Connect with us

Articles

വൈലത്തൂര്‍ ബാവ ഉസ്താദ്: വേര്‍പാടിന് ഒരാണ്ട്

Published

|

Last Updated

പണ്ഡിതനും ഗ്രന്ഥകാരനും കവിയുമൊക്കെയായിരുന്ന വൈലത്തൂര്‍ ബാവ ഉസ്താദ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു കൊല്ലം തികയുന്നു. സംശുദ്ധമായ ജീവിതത്തന്റെ ഉടമയായിരുന്നു അദ്ദേഹം. ദയൂബന്ദില്‍ എന്റെ സതീര്‍ഥ്യനും ഇഹ്‌യാഉസ്സുന്നയില്‍ എന്റെ സഹപ്രവര്‍ത്തകനുമായരുന്നു. ദീര്‍ഘമായ സഹവാസത്തിനിടയില്‍ എന്തെങ്കിലും അനുചിതമായ കാര്യങ്ങള്‍ ബാവ ഉസ്താദില്‍ നിന്ന് സംഭവിച്ചതായി ഞാനോര്‍ക്കുന്നില്ല. സമൂഹത്തിനും സമുദായത്തിനും പൊതുവെയും പണ്ഡിതര്‍ക്ക് വിശേഷിച്ചും ഉപകാരപ്പെടുന്ന ഒട്ടനവധി സേവനങ്ങള്‍ ചെയ്ത് ജീവിതം ധന്യമാക്കിയ മഹാനായിരുന്നു ബാവ ഉസ്താദ്.

ഉപരിപഠനത്തിനു വേണ്ടി ദയൂബന്ദിലേക്ക് പോകുമ്പോള്‍ തീവണ്ടിയില്‍ വെച്ചാണ് ആദ്യമായി പരിചയപ്പെടുന്നത്. ചാലിയത്തു നിന്ന് ഞങ്ങള്‍ പത്ത് പേരുണ്ടായിരുന്നു. ബാവ ഉസ്താദിനോടൊപ്പം മറ്റു രണ്ടു പേരും. ചെലൂരില്‍ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം ദയൂബന്ദിലേക്ക് പോകുന്നത്. നല്ല സാഹിത്യകാരനും കവിയും ആശിഖുര്‍റസൂലുമായിരുന്നല്ലോ ബാപ്പു മുസ്‌ലിയാര്‍.. അദ്ദേഹത്തില്‍ നിന്നാണ് ബാവ മുസ്‌ലിയാര്‍ക്ക് കവിത എഴുതാനുള്ള പ്രേരണയും കഴിവും സിദ്ധിച്ചത്.
ബദ്‌രീങ്ങളെ കുറിച്ചു ധാരാളം ബൈത്തുകള്‍ ഉണ്ടാക്കയിട്ടുണ്ട് ബാവ ഉസ്താദ്. അതില്‍ സുപ്രധാനമാണ് “മിഫ്താഹുല്‍ ളഫ്‌രി വല്‍മജ്ദ് ഫീ ത്തവസ്സുലി ബി അസ്വ്ഹാബി ബദ്‌രിന്‍ വ ഉഹുദ്” എന്ന കൃതി. കൂടാതെ വലിയ വലിയ മഹാന്മാര്‍ വഫാതാകുമ്പോഴൊക്കെയും അവരെക്കുറിച്ച് മര്‍സിയ്യതുകളുണ്ടാക്കും. കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, പാങ്ങില്‍ അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഉസ്താദ് പൂല്ലൂക്കര, മലപ്പുറം ചെറുകോയ തങ്ങള്‍, അബുല്‍ കമാല്‍ കാടേരി, പാനായിക്കുളം ബാപ്പു മുസ്‌ലിയാര്‍, കുണ്ടൂര്‍ ഉസ്താദ്, ഒ കെ ഉസ്താദ്, കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരുടെ മര്‍സിയ്യത്തുകള്‍ ഏറെ ശ്രദ്ധേയമാണ്. ഉവൈസുല്‍ ഖറനീ, ശാഫിഈ ഇമാം, മുഹ്‌യിദ്ദീന്‍ ശൈഖ്, ഖുത്വ്ബുസ്സമാന്‍, ദാവൂദുല്‍ ഹകീം, ശൈഖനാ ഒ കെ ഉസ്താദ്, മുഹമ്മദ് ഖാസിം തങ്ങള്‍ എന്നിവരെ ക്കുറിച്ചൊക്കെ മൗലിദുകളും ഉണ്ടാക്കിയിട്ടുണ്ട്. അല്‍ഫിയ്യ, നഫാഇസ്, ജംഅ്, ഫറാഇദുല്‍ മുഹമ്മദിയ്യ, ശറഹുല്‍ ജസരിയ്യ തുടങ്ങിയ ദര്‍സുകളില്‍ ഓതുന്ന പല കിതാബുകള്‍ക്കും സഹായക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. തര്‍ക്ക വിഷയങ്ങളിലും ധാരാളം എഴുതി. അതിന്റെയൊക്കെ പുറമെയാണ് അറബിയിലും മലയാളത്തിലുമായി രചിച്ച വ്യത്യസ്ത വിഷയങ്ങളിലുള്ള കനപ്പെട്ട കൃതികള്‍.
പഠിക്കുന്ന കാലത്തു തന്നെ വെറുതെ സമയം കളയാറില്ല. പ്രത്യേകിച്ച് പണികളൊന്നുമില്ലെങ്കിലും എപ്പോഴും ഒരു ഖലം കയ്യിലുണ്ടാകും. അധിക സമയവും എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കുകയായരിക്കും. വാഹനത്തില്‍ കയറിയാല്‍ ഒന്നുകില്‍ ഖുര്‍ആന്‍ പാരായണം, അല്ലെങ്കില്‍ സുന്നത് നിസ്‌കാരം. (യാത്രക്കാരന്റെ സുന്നത് നിസ്‌കാരത്തില്‍ ഖിബ്‌ല ശര്‍തില്ലല്ലോ..) ജീവിതം മുഴുവന്‍ അല്ലാഹുവിന്റെ ത്വാഅതില്‍(വഴിപ്പെടല്‍) ചെലവഴിച്ച മഹാനവര്‍കള്‍ അവസാന കാലഘട്ടങ്ങളില്‍ ഖുര്‍ആന്‍ ഹിഫഌ(മനഃപാഠം) ആക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനായി ധാരാളം ഓതിയിട്ടുണ്ട്.
ബാവ മുസ്‌ലിയരോടൊപ്പമുള്ള ജീവിതം ഏറെ സന്തോഷങ്ങള്‍ നിറഞ്ഞതായിരുന്നു. കിബ്‌റും(അഹങ്കാരം) ബുഖ്‌ലും(പിശുക്ക്) തീരെയില്ലാത്ത വ്യക്തിത്വം. നാട്ടില്‍ നിന്ന് പണം വന്നാല്‍ എല്ലാവര്‍ക്കും അതില്‍ പങ്കുണ്ടായിരുന്നു. തന്റെ വസ്തുക്കള്‍ മറ്റെല്ലാവര്‍ക്കുമായി വിട്ടുകൊടുക്കും. അങ്ങനെയൊക്കെയാണെങ്കിലും ശറഇന്(മതനിയമങ്ങള്‍ക്ക്) എതിരായ കാര്യങ്ങള്‍ കണ്ടാല്‍ ദേഷ്യം പിടിക്കും. അത് മോശം സ്വഭാവമല്ലല്ലോ. മറിച്ച് ഏറെ നല്ല സ്വഭാവമത്രെ. സഹപാഠികളോടൊക്കെ ഏറെ സ്‌നേഹവും കൃപയുമായിരുന്നു. സഹപാഠിയായിരുന്ന ആദൃശ്ശേരി അഹ്മദ് മുസ്‌ലിയാര്‍ക്ക് വസൂരി പിടിപെട്ടപ്പോള്‍ ശുശ്രൂഷകനായി കൂടെ നിന്നത് ബാവ ഉസ്താദായിരുന്നു. ആദ്യം ശക്തമായ പനിയാണ് തുടങ്ങിയത്. പിന്നീട് അത് കലശലായ വസൂരിയായി. രാവും പകലും അദ്ദേഹത്തിന്റെ കൂടെയിരുന്ന് സഹായങ്ങള്‍ ചെയ്ത് ആ മനുഷ്യസ്‌നേഹി ഉറക്കമൊഴിച്ചു. ഏകാന്തതയെ മറികടക്കാന്‍ ഇമാം യാഫിഈയുടെ വിശ്രുതമായ വരികള്‍ ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു.
ഇദാ സ്വഹ മിന്‍കല്‍ വുദ്ദു ഫല്‍ കുല്ലു ഹയ്യിനൂ
ഫകുല്ലുല്ലദീ ഫൗഖത്തുറാബി തുറാബു
(നിന്റെ സ്‌നേഹം യഥാര്‍ഥമാണെങ്കില്‍ സര്‍വവും ലളിതമെത്രെ.
മണ്ണിനു മുകളിലുള്ളത് മുഴുവന്‍ മണ്ണു തന്നെ.)
ദയൂബന്ദിലലെ ഉപരിപഠനത്തിനു ശേഷം തെയ്യാല, വളവന്നൂര്‍, തിരൂരങ്ങാടി, ഓമച്ചപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായി സേവനം ചെയ്തു. അക്കാലത്ത് ഇഹ്‌യാഉസ്സുന്നയില്‍ പരീക്ഷ നടത്താന്‍ ഇടക്ക് കൊണ്ടുവരുമായിരുന്നു. പിന്നീട് ബിരുദം നല്‍കാന്‍ തുടങ്ങി രണ്ട് വര്‍ഷം കഴിഞ്ഞ ശേഷം ഇഹ്‌യാഉസ്സുന്നയിലെ മുദര്‍രിസായി നിയമിതനായി. നിസ്വാര്‍ഥനും കഠിനാധ്വാനിയുമായിരുന്ന മുദരിസായിരുന്നു. വീട്ടില്‍ ശുഗ്‌ലുകള്‍(ജോലികള്‍) ഉണ്ടെങ്കിലും ദര്‍സ് മുടക്കാതിരിക്കാന്‍ ശ്രദ്ധിക്കും. മുത്വവ്വല്‍, മുസ്‌ലിം, തുഹ്ഫ തുടങ്ങിയ കിതാബുകള്‍ കുട്ടികള്‍ക്ക് ഓതിക്കൊടുത്തു. നല്ല പ്രതിഭാധനനായ മുദരിസായിരുന്നു അദ്ദേഹം.
ചില മസ്അലകളുടെ (മതവിധികള്‍) വിഷയങ്ങളിലും ചരിത്രപരമായ ചില കാര്യങ്ങളിലും അല്ലറ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കിലും ഏറെ ഐക്യത്തിലും ഒരുമയിലും സ്‌നേഹത്തിലും സന്തോഷത്തിലുമായിരുന്നു ഞങ്ങളുടെ ജീവിതം. നന്മയുടെ ഒരു പ്രകാശശഗോപുരമായി ബാവ ഉസ്താദ് നമുക്കിടയില്‍ ജ്വലിച്ചു നിന്നു. അവരെയും നമ്മെയും സ്വര്‍ഗീയ ലോകത്ത് ഒരുമിച്ച് കൂട്ടി അല്ലാഹു അനുഗ്രഹിക്കട്ടേ. ആമീന്‍.