Ramzan
വിട്ടുവീഴ്ച വിശ്വാസിയെ വിമലീകരിക്കുന്ന വികാരം
വിട്ടുവീഴ്ച വിശ്വാസിയുടെ വിശേഷണങ്ങളില്‍ അതിപ്രധാനപ്പെട്ടൊരു വികാരമാണ്. മാന്യതയുടെ അടയാളവും മഹത്വത്തിന്റെ സവിശേഷ ലക്ഷണവുമാണത്. അതിശ്രേഷ്ടമായ സത്കര്‍മവും സ്വര്‍ഗാവകാശിയുടെ സ്വഭാവവുമാണ്. മനുഷ്യന്റെ സാമൂഹിക ജീവിത വ്യവഹാരങ്ങളില്‍ വിട്ടുവീഴ്ചാ മനോഭാവത്തിന് വളരെ വലിയ സ്വാധീനമാണുള്ളത്.
പരസ്പര ബന്ധങ്ങളില്‍ അരുതായ്മയും അബദ്ധങ്ങളും സംഭവിക്കുന്നത് സ്വാഭാവികമാണ്. അസുഖകരവും അനിഷ്ടകരവുമായ അനുഭവങ്ങളുണ്ടാകും. വേദന കടിച്ചിറക്കി കഴിയേണ്ടിവരുന്ന ഘട്ടങ്ങളുമുണ്ടാകും. വീട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമുണ്ടാകും. മനഃപൂര്‍വമോ മറന്നോ സംഭവിക്കുന്നഅനിഷ്ടകരമായ കാര്യങ്ങള്‍ മറക്കാനും പൊറുക്കാനും വിട്ടുവീഴ്ച ചെയ്യാനാണ് നാം തയ്യാറാകേണ്ടത്. മറ്റുള്ളവരോട് വിട്ടുവീഴ്ച ചെയ്യുന്നതിനനുസരിച്ചാകും അവര്‍ നമ്മോട് വിട്ടുവീഴ്ചക്ക് തയ്യാറാകുക. അപ്പോള്‍ അല്ലാഹു നമ്മോടും വിട്ടുവീഴ്ചയുള്ളവനാകും.
ഞാനങ്ങനെയൊന്നും വിട്ടുകൊടുക്കില്ലെന്ന് കടുപ്പിച്ച് പറയുന്നവരുണ്ട്. പലതവണ കെഞ്ചിനോക്കിയിട്ടും വിട്ടുകൊടുക്കില്ലെന്ന് വാശിപിടിക്കുന്നത് ധാര്‍ഷ്ട്യമാണ്. വിവേകിയുടെ ലക്ഷണമേയല്ല അത്. വിട്ടുവീഴ്ച ഇഷ്ടപ്പെടാത്തവന്‍ സംഹാരപ്രിയനാണ്. എത്രമേല്‍ വിട്ടുവീഴ്ച ചെയ്യുന്നോ അത്രമേല്‍ ഔന്നിത്യം പ്രാപിക്കും. ഉന്നത സ്ഥാനീയരാണ് കൂടുതല്‍ വിട്ടുവീഴ്ചക്ക് സന്നദ്ധരാകേണ്ടത്. മാതൃകാ നേതൃത്വത്തിന്റെ ഗുണമാണത്. വിട്ടുവീഴ്ചക്ക് വഴങ്ങാത്തതാണ് ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പ്രധാന കാരണം. വീട്ടിലും കുടുംബത്തിലും സമൂഹത്തിലും അടിക്കടി ഉണ്ടാകുന്ന പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നത് മാപ്പ് നല്‍കാനുള്ള വിമുഖതയാണ്.
വിശുദ്ധ ഖുര്‍ആനിന്റെ ഉദ്‌ബോധനം എത്രമേല്‍ ശ്രദ്ധേയമാണ്. “അവന്‍ വിട്ടുവീഴ്ചക്ക് തയ്യാറാകട്ടെ. അറിയുക, അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ” (അന്നൂര്‍ 22) തിരുനബി പറയുന്നത് കാണുക: നിന്നോട് അക്രമം കാണിച്ചവരോട് വിട്ടുവീഴ്ച ചെയ്യുക. അത് നിന്നെ ഉന്നത പദവിയിലെത്തിക്കുക തന്നെ ചെയ്യും (ഹദീസ് ശരീഫ്) ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നത് ഭക്തന്മാരായ വിശ്വാസികളുടെ സവിശേഷതയാണ്(ആലു ഇംറാന്‍ 134)