Connect with us

Gulf

മൂല്യങ്ങളും പാരമ്പര്യവും കാത്ത് സന്തുഷ്ടരാവുക: ഹകീം അസ്ഹരി

Published

|

Last Updated

ദുബൈ: ലോകം മുഴുവന്‍ സന്തുഷ്ടിയും സമാധാനവും നിലനിര്‍ത്തണമെന്ന സന്ദേശമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്നും സമാധാനവും സ്‌നേഹവും പാരസ്പര്യവും കാരുണ്യവും നിലനില്‍ക്കുന്ന സമൂഹത്തിലാണ് സംതൃപ്തമായ ജീവിതം ഉണ്ടാവുകയുള്ളൂവെന്നും ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പ്രഭാഷണ വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തിലും സമൂഹത്തിലും വൈയക്തിക ജീവിതത്തിലും ഇന്ന് അശാന്തിയും അസംതൃപ്തിയും നിറഞ്ഞുനില്‍ക്കുന്നു. സാമൂഹിക ഘടനയില്‍ തന്നെ വലിയ വിള്ളലുകള്‍ രൂപപ്പെട്ടു വരികയാണ്. സംതൃപ്തി നിറഞ്ഞ മനസും ജീവിതവും ഒരാള്‍ക്കുണ്ടായാല്‍ അയാളുടെ ജീവിതം സന്തുഷ്ടമായിത്തീരും.
ജീവിത വിജയത്തിന്റെ പ്രധാന മാര്‍ഗം സംതൃപ്തിയാണ്. സംതൃപ്തിയുടെ അടയാളമാവട്ടെ പ്രസന്നമായ മുഖമാവും. അതിന് അസൂയ, ലോകമാന്യം, പരദൂഷണം, അഹംഭാവം, കോപം, അഹങ്കാരം, വെറുപ്പ്, കലഹം, പക, ആര്‍ത്തി തുടങ്ങി എല്ലാ തിന്മകളില്‍ നിന്നും അവന്‍ മോചിതനാകണം.

സന്തുഷ്ട ജീവിതം കെട്ടിപ്പടുക്കാനായി നബി തിരുമേനി (സ) ധാരാളം നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. “അനാവശ്യ കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ അകന്നു നില്‍ക്കുക എന്നാണതിലൊന്ന്. എങ്കില്‍ നിങ്ങള്‍ ജനങ്ങളില്‍ ഏറ്റവും നന്ദിയുള്ള ആളായി തീരും. നിങ്ങള്‍ക്ക് വേണ്ടി ആഗ്രഹിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയും ആഗ്രഹിക്കുക എങ്കില്‍ നിങ്ങള്‍ ഒരു സത്യവിശ്വാസിയായി തീരും. സമീപവാസികള്‍ക്ക് നിങ്ങള്‍ നല്ലൊരു അയല്‍ക്കാരനാവുക എങ്കില്‍ നിങ്ങള്‍ നല്ലൊരു മുസ്‌ലിമായി. ചിരിയില്‍ മിതത്വം പാലിക്കുക, അമിത ചിരി ഹൃദയത്തെ കൊല്ലും”. കിട്ടിയത് കൊണ്ട് തൃപ്തിയടയലും കിട്ടാത്തതില്‍ ആഗ്രഹമില്ലാതിരിക്കലുമാണ് സംതൃപ്തി എന്നാണ് ആത്മജ്ഞാനികള്‍ പറയുന്നത്.

മൂല്യങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഒരാള്‍ക്ക് സന്തുഷ്ടവാനാകാന്‍ കഴിയും. പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും വളരെ യുക്തിയോടെയും അവധാനതയോടെയും നേരിടാന്‍ കഴിയണം. ജീവിതത്തിലുടനീളം സത്യസന്ധത, നീതിപാലനം, ഉത്തരവാദിത്തബോധം, സദാചാര നിഷ്ഠ എന്നിവ കാത്തുസൂക്ഷിക്കണം.
കൂടെയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുകയും സന്തോഷവും സുഖവും മറ്റുള്ളവര്‍ക്കുകൂടി ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. അദ്ദേഹം ഓര്‍മിപ്പിച്ചു.

പരിപാടിയില്‍ എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ വൈസ് ചെയര്‍മാന്‍ സഈദ് അബ്ദുല്ല അല്‍ ഹാരിബ് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം വില്യാപ്പള്ളി തുടങ്ങിയ പ്രാസ്ഥാനികസാമൂഹികസാംസ്‌കാരിക നേതാക്കളും സംബന്ധിച്ചു.