Kerala
മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശത്തിന്റെ പരിധിയിലെന്ന് കമ്മീഷന്‍
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്‌സൈറ്റ് വഴി പരസ്യപ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. യുഡിഎഫ് മന്ത്രിസഭയുടെ അവസാന കാലത്ത് എടുത്ത വിവാദ തീരുമാനങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലെ തര്‍ക്കം പരിഹിച്ചാണ് കമ്മീഷന്റെ സുപ്രധാന ഉത്തരവ്.
തീരുമാനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ പ്രവര്‍ത്തകന്‍ ഡിബി ബിനു സമര്‍പ്പിച്ച വിവരാവകാശ ഹരജി പൊതുഭരണ വകുപ്പ് തള്ളിയിരുന്നു. മന്ത്രിസഭാ തീരുമാനങ്ങളില്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതും വരാതത്തതുമായ കാര്യങ്ങള്‍ ഉണ്ടെന്നും ഇത് വേര്‍തിരിച്ച് എടുക്കുക സാധ്യമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൊതു ഭരണ വകുപ്പിന്റെ നടപടി. പൊതുഭരണ വകുപ്പ് ഹരജി തള്ളിയതോടെ ബിനു കമ്മീഷനെ സമീപിക്കുകായിരുന്നു. തുടര്‍ന്ന് വാദം കേട്ട വിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം പോള്‍ പൊതുഭരണവകുപ്പിന്റെ നടപടി തെറ്റാണെന്ന് കണ്ടെത്തി.