Connect with us

National

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം: 30 മരണം

Published

|

Last Updated

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സിംങ്ഗാലി മേഖലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മുപ്പത് പേര്‍ മരിച്ചു. ഇരുപത്തഞ്ച് പേരെ കാണാതായി. ഏഴ് ഗ്രാമങ്ങളിലായി നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ചാമോലി, പിഥോരഗഢ് ജില്ലകളിലാണ് ഇന്നലെ കനത്ത മഴയ പെയ്തത്. പിഥോരഗഢ് ജില്ലയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. നൂറ് മില്ലീമീറ്റര്‍ മഴയാണ് രണ്ട് മണിക്കൂറിനുള്ളില്‍ അമ്പത് കിലോമീറ്റര്‍ പ്രദേശത്ത് ലഭിച്ചത്.
സിംങ്ഗാലി പ്രദേശത്ത് മാത്രം 25 പേരെ കാണാതായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് ദുരന്തനിവാരണ സേന എത്തിയിട്ടുണ്ട്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സശസ്ത്ര സീമാബെല്‍ എന്നിവയുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നതെന്ന് പോലീസ് അറിയിച്ചു. സിംങ്ഗാലി, പത്താകോട്ട്, ഓഗ്‌ല, താല്‍ മേഖലയിലാണ് മേഘവിസ്‌ഫോടനമുണ്ടായതെന്ന് ദുരന്തനിവാരണ സേന അധികൃതര്‍ പറഞ്ഞു.

നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതായും അദ്ദേഹം പറഞ്ഞു. റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങികിടക്കുകയാണ്. ഗംഗോള്‍ഗാവിലുണ്ടായ മണ്ണിടിച്ചില്‍ ദേശീയ പാതകൡ ഗതാഗതം സ്തംഭിച്ചു.
പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സേനയെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കേന്ദ്രം സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി ഹരീഷ് റാവത്തുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഒഡീഷ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഋഷികേശ്-കേദാര്‍നാഥ് ദേശീയ പാത അടച്ചു. 2013ലെ പ്രളയത്തില്‍ അയ്യായിരത്തില്‍ അധകം പേര്‍ മരിച്ചിരുന്നു.