Connect with us

National

ആര്‍ ബി ഐ ഗവര്‍ണര്‍: നാലംഗ പട്ടികയുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: രഘുറാം രാജന്‍ ഒഴിയുന്ന റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ പദവിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നാല് പേരുടെ പട്ടിക തയ്യാറാക്കി. അന്തിമതീര്‍പ്പ് കല്‍പ്പിക്കുന്നതിന് മോണിറ്ററി പോളിസി കമ്മിറ്റി വൈകാതെ യോഗം ചേരും. സെപ്തംബറോടെയാണ് രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അതൃപ്തി നേടിയ രഘുറാം രാജന്‍, പദവിയില്‍ തുടരാന്‍ അപേക്ഷ നല്‍കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ പകരക്കാരനെ പരിഗണിച്ചു തുടങ്ങുന്നത്.
റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ രാകേഷ് മോഹന്‍, സുബൈര്‍ ഗോഖ്‌റാന്‍, സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ എന്നിവരാണ് പട്ടികയിലുള്ളത്. ആറംഗങ്ങളുള്ള മോണിറ്ററി കമ്മിറ്റിക്ക് സര്‍ക്കാര്‍ പുതുതായി രൂപം നല്‍കിയതാണ്. ഇതിന്റെ ആദ്യ യോഗം തന്നെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ളതായിരിക്കും. ആഗസ്റ്റ് ഒന്നിനായിരിക്കും ഇതിനായി യോഗം ചേരുകയെന്നും സൂചനയുണ്ട്.
രഘുറാം രാജന്‍ പദവിയൊഴിയുന്നതില്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശങ്കയുള്ള സാഹചര്യത്തിലാണ് അതിവേഗത്തില്‍ പട്ടിക തയ്യാറാക്കുന്നത്. ആര്‍ ബി ഐ മോണിറ്ററി പോളിസി കമ്മിറ്റിയെ തിരഞ്ഞെടുക്കുന്ന സെര്‍ച്ച് കമ്മറ്റിയില്‍ രാജന്‍ അംഗമാകുമെന്ന് സൂചനയും കേന്ദ്രം നല്‍കുന്നുണ്ട്.