Connect with us

Ramzan

റമസാന്‍ അവസാന പത്തില്‍

Published

|

Last Updated

പുണ്യങ്ങളുടെ പൂക്കാലമായ റമസാന്‍ അവസാന പത്തിലെത്തിയിരിക്കുന്നു. സ്വര്‍ഗ ലബ്ധിയുടെയും നരക മോചനത്തിന്റെയും ദിനരാത്രങ്ങളാണ് ഇനിയുള്ളത്. കഴിഞ്ഞ രണ്ട് പത്തുകളിലെ ഊര്‍ജം സ്വീകരിച്ച് വേണം വിശ്വാസി അവസാന പത്തിനെ വരവേല്‍ക്കാന്‍.
അല്ലാഹുവിന്റെ കരുണാകടാക്ഷത്തിനാഴി കേണ് ആദ്യ പത്തുകളെ ധന്യമാക്കിയ ,പാപമുക്തനായ വിശ്വാസി അവസാന പത്തിലാണിപ്പോള്‍. ഇവിടെയാണ് സ്വര്‍ഗ ലബ്ധിയുള്ളത്. അത് പാപികള്‍ക്ക് നല്‍കാനുള്ളതല്ല. മോക്ഷം സിദ്ധിച്ചവര്‍ക്കുള്ളതാണ്. രണ്ടാമത്തെ പത്തിനെ യാഥാവിധി ഉപയോഗപ്പെടുത്തിയ വിശ്വാസി ഇവിടെ ആനന്ദവല്ലരിയിലാണ്. നരക മോചനവും ഈ പത്തിലാണ് വാഗ്ദാനം ചെയ്തിട്ടിള്ളത്. ഓരോ നിസ്‌കാര ശേഷവും അല്ലാത്തപ്പോഴും വിശ്വാസി സ്വര്‍ഗ പ്രവേശവും നരക മോചനവും നാഥനോട് തേടിക്കൊണ്ടിരിക്കുന്നു. വിശ്വാസിയുടെ ആത്യന്തിക ലക്ഷ്യമാണത്. ചോദിക്കുന്ന സൃഷ്ടികള്‍ക്ക് അത് നല്‍കാനായി റമസാനില്‍ സ്രഷ്ടാവ് ഒരുങ്ങിയിരിക്കുകയാണ്.
റമസാനിന്റെ പ്രതിഫലം പറഞ്ഞ നിരവധി സ്ഥലങ്ങളില്‍ സ്വര്‍ഗലബ്ധിയും നരകമോചനവും പരാമര്‍ശിച്ചതായി കാണാം. നബി (സ) പറഞ്ഞു: സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന ഒരു വാതിലുണ്ട്. നോമ്പനുഷ്ഠിച്ചവര്‍ മാത്രമേ അതിലൂടെ പ്രവേശിക്കൂ. വ്രതമനുഷ്ഠിച്ചവര്‍ എവിടെ? എന്ന് ചോദിക്കുന്നതോടെ അവരെല്ലാം കടക്കും. അതോടെ ആ കവാടം അടക്കുകയും ചെയ്യും. അബുല്‍ ഹസനുല്‍ അശ്അരി (റ) പറയുന്നു: എല്ലാ സത്കര്‍മങ്ങള്‍ക്കും അല്ലാഹുവാണ് പ്രതിഫലം നല്‍കുന്നത്. എന്നിരിക്കേ, നോമ്പുകാരന് ഞാനാണ് പ്രതിഫലം നല്‍കുന്നതെന്ന് അല്ലാഹു പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതിന്റെ അര്‍ഥം നോമ്പുകാരനുള്ള പ്രതിഫലം അല്ലാഹുവിനെ ദര്‍ശിക്കലാണ്. അത് സാധ്യമാകുന്നത് സ്വര്‍ഗത്തില്‍ വെച്ചാണ്. നോമ്പുകാരന്റെ സ്വര്‍ഗപ്രവേശത്തിന് ശക്തി പകരുന്നതാണ് അശ്അരി (റ) വിന്റെ ഉദ്ധരണികള്‍.
സ്വര്‍ഗത്തിലേക്ക് പക്ഷികളെപ്പോലെ ചിറകുകളുള്ള ഒരു കൂട്ടമാളുകള്‍ വരും. അവര്‍ സ്വര്‍ഗത്തില്‍ ആര്‍ത്തുല്ലസിച്ച് പാറിനടക്കും. ഇതു കാണുമ്പോള്‍ മലക്കുകള്‍ ചോദിക്കും. നിങ്ങള്‍ ആരാണ് ? അവര്‍ പറയും: മുഹമ്മദ് നബി (സ്വ) യുടെ അനുയായികളാണ്. വീണ്ടും മലക്കുകള്‍: നിങ്ങള്‍ക്ക് വിചാരണയില്ലേ ? നിങ്ങള്‍ സ്വിറാത്ത് പാലം കടന്നാണോ വന്നത് ? നിങ്ങളെങ്ങനെ ഇവിടെയെത്തി ? അവര്‍ പറയും: ഞങ്ങള്‍ ഭൂമിയില്‍ അല്ലാഹുവിനെ രഹസ്യമായി ആരാധിച്ചവരാണ്. അതുകൊണ്ട് അല്ലാഹു ഞങ്ങളെ രഹസ്യമായി ഇവിടെ എത്തിച്ചു. ഈ തിരുവചനത്തിലെ രഹസ്യമായ ആരാധന കൊണ്ടുദ്ദേശിക്കുന്നത് വ്രതമാണ്. നോമ്പ് ബാഹ്യമായ പ്രകടനങ്ങളുള്ളതല്ല. അത് സൃഷ്ടിയും സ്രഷ്ടാവും തമ്മില്‍ മാത്രം അറിയുന്നതാണ്.
ഇങ്ങനെ റമസാന്‍ ഓഫര്‍ ചെയ്യുന്ന സ്വര്‍ഗ പ്രവേശം നല്‍കാനും നരകത്തില്‍ നിന്ന് വിശ്വാസിയെ മാറ്റിനിര്‍ത്താനുമായി അവസാന പത്തിനെയാണ് പ്രത്യേകം തിരഞ്ഞെടുത്തത്. റമസാനിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നത് തന്നെ അവസാനത്തെ പത്തിലാണെന്ന് ചുരുക്കം.
അതോടൊപ്പം ആയിരം മാസത്തെ പുണ്യം ഒറ്റരാത്രികൊണ്ട് ലഭിക്കുന്ന ലൈലത്തുല്‍ ഖദ്ര്‍ എന്ന ദിവസവും അവസാനത്തെ പത്തിലാണ്. അത് മുഹമ്മദ് നബിയുടെ അനുയായികള്‍ക്ക് മാത്രമായി അല്ലാഹു നല്‍കിയ അനുഗ്രഹമാണ്. റമസാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളാണ് ലൈലത്തുല്‍ ഖദ്ര്‍ ആകാന്‍ സാധ്യത എന്ന് പണ്ഡിതന്‍മാര്‍ പറയുന്നു.
ആഇശ (റ) പറയുന്നു: റമസാനിലെ അവസാനത്തെ പത്തായാല്‍ നബി (സ്വ) അരാധനകളില്‍ പ്രത്യേകം ഉത്സാഹിക്കാറുണ്ടായിരുന്നു. ഒറ്റയിട്ട രാവുകളില്‍ മുഴുവനായും ആരാധനയിലായി കഴിച്ചുകൂട്ടാറുണ്ടായിരുന്നു.
പുണ്യങ്ങളുടെ പൂക്കാലം റമസാനിന്റെ അവസാന പത്തിലൂടെയാണ് സാര്‍ഥകമാകുന്നത്. ഇത് ശരിയായി ഉപയോഗപ്പെടുത്താന്‍ വിശ്വാസിക്കാകണം.

സബ് എഡിറ്റർ, സിറാജ്