Connect with us

Articles

സ്വര്‍ഗത്തിന്റെ വാതിലില്‍ മുട്ടി അവസാനത്തെ പത്തില്‍

Published

|

Last Updated

 

എത്ര പെട്ടെന്നാണ് ഈ വര്‍ഷത്തെ റമസാന്‍ ദിനങ്ങള്‍ കടന്നുപോയത്! ജീവിതത്തിരക്കുകള്‍ക്കിടയില്‍ മനസ്സറിഞ്ഞ് ഇബാദത്തുകള്‍ ചെയ്യാനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും വേണ്ടിയുള്ള ആസൂത്രണത്തെക്കുറിച്ച് ആലോചിച്ചു നില്‍ക്കുമ്പോഴേക്കും അവസാനത്തെ പത്ത് കടന്നുവന്നിരിക്കുന്നു.
വിശ്വാസിക്ക് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണിത്. ഭൗതിക ജീവിതത്തിലെ ഏതു വലിയ കാര്യത്തേക്കാളും ആഖിറം ലക്ഷ്യം വെച്ച് ഉണര്‍ന്നിരിക്കേണ്ട സമയം. ഈ പവിത്രമായ ദിനരാത്രങ്ങളിലും അലംഭാവത്തോടെ ജീവിക്കുന്നത് ഏറ്റവും വലിയ പരാജയം തന്നെ. അതുകൊണ്ടു തന്നെ മറ്റെല്ലാം മാറ്റിവെച്ച് ഒരു ദിവസത്തിലെ ഏറ്റവും കൂടുതല്‍ സമയം ആരാധനകള്‍ക്ക് വേണ്ടി മാറ്റി വെച്ചേ പറ്റൂ.

അവസാനത്തെ പത്ത് നരകമോചനത്തിനായി പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കേണ്ട ദിനങ്ങളാണ്. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കേണ്ടതും ഈ പത്തിലെ ഒറ്റയായ രാവുകളില്‍. സ്വര്‍ഗത്തില്‍ നിന്ന് മാലാഖമാര്‍ ഭൂമിയില്‍ വരികയും നാഥന്‍ ധാരാളം അനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുന്ന രാത്രിയാണ് ലൈലത്തുല്‍ ഖദര്‍. ഈ രാവ് നഷ്ടപ്പെടുത്തുന്നവര്‍ക്കാകട്ടെ തീര്‍ത്താല്‍ തീരാത്ത നഷ്ടമാണുണ്ടാകുക.

നബി(സ) വഫാത്താകുന്നതുവരെ റമസാനിലെ അവസാനത്തെ പത്ത് നാളുകളില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അല്ലാഹുവിന്റെ ഭവനമായ മസ്ജിദില്‍ ഇഅ്തികാഫ് ഇരിക്കുന്നതിന് വലിയ പ്രതിഫലമാണുള്ളത്. മനസ്സിനെ അല്ലാഹുവില്‍ ഏല്‍പ്പിക്കുക, ഇലാഹീ സ്മരണയില്‍ മനസ്സും ശരീരവും തളച്ചിടുക, അല്ലാഹുവോടൊപ്പം തനിച്ചാകുക, ലൗകിക കാര്യങ്ങളില്‍ നിന്നകന്ന് അല്ലാഹുവിന്റെ കാര്യത്തില്‍ വ്യാപൃതമാവുക തുടങ്ങിയ കാര്യങ്ങളാണ് ഇഅ്തികാഫിന്റെ ലക്ഷ്യവും ചൈതന്യവും. അങ്ങനെ അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെക്കുറിച്ചുള്ള സ്മരണയും അവനോടുള്ള താത്പര്യവും വിശ്വാസിയുടെ മനസ്സില്‍ നിറയുന്നു. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനെ കുറിച്ചായിരിക്കും പിന്നെ ചിന്ത മുഴുവന്‍. അങ്ങനെ സ്രഷ്ടാവിനോടുള്ള സഹവര്‍ത്തിത്വം വിശ്വാസിക്ക് ഏറെ പ്രിയങ്കരമായി മാറും.

ലൈലത്തുല്‍ ഖദ്‌റിനെ സംബന്ധിച്ചു വിവരിക്കുന്ന സൂറത്തുല്‍ ഖദ്‌റിന്റെ അവതരണ പശ്ചാത്തലം ശ്രദ്ധേയമാണ്. മുജാഹിദ്(റ)ല്‍ നിന്നും ഇബ്‌നു അബീ ഹാതിം(റ) നിവേദനം ചെയ്യുന്നു. ആയിരം മാസം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിയ ഇസ്‌റാഈല്യരില്‍ ഒരാളെക്കുറിച്ച് നബി(സ) വിവരിക്കുകയുണ്ടായി. ഇതു കേട്ട് വിശ്വാസികള്‍ അത്ഭുതപ്പെട്ടു. അപ്പോഴാണ് ഈ സൂറത്ത് അവതരിച്ചത്.
ഗതകാല സമുദായങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ടായിരുന്നതു കൊണ്ട് ദീര്‍ഘകാലം ഇബാദത്തില്‍ കഴിച്ചുകൂട്ടാന്‍ അവര്‍ക്കു സാധിച്ചിരുന്നു. ഈ ഉമ്മത്തിന് ആയുസ്സ് വളരെ കുറവാണെങ്കിലും കുറഞ്ഞ സമയത്തില്‍ കൂടുതല്‍ പുണ്യം നേടാന്‍ ലൈലത്തുല്‍ ഖദ്ര്‍ വഴി അല്ലാഹു അവസരം നല്‍കുകയാണ്. ആയിരം മാസം 80ലധികം വര്‍ഷങ്ങള്‍ വരുമല്ലോ. ഓരോ വര്‍ഷവും ഖദ്‌റിന്റെ രാവുകള്‍ ആരാധനകളെ കൊണ്ട് ധന്യമാക്കുന്ന സത്യവിശ്വാസി നിരവധി നൂറ്റാണ്ടുകള്‍ ആരാധനയില്‍ കഴിച്ചുകൂട്ടിയവന് തുല്യമാകുകയാണ്.

അതിനാല്‍ അവസാനത്തെ പത്ത് ഒരു കാരണവശാലും നഷ്ടമാകരുത്. നിസ്‌കാരങ്ങള്‍ വര്‍ധിപ്പിച്ച്, ഇഅ്തികാഫ് ഇരുന്ന്, അല്ലാഹുവിലേക്ക് ശ്രദ്ധ തിരിച്ച് ഉണര്‍ന്നിരിക്കുക. തിരുനബി(സ)യോട് ഒരു സ്വഹാബി ചോദിച്ചു: “ആരാണ് ബുദ്ധിമാന്‍?” അവിടുന്ന് പറഞ്ഞു: “സ്വയം നിയന്ത്രിക്കുന്നവനും മരണശേഷമുള്ള ജീവിതത്തിനു വേണ്ടി അധ്വാനിക്കുന്നവനുമാണ് ബുദ്ധിമാന്‍”
ഇഹലോകജീവിതത്തെ സ്വയം നിയന്ത്രിച്ച്, മരണ ശേഷമുള്ള മഹാജീവിതത്തിനായി തയ്യാറെടുക്കുക. ഈ അവസാന നാളുകളില്‍ സ്വര്‍ഗ വാതിലില്‍ മുട്ടി പ്രാര്‍ഥിക്കുക. സമ്പന്നമായ ആരാധനകളുടെ ചരിത്രമില്ലാത്ത നമുക്ക് ആഖിറം രക്ഷപ്പെടാന്‍ അല്ലാഹു സമ്മാനിച്ച അവസാനത്തെ പത്ത് ബുദ്ധിപൂര്‍വം വിനിയോഗിക്കുക.