈ ധാരാളിത്തം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ പഴി പറയാമോ?
ഒരു കാര്യം സത്യമാണ്. ദുശ്ശീലങ്ങളില്‍ വലിയ കുറവുണ്ട്. ദുര്‍നടപ്പുകളിലും. അക്രമം, അനീതി, വഴക്കുകള്‍ ഇവയിലെല്ലാം തീര്‍ത്തും മിതത്വമുണ്ടെന്ന് ലോക പഠനങ്ങള്‍ തെളയിക്കുന്നു. വരുന്ന പതിനൊന്ന് മാസം കൂടി ഈ കരുതല്‍ ഉണ്ടാകണമെന്നാണ് ഇസ്‌ലാം റമസാന്‍ മാസത്തിലെ കഠിനവ്രതാനുഷ്ഠാനത്തിലൂടെ പഠിപ്പിക്കുന്ന പാഠങ്ങളില്‍ പ്രധാനമെന്ന് മറന്നുകൂടാ. എന്നാല്‍, ശാസ്ത്ര സാങ്കേതിക വിദ്യ പുതിയ തലമുറക്ക് നല്‍കിയിരിക്കുന്ന ഫെയ്‌സ് ബുക്കും ഇന്റര്‍നെറ്റുമെല്ലാം ഉപയോഗിച്ച് “സൈബര്‍” കൃത്യങ്ങള്‍ വര്‍ധിക്കുന്നു; മനസ്സാക്ഷിയില്ലാതെ തന്നെ.
നോമ്പെടുത്ത് പ്രാര്‍ഥിച്ച് ദൈവത്തിന്റെ കൃപ നേടിയെടുക്കുന്നതിന് പകരം വിശുദ്ധ റമസാനിലെ ഏറെ പുണ്യമുള്ള സുന്നത്ത് നിസ്‌കാരമായ തറാവീഹിന് പോലും പോകാതെ, അല്ലെങ്കില്‍ ശേഷം ഉറങ്ങാതെ വിരല്‍ തുമ്പ് കൊണ്ട് “കുറ്റകൃത്യ”ങ്ങള്‍ ചെയ്യുന്ന ഇളം തലമുറയെ നാം നല്ല പാഠങ്ങള്‍ പഠിപ്പിക്കുക തന്നെ വേണം. ശാസ്ത്രം നല്ലതാണ്. സാങ്കേതിക വിദ്യയും. നല്ല കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. എന്നാല്‍, ആത്മീയ ശുദ്ധീകരണം ഇതിനേക്കാള്‍ വലുതാണെന്ന് തിരിച്ചറിയുക തന്നെ വേണം.
സമൂഹ നോമ്പ് തുറകളുടെ എണ്ണം കൂടിക്കൂടി വരികയാണ്. അതൊരു അലങ്കാരമായി മാറുന്നുണ്ടോ? നോമ്പ് അനുഷ്ഠിച്ചവനെ തുറപ്പിക്കുന്നത് സുന്നത്താണ്. വിശ്വാസം അത് ഓര്‍മപ്പെടുത്തുന്നുണ്ട്. ഒരു ഗ്ലാസ് വെള്ളവും കാരക്കയും ഉണ്ടായാലും നോമ്പ് തുറപ്പിക്കാം. പ്രാര്‍ഥനക്ക് ശേഷം വിശപ്പും ദാഹവും തീര്‍ക്കുന്നതിന് ഭക്ഷണങ്ങളും നല്‍കാം. എന്നാല്‍, വെറും പ്രകടനാത്മകമാകുന്ന , അനാവശ്യ വിഭവങ്ങള്‍ കുത്തിനിറച്ച, നിരത്തിവെച്ചതില്‍ പകുതിയിലേറെയും കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നതായി പല നോമ്പ് തുറകളും മാറുന്നുണ്ട്. ഒരാള്‍ അല്ലെങ്കില്‍ ഒരു സംഘടന ചെയ്തതിനേക്കാള്‍ പത്ത് മടങ്ങ് കൂടുതല്‍ തങ്ങള്‍ ചെയ്താല്‍ മാത്രമേ പേരും പ്രശസ്തിയും ലഭിക്കൂ എന്ന് ധരിക്കുന്നവര്‍ തിരുത്തുക തന്നെ വേണം.
പ്രകൃതിയെ സ്‌നേഹിക്കുക മാത്രമല്ല, സംരക്ഷിച്ച് നിലനിര്‍ത്തുന്നതിലും വലിയ വിലയും ഉപദേശ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട് ഇസ്‌ലാം. ജലം ഉപയോഗിക്കുന്നതില്‍ മാത്രമല്ല, യുദ്ധങ്ങള്‍ക്കിടയില്‍ മരച്ചില്ലകള്‍ മുറിക്കുന്നതില്‍ പോലും അനുവദിക്കാത്ത സൂക്ഷ്മത പ്രകൃതിയുടെ കാര്യത്തില്‍ ഇസ്‌ലാം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ചില പൊതു നോമ്പുതുറകളില്‍ പ്ലാസ്റ്റിക് ഉപരിതലത്തില്‍ പുരട്ടിയ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കുന്നു. ശേഷം അവ വലിച്ചെറിയുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഭൂമിക്ക് ഭാരമായി ജീവന്റെ കണികയ ഹിംസിക്കുന്ന മണ്ണിന്റെ ഘാതകനായ ഈ വസ്തുക്കള്‍ സൃഷ്ടിക്കുന്ന പ്രകൃതിവിരുദ്ധത നാം തിരിച്ചറിയണം. കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ മാത്രമേ നോമ്പ് തുറകള്‍ക്ക് ഉപയോഗിക്കുകയുള്ളൂ എന്ന പ്രതിജ്ഞയെടുക്കുന്നതാകട്ടെ ഈ വര്‍ഷത്തെ വ്രതാനുഷ്ഠാനം എന്ന് ആശിച്ചു പോകുന്നു.
നോക്കിലും വാക്കിലും ചിന്തയിലും പ്രവൃത്തിയിലും ഭാവിക്ക് വേണ്ടിയുള്ള ആത്മീയ തയ്യാറെടുപ്പിലുമെല്ലാം അതീവ സൂക്ഷ്മതയാണ് ഇസ്‌ലാം ഓര്‍മപ്പെടുത്തുന്നത്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അടുത്ത പതിനൊന്ന് മാസത്തെ ഭൗതികവും ആത്മീയവുമായ ജീവിതത്തിന്റെ തുടക്കം മാത്രമാണ് വിശുദ്ധ റമസാനിലെ വ്രതാനുഷ്ഠാനം.

Latest