Connect with us

Ramzan

ഇഅ്തികാഫ്: പാപങ്ങളില്‍ നിന്നുള്ള സുരക്ഷാ ഭിത്തി

Published

|

Last Updated

ഇഅ്തികാഫ് പുണ്യമേറിയ ഒരു ഐച്ഛിക കര്‍മമാണ്. അല്ലാഹുവിന്റെ സാമീപ്യം കൊതിച്ച് ജീവിതത്തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്ന് ദൈവസ്്മരണയിലും ആരാധനകളിലും മുഴുകി ഇഅ്്തികാഫിന്റെ നിയ്യത്തോടെ പള്ളിയില്‍ കഴിച്ചു കൂടുന്നതിനാണ് ഇഅ്തികാഫ്.
മറ്റ് ആരാധനകളെ പോലെ പണ്ട്മുതല്‍ക്കെ നിലനിന്നു പോന്നിരുന്ന ഒന്നാണ് ഇഅ്തികാഫും. പൂര്‍വകാല സമൂഹവും ഇത് പുണ്യമായി അനുഷ്ഠിച്ചിരുന്നു. രൂപഭാവങ്ങളില്‍ വിത്യാസമുണ്ടെങ്കിലും അല്‍ ബഖറയിലെ 125-ാം സൂക്തം ഇത് സൂചിപ്പിക്കുന്നു. അല്ലാഹുവിന്റെ സാമീപ്യം നേടിയെടുക്കാനും ആരാധനകള്‍ കൂടുതലായി അനുഷ്ഠിക്കാനും സ്വന്തത്തെ തന്നെ പുതുക്കി പണിയാനും സാധിക്കുന്ന അതിവിശിഷ്ടമായ ഒരു ആരാധനയാണ് ഇഅ്തികാഫ്.
ഭൗതിക ജീവിതത്തിന്റെ ജീര്‍ണതകളെ ദൈവിക ഉപാസന കൊണ്ട് അതിജയിക്കാനുള്ള കഴിവും കരുത്തും ആര്‍ജിച്ചെടുക്കാവുന്ന ആത്മീയമായ ഒറ്റമൂലിയാണത്. അതിവേഗത്തില്‍ അരുതായ്മകളുടെ അഴുക്ക് നീക്കാന്‍ പറ്റുന്ന അനുഗൃഹീത കര്‍മം. കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന പ്രായോഗിക ഉപവാസം. അതേ നന്മയും വിശുദ്ധിയും റീചാര്‍ജു ചെയ്യപ്പെടുന്ന അനര്‍ഘ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിലൂടെ.
തിരുനബി(സ) പറഞ്ഞു: ഇഅ്തികാഫ് ഇരിക്കുന്നവന് കുറ്റകൃത്യങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുന്നു. മുഴുവന്‍ സല്‍ക്കര്‍മങ്ങളും ചെയ്യുന്നവനെ പോലെ തന്റെ പേരില്‍ ധാരാളം സല്‍ക്കര്‍മങ്ങള്‍ എഴുതപ്പെടാന്‍ അത് ഇടയാക്കുകയും ചെയ്യുന്നു(ഇബ്്‌നുമാജ 1781)
നബി(സ)യും അനുചരന്മാരും സച്ചരിതരായ പൂര്‍വസൂരികളും റമസാനിന്റെ അവസാന പത്ത് ദിനങ്ങളില്‍ ഇഅ്തികാഫ് അനുഷ്ഠിക്കാറുണ്ടായിരുന്നു. വഫാതായ വര്‍ഷം ഇരുപത് ദിവസം ഇഅ്തികാഫിലായിരുന്നു നബി(സ) ഉണ്ടായിരുന്നത്.(ബുഖാരി, അബൂദാവൂദ്)
ഒരാള്‍ റമസാനില്‍ പത്ത് ദിവസം ഇഅ്തികാഫ് ഇരുന്നാല്‍ രണ്ട് ഹജ്ജും ഉംറയും നിര്‍വഹിച്ചതിന് തുല്യമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്(ത്വബ്‌റാനി കബീര്‍ 2888)
അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഒരു ദിവസം പള്ളിയില്‍ ഇഅ്തികാഫിരുന്നാല്‍ അല്ലാഹു അവനും നരകത്തിനുമിടയില്‍ മൂന്ന് കിടങ്ങുകള്‍ ഉണ്ടാക്കും. അവയില്‍ ഓരോന്നും രണ്ട് ചക്രവാളങ്ങള്‍ തമ്മിലുള്ളതിനേക്കാള്‍ അകലമുണ്ടായിരിക്കും(ബൈഹഖി, ശുഅബുല്‍ ഈമാന്‍ 3956)
പള്ളിച്ചുവരുകളില്‍ ഇഅ്തികാഫിനെ കുറിച്ചുള്ള ഉണര്‍ത്തുബോര്‍ഡുകള്‍ അനുദിനം അധികരിച്ചു കൊണ്ടിരിക്കുന്നുവെങ്കിലും ഒരു ദിവസമെങ്കിലും തികച്ചും ഇഅ്തികാഫ് അനുഷ്ഠിക്കുന്നവര്‍ വിരളമാണ്. അവസാന പത്തില്‍ പൂര്‍ണമായും ഇഅ്തികാഫില്‍ മുഴുകിയവരെ നാട്ടിന്‍ പുറങ്ങളില്‍ പോലും പലപ്പോഴും തിരഞ്ഞാല്‍ കണ്ടെത്താനാകണമെന്നില്ല.
പള്ളിയില്‍ നിസ്്കാരത്തിനും ദിക്‌റ് സ്വലാത്തിനും വിജ്ഞാന സദസ്സിനും പ്രാര്‍ഥനകള്‍ക്കും മറ്റും ഒരുമിച്ചു കൂടുമ്പോള്‍പോലും ഇഅ്തികാഫ് ഉദ്ദേശിച്ച് ഇരിക്കുന്നവരും കുറഞ്ഞു വരികയാണ്. റമസാനിലും അല്ലാത്ത കാലത്തും ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്നതാണിത്.
ഇഅ്തികാഫിന്റെ നിയ്യത്തോടെ നിസ്്കാരത്തിലെ അടങ്ങിത്താമസത്തേക്കാള്‍ സമയം പള്ളിയില്‍ താമസിക്കുന്നതിന്ന് ഇസ്്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ ഇഅ്്തികാഫിന്റെ നിര്‍വചനം. പള്ളിയില്‍ മാത്രമേ ഇത് സാധുവാകുകയുള്ളൂ. ഏതുപള്ളിയിലുമാകാം. ജുമുഅ നടക്കുന്ന പള്ളിയിലാകല്‍ ഏറ്റവും ശ്രേഷ്ടമാണ്(തുഹ്്ഫതുല്‍ മുഫ്താജ് 3-510,511)
റമസാനിലും അല്ലാത്ത കാലത്തും ഇഅ്്തികാഫ് സുന്നത്താണ്. റമസാനില്‍ ശക്തിയായ സുന്നത്താണ്. ബുദ്ധിയും ശുദ്ധിയും വിവേകവുമുള്ള വിശ്വാസികളില്‍ നിന്നാണ് സാധുവാകുന്നത്. സ്വയം പ്രേരണയോടെ സജീവമായി നടക്കാത്ത ആധുനിക സാഹചര്യങ്ങളില്‍ ഇഅ്തികാഫ് ജല്‍സകള്‍ സംഘടിപ്പിക്കുന്നത് വളരെ നല്ലതാണ്. അരുതായ്മകളുടെ നടുവില്‍ അബദ്ധങ്ങള്‍ ചെയ്ത് ജീവിതം നീക്കുന്നവര്‍ അല്ലാഹുവിന്റെ ഭവനത്തില്‍ സംഗമിച്ച് നിര്‍വഹിക്കുന്ന ഇഅ്തികാഫ് മജ്്‌ലിസുകള്‍ പൂര്‍വോപരി ജാഗ്രതയോടെ നടക്കേണ്ടതുണ്ട്. നമുക്കതിന് പ്രതിജ്ഞ പുതുക്കാം. അല്ലാഹു അവസരം നല്‍കട്ടെ

Latest