Kerala
സരിതയുടെ വെളിപ്പെടുത്തല്‍: ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ കേസ് വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: സോളാര്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസ് വേണ്ടെന്ന് ഹൈക്കോടതി. ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതി നിലനില്‍ക്കുന്നതല്ല. ഉത്തരവ് തിടുക്കത്തിലുള്ളതാണെന്നും ജസ്റ്റിസ് ബി കമാല്‍ പാഷ ഉത്തരവില്‍ വ്യക്തമാക്കി. ദ്രുതപരിശോധന നടത്തണമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.
കൈക്കൂലി വാങ്ങിയെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതി പരിഗണിക്കവെയായിരുന്നു ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഉമ്മന്‍ചാണ്ടിയും ആര്യാടനും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് കോടതിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ഹൈക്കോടതി ഉത്തരവ് രണ്ടുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.