Connect with us

National

കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ അധികാരവുമായി ബന്ധപ്പെട്ട് ഡല്‍ഹി- കേന്ദ്ര സര്‍ക്കാറുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം സുപ്രീം കോടതിയില്‍. കേന്ദ്ര സര്‍ക്കാറിനെതിരെ ഡല്‍ഹിയിലെ എ എ പി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. തലസ്ഥാനത്ത് പോലീസിന്റെയും മറ്റും അധികാരമുപയോഗിച്ച് ഡല്‍ഹി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ പരമോന്നത കോടതിയെ സമീപിച്ചിരുന്നത്. അതേസമയം, ഡല്‍ഹിയിലെ ഭരണഘടനാപരമായ അധികാരങ്ങള്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനുമായി വിഭജിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.
നിലവില്‍ ഭാഗിക സംസ്ഥാന പദവി മാത്രമുള്ള ഡല്‍ഹിയില്‍ പോലീസും മറ്റു സുപ്രധാന വകുപ്പുകളും കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ്. ഇതിനിടെ ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാറിന് അധികാരമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം എ എ പി സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. കേന്ദ്രത്തിന്റെ വിജ്ഞാപനം സംശയാസ്പദമാണെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഡല്‍ഹിയുടെ അധികാര പരിധി സംബന്ധിച്ച തര്‍ക്കം രാജ്യ തലസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടാക്കിയിരിക്കുകയാണെന്ന് എ എ പി സര്‍ക്കാറിന്റെ അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് സുപ്രീം കോടതിയെ അറിയിച്ചു. ഡല്‍ഹിക്ക് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 239 എ എ കൃത്യമായി നിര്‍വചിക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി ഡല്‍ഹിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ ആരോപിച്ചു. ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ കേന്ദ്രത്തിന്റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അവഗണിക്കാന്‍ കഴിയില്ലെന്നും എ എ പി വ്യക്തമാക്കി.

Latest