Ramzan
ശീലവത്കരണം
രാവിലെ ഒരു ചായ, പത്രം വായന, നടത്തം… ഇതെല്ലാം പലരുടെയും ശീലങ്ങളാണ്. ഇങ്ങനെ പലതരം ശീലങ്ങള്‍ നമുക്കുണ്ടാകും. ഇത് ചെയ്തില്ലെങ്കില്‍ ആ ദിവസം മുഴുവനും അലസമായിരിക്കുമെന്ന് ശീലിച്ചവര്‍ പറയും. ശീലങ്ങള്‍ നാം തന്നെ ഉണ്ടാക്കുന്നതാണ്. എന്നാല്‍, ഈ ശീലങ്ങളാണ് പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. മനുഷ്യന്റെ വ്യക്തിത്വവും സംസ്‌കാരവും ശീലങ്ങളിലധിഷ്ഠിതമായിരിക്കും.
ഒരു മുസ്‌ലിമിന് ഭൗതികതയിലെന്ന പോലെ ആത്മീയതയിലും ക്രിയാത്മകമായ ശീലങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഒരു സുഹൃത്ത് പറഞ്ഞു, ഞാ ന്‍ എല്ലാ ദിവസവും ളുഹാ നിസ്‌കരിക്കാറുണ്ട്. അതൊഴിവാക്കിയാല്‍ പിന്നെ ആ ദിവസം നിരാശയുടെതായിരിക്കും. ഇതും ഒരു ശീലമാണ്. സുഹൃത്ത് വളര്‍ത്തിയെടുത്ത നല്ല ശീലം.
ഇതു പോലെ നിത്യ ശീലങ്ങളാണ് ഇസ്‌ലാം മനുഷ്യന് നിഷ്‌കര്‍ഷിക്കുന്ന ജീവിതമാര്‍ഗം. ഒരു ദിവസത്തെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും എങ്ങനെയാകണമെന്ന് ഇസ്‌ലാം വരച്ചുകാണിക്കുന്നുണ്ട്. പ്രഭാത കര്‍മങ്ങള്‍ തുടങ്ങി, കുടുംബം, ജോലി, സമൂഹം, ബന്ധങ്ങള്‍ ഇവിടെയൊക്കെ മുസ്‌ലിമിന്റെ ഇടപെടലിന് മാര്‍ഗനിര്‍ദേശങ്ങളുണ്ട്. നമ്മുടെ ആത്മീയവും ലൗകീകവുമായ ജീവിതത്തെ ക്രമപ്പെടുത്താനും വിജയിക്കാനുമാവശ്യമായ പല കര്‍മങ്ങളും നാം അത്രമേല്‍ പരിഗണിക്കാതെ വിടുന്നു എന്നതാണ് യാഥാര്‍ഥ്യം.
ഉദാഹരണത്തിന് ഖുര്‍ആന്‍ പാരായണം മുസ്‌ലിമിന് ദൈനംദിന പ്രവൃത്തികളില്‍ പ്രധാനപ്പെട്ടതാണ്. അബൂദര്‍റ് (റ)നോട് നബി (സ്വ) പറഞ്ഞതായി കാണാം: “ഖുര്‍ആന്‍ പാരായണ കാര്യത്തില്‍ നിങ്ങള്‍ നിതാന്ത ജാഗ്രത്തായിരിക്കണം. ഭൂമിയില്‍ നിങ്ങള്‍ക്കത് പ്രകാശവും ആകാശത്ത് നിക്ഷേപവുമായിരിക്കും.”
കര്‍മങ്ങളുടെ നേട്ടങ്ങള്‍ അറിയാത്തതുകൊണ്ടല്ല നാം അതിനെ അവഗണിക്കുന്നത്. ശീലമില്ലാത്തതിനാലാണ്. മൊബൈല്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടാതെ നമുക്ക് ഒരു ദിവസം കഴിയാനാകില്ല. ഇടക്കിടെ മെസ്സേജുകള്‍ നോക്കുന്നത് നമുക്ക് ശീലമാണ്. ആ വസ്തുക്കളൊക്കെ അത്രത്തോളം നമ്മുടെ ജീവിതത്തോട് ഒട്ടിയിരിക്കുന്നു. അത്‌പോലെ ഖുര്‍ആനും മറ്റു കര്‍മങ്ങളും നമ്മുടെ ജീവിത ശീലമാക്കി മാറ്റണം. റമസാന്‍ അതിന് ഏറ്റവും അനുയോജ്യമായ അവസരമാണ്.
റമസാനില്‍ പല നന്മകളും നാം ചെയ്യുന്നു. പല തിന്മകളും ഉപേക്ഷിക്കുന്നു. അഞ്ച് നേരത്തെ നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്‌കാരങ്ങള്‍, സൗഹൃദം പുലര്‍ത്തല്‍, കണ്ടാല്‍ സലാം പറയല്‍, ദാനധര്‍മങ്ങള്‍ നല്‍കല്‍, പരസഹായം തുടങ്ങിയ നന്മകള്‍ പ്രാവര്‍ത്തികമാക്കുന്നു. ആക്ഷേപം, നിന്ദിക്കല്‍, വിദ്വേഷങ്ങള്‍, പകപോക്കലുകള്‍, ഏഷണി, പരദൂഷണം തുടങ്ങിയ തിന്‍മകള്‍ ഒഴിവാക്കുന്നു. കാരണം, റമസാന്‍ സമാധാനത്തിന്റെ മാസമാണ്. സമാധാനപരമായ ജീവിതമാണ് റമസാനില്‍ നാം പുലര്‍ത്തുന്നത്. അത് റമസാനിന് ശേഷം തുടര്‍ന്നും ശീലമാക്കിയാല്‍ എക്കാലത്തും നമ്മുടെ ജീവിതം കൂടുതല്‍ പ്രകാശിക്കും. ഭൗതിക ലോകത്തും ആത്മീയ ലോകത്തും വിജയിച്ചവരാകും. നാഥന്‍ തുണക്കട്ടെ.