Connect with us

Articles

സകാത്ത്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published

|

Last Updated

അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി മാത്രമേ സാമ്പത്തിക കാര്യങ്ങളുടെ വിനിയോഗം പാടുള്ളൂ എന്നാണ് ഇസ്‌ലാമിന്റെ നിഷ്‌കര്‍ഷ. സകാത്ത്, സ്വദഖ തുടങ്ങി സാമ്പത്തിക രംഗത്ത് വിശദമായ വീക്ഷണം ഇസ്‌ലാം സമൂഹത്തിന് മുന്നില്‍ വെക്കുന്നു. എല്ലാതരം സമ്പത്തിലും ഇസ്‌ലാം സകാത്ത് ആവശ്യപ്പെടുന്നില്ല. നബി(സ) പറയുന്നു: “”ഒരു വിശ്വാസിക്ക് തന്റെ കുതിരകളിലോ അടിമകളിലോ സകാത്തില്ല.””(ബുഖാരി). തിരുനബിയുടെ കാലത്തെ ഏറ്റവും വിലപിടിപ്പുള്ള സമ്പത്തായിരുന്നു കുതിരകളും അടിമകളും. ഇവയില്‍ സകാത്തില്ല എന്ന് വ്യക്തമായതിലൂടെ എല്ലാ സമ്പത്തിനും സകാത്ത് വാങ്ങുക എന്നതല്ല, ഇസ്‌ലാമിന്റെ ലക്ഷ്യമെന്നും മറിച്ച് പാവപ്പെട്ടവന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ചില പ്രത്യേക മുതലുകള്‍ക്കാണ് സകാത്ത് ഈടാക്കുന്നതെന്നും സ്പഷ്ടമായി. നാല് തരം സമ്പത്തുകളില്‍ മാത്രമാണ് ഇസ്‌ലാം സകാത്ത് ആവശ്യപ്പെടുന്നത്. വിലയായി സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്നവ (വെള്ളി, സ്വര്‍ണം, കറന്‍സി). കച്ചവടച്ചരക്കുകള്‍. പഴങ്ങളിലും ധാന്യങ്ങളിലും മുഖ്യാഹാരമായി ഉപയോഗിക്കുന്നതും സൂക്ഷിച്ചുവെക്കാന്‍ പറ്റുന്നതുമായവ. കന്നുകാലികള്‍.
സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് നല്‍കാന്‍ ഖുര്‍ആനും സുന്നത്തും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ വില പിടിപ്പുള്ള പല ലോഹങ്ങളും രത്‌നങ്ങളും ലോകത്തുണ്ട്. അവക്കൊന്നുമില്ലാതെ സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് ഉണ്ടാകാന്‍ കാരണം, സ്വര്‍ണവും വെള്ളിയും ആഗോളതലത്തില്‍ പ്രാചീന കാലം മുതല്‍ക്കേ വിലയായി ഉപയോഗിക്കുന്ന വസ്തുക്കളായതുകൊണ്ടാണ്. ഏത് സാധനവും ഇത് ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കും. ഇത് പണക്കാരുടെ കൈയില്‍ മാത്രം കെട്ടിക്കിടന്നാല്‍ പാവപ്പെട്ടവന്‍ പ്രയാസപ്പെടും. നിശ്ചിത വിഹിതം അവരിലേക്ക് ഒഴുകണം. അതാണ് സകാത്ത്. എന്നാല്‍ ഇന്ന് പലപ്പോഴും വെള്ളിയും സ്വര്‍ണവും നേരിട്ട് വിനിമയോപാധികളായി രംഗത്തില്ല. എങ്കിലും അവ ആസ്തിയായി സ്വീകരിച്ച് ഉപയോഗസൗകര്യത്തിനായി കറന്‍സി നോട്ടുകള്‍ ഇറക്കിയിരിക്കയാണ്. അതുപയോഗിച്ച് എന്തും നമുക്ക് വാങ്ങാന്‍ സാധിക്കും. അതിനാല്‍ കറന്‍സികള്‍ക്കും സകാത്ത് നല്‍കണം.
20 മിസ്‌കാല്‍ (85 ഗ്രാം) സ്വര്‍ണം ഒരാളുടെ അധീനതയില്‍ ഒരു വര്‍ഷം കെട്ടിക്കിടന്നാല്‍ അതിന്റെ രണ്ടര ശതമാനം സകാത്തായി വിതരണം ചെയ്യണം. സൂക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ആഭരണങ്ങള്‍ക്കും സകാത്ത് നല്‍കണം. എന്നാല്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ നിര്‍മിച്ചതാണെങ്കില്‍, അത് പതിവില്‍ കവിഞ്ഞതല്ലെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല. 200 ദിര്‍ഹം (595 ഗ്രാം) വെള്ളിയുണ്ടായാല്‍ അതും സകാത്ത് നിര്‍ബന്ധമാകാന്‍ മാത്രമുള്ള ധനമായി. ഒരു കൊല്ലം പൂര്‍ത്തിയായാല്‍ ഇതിനും രണ്ടര ശതമാനം സകാത്ത് കൊടുക്കണം. ഇടക്ക് ഉടമാവകാശം നഷ്ടപ്പെടുകയോ തൂക്കം കുറയുകയോ ചെയ്താല്‍ സകാത്ത് വേണ്ട. 595 ഗ്രാം വെള്ളിയുടെ വില (ഇപ്പോള്‍ ഏകദേശം 25,800 രൂപ) കൈവശം വെക്കുമ്പോഴാണ് കറന്‍സി നോട്ടിന് സകാത്ത് നിര്‍ബന്ധമാകുക.
ഇന്ന് വെള്ളി, സ്വര്‍ണങ്ങളെക്കാള്‍ ആളുകള്‍ കൈവശം വെക്കുന്നത് കറന്‍സിയാണ്. പ്രൊവിഡന്റ് ഫണ്ട്, ആഴ്ചക്കുറി, ദിവസ നിക്ഷേപം…. ഇങ്ങനെ പല തരത്തിലും ആളുകള്‍ക്ക് സമ്പാദ്യമുണ്ട്. ഇവ സകാത്ത് നല്‍കാനുള്ള തുക (ഇപ്പോള്‍ ഏകദേശം 25,800 രൂപ) എത്തിക്കഴിഞ്ഞാല്‍ സകാത്തിന് വേണ്ടി കണക്ക് സൂക്ഷിക്കണം. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് എടുത്തു ഉപയോഗിച്ചുപോയില്ലെങ്കില്‍ അതിന് സകാത്ത് കൊടുക്കണം. ഒന്നും രണ്ടും ലക്ഷത്തിന്റെ കുറിയിടപാടുകള്‍ സര്‍വസാധാരണമാണ്. ആദ്യം ലഭിച്ച് ഉപയോഗിച്ചുപോയാല്‍ സകാത്തില്ല. സകാത്തിന്റെ കണക്കായ 595 ഗ്രാം വെള്ളിയുടെ വില (ഇപ്പോള്‍ ഏകദേശം 25,800 രൂപ) അടച്ചുകഴിഞ്ഞ് പിന്നെ ഒരു കൊല്ലം പൂര്‍ത്തിയായാല്‍ കുറിയില്‍ നിക്ഷേപിച്ചവന്‍ സകാത്ത് കൊടുക്കണം.
കടമായി കൊടുത്ത പണത്തിനും സകാത്ത് നിര്‍ബന്ധമാണ്. വാങ്ങിയത് അടച്ചുതീര്‍ക്കാന്‍ പ്രയാസമില്ലാത്ത മുതലാളിയാണെങ്കില്‍ കൊല്ലം തികഞ്ഞാല്‍ അയാള്‍ തന്നില്ലെങ്കിലും ഉടമ സകാത്ത് കൊടുക്കണം. പാവപ്പെട്ടവന്റെ കൈയിലാണ് കുടുങ്ങിപ്പോയതെങ്കില്‍ തിരിച്ചു ലഭിച്ചതിനു ശേഷം സകാത്ത് നല്‍കിയാലും മതി.
ഇനി ഒരു ഉദാഹരണം: നാട്ടില്‍ പണിയൊന്നുമില്ലാതെ കഴിയുന്ന ശരീഫിന് ജ്യേഷ്ഠന്‍ ഒരു ലക്ഷം രൂപ അയച്ചുകൊടുത്തു. മുഹര്‍റം ഒന്നിന് ഇത് കൈപ്പറ്റി. സ്വഫര്‍ ഒന്നിന് ശരീഫ് ഈ തുകക്കത്രയും ചെരിപ്പുകള്‍ വാങ്ങി ഒരു കടയാരംഭിച്ചു. ഇനി ഈ കച്ചവടത്തിന്റെ സകാത്ത് എങ്ങനെ കണക്കാക്കണം? ഇവിടെ ശരീഫ് കടയാരംഭിക്കുന്നത് സ്വഫര്‍ ഒന്നിനാണെങ്കിലും അതിനുപയോഗിച്ച ഒരു ലക്ഷം രൂപ അതിന്റെ ഒരു മാസം മുമ്പ് കൈയിലെത്തിയതു കൊണ്ടും ഈ തുക സകാത്ത് നിര്‍ബന്ധമാകാനുള്ള 595 ഗ്രാം വെള്ളിയുടെ വിലയുള്ളതിനാലും മുഹര്‍റം ഒന്നിന് തന്നെ കടയില്‍ സ്റ്റോക്കെടുപ്പ് നടത്തണം. നിലവില്‍ ഉള്ള സാധനങ്ങള്‍ സാധാരണ ഗതിയില്‍ വില്‍ക്കാനുദ്ദേശിച്ച വില കൂട്ടിയിടണം. ഒപ്പം കടം പോയതില്‍ കിട്ടുമെന്ന് ഉറപ്പുള്ളതും കടയില്‍ നിന്നു ആഴ്ചക്കുറിയായോ മറ്റോ നിക്ഷേപിച്ച വല്ലതുമുണ്ടെങ്കില്‍ അതും കൂട്ടണം. (ലഭ്യമായ ലാഭത്തില്‍ നിന്ന് ചെലവായിപ്പോയതൊന്നും കൂട്ടേണ്ടതില്ല. ) ഇത് മൊത്തം രണ്ട് ലക്ഷം രൂപക്കുള്ള മൂല്യമുണ്ടെന്നു വെക്കുക. അതിന്റെ രണ്ടര ശതമാനമായ 5000 രൂപ സകാത്ത് കൊടുക്കണം.
കച്ചവടത്തിന്റെ നിസാബും (സകാത്ത് നിര്‍ബന്ധമാകാനുള്ള മൂല്യം) 595 ഗ്രാം വെള്ളിയുടെ വിലയാണ്. കച്ചവടം ആരംഭിക്കുമ്പോള്‍ 595 ഗ്രാം വെള്ളിയുടെ വിലയുടെ ആസ്തി വേണമെന്നില്ല. കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടായാല്‍ മതി. ഹോട്ടലുടമകള്‍, ജ്യൂസ് കടക്കാര്‍ തുടങ്ങിയവര്‍ക്ക് കൊല്ലം തികയുമ്പോള്‍ ചരക്കുകളുടെ വില കൂട്ടിയിടാന്‍ കൂടുതലൊന്നും ഉണ്ടാകില്ലെങ്കിലും കച്ചവടത്തില്‍ നിന്ന് ലഭിച്ച് നിക്ഷേപിച്ച സംഖ്യയുണ്ടെങ്കില്‍ അതിന്റെ സകാത്ത് കണക്കാക്കണം. ഒരു കടയാരംഭിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ അതിന്റെ ലാഭത്തില്‍ നിന്ന് മറ്റൊരു കട തുടങ്ങിയാല്‍ ആദ്യത്തെ കടക്ക് കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ തന്നെ രണ്ടാം കടയുടെ സകാത്തും കൊടുക്കണം. ഇന്ന് പല ഏജന്‍സികളും അവരുടെ ഉത്പന്നങ്ങള്‍ കടയില്‍ ഇറക്കിക്കൊടുക്കും. വിറ്റതിന് ശേഷമോ അല്‍പ്പാല്‍പ്പമായോ പണം അടച്ചുതീര്‍ത്താല്‍ മതി. ഇത് കടമാണ് എന്നത് കൊണ്ട് കച്ചവടത്തിന്റെ സകാത്തില്‍ നിന്നും ഒഴിവാകുകയില്ല. കച്ചവടത്തിന് വേണ്ടി ഇറക്കിയ മുഴുവന്‍ പണവും ലോണ്‍ വാങ്ങിയതാണെങ്കിലും സകാത്ത് നിര്‍ബന്ധമാണ്.
വാടക സ്റ്റോര്‍ നടത്തുന്നയാള്‍ വാടക സാധനങ്ങള്‍ക്ക് “വില കെട്ടി” സകാത്ത് കൊടുക്കേണ്ടതില്ല. ഇത് കച്ചവടമല്ലാത്തതാണ് കാരണം. എന്നാല്‍ പീടിക മുറികളും മറ്റും വാടകക്കെടുത്ത് മേല്‍വാടകക്ക് കൊടുക്കുന്നവര്‍ വര്‍ഷം പൂര്‍ത്തിയായാല്‍ അതിന് ലഭിക്കാവുന്ന വാടക കൂട്ടിനോക്കി 595 ഗ്രാം വെള്ളിക്കുള്ള വിലയുണ്ടെങ്കില്‍ അതിന് രണ്ടര ശതമാനം സകാത്ത് നല്‍കണം. കച്ചവടം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ടാണ് ഇത്.
ജ്വല്ലറി ഉടമകള്‍ വര്‍ഷം തികഞ്ഞാല്‍ സ്റ്റോക്കെടുപ്പ് നടത്തണം. 595 ഗ്രാം വെള്ളിയുടെ വില വരുന്ന ഒരു വള മാത്രമാണ് കടയിലുള്ളതെങ്കിലും അതിന് സകാത്ത് നല്‍കണം. കച്ചവടച്ചരക്ക് എന്ന പരിഗണന ആയതുകൊണ്ട് സകാത്തായി സ്വര്‍ണം തന്നെ നല്‍കേണ്ടതില്ല. പണം നല്‍കിയാലും മതി. കച്ചവടച്ചരക്ക് എന്ന നിലക്കല്ലാതെ സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് കൊടുക്കുമ്പോള്‍ സ്വര്‍ണവും വെള്ളിയുമായി തന്നെ നല്‍കണം.
പറമ്പ്, കെട്ടിടം, വാഹനം പോലുള്ളവ “വില കെട്ടി” സകാത്ത് നല്‍കേണ്ട മുതലുകളല്ല. ഇതിലൂടെ ലഭിക്കുന്ന ആദായങ്ങള്‍ സകാത്ത് നിര്‍ബന്ധമാകാനുള്ള തുകയുണ്ടാകുകയും ഒരു വര്‍ഷം ആ തുക കൈവശം വെക്കുകയും ചെയ്താല്‍ അവക്ക് സകാത്ത് നല്‍കണം. എന്നാല്‍ ഇവ കച്ചവടച്ചരക്കായി മാറുമ്പോള്‍ വില കണക്കാക്കി സകാത്ത് നല്‍കണം. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ വില്‍പ്പന ഉദ്ദേശിച്ച് വാങ്ങിയിടുന്ന പറമ്പുകളും കെട്ടിടങ്ങളും വാഹനങ്ങളും ഒരു വര്‍ഷം കഴിഞ്ഞാല്‍ ലഭിക്കാന്‍ സാധ്യതയുള്ള വില കൂട്ടി സകാത്ത് നല്‍കണം. ഇത് മുഖേന വന്‍ തുക സാധുക്കളിലേക്ക് ഒഴുകാന്‍ അവസരമുണ്ടാകും.
ഇതുപോലെ തേങ്ങ, അടയ്ക്ക, കുരുമുളക്, കശുവണ്ടി എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകന്‍ അവക്ക് സകാത്ത് കൊടുക്കേണ്ടതില്ല. പച്ചക്കറികളിലും സകാത്ത് നിര്‍ബന്ധമാക്കുന്ന സ്വഹീഹായ ഒരു ഹദീസും പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ലെന്ന് ഇമാം തിര്‍മുദി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം ഇവയൊന്നും മുഖ്യ ആഹാരമോ ജനങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന വസ്തുക്കളോ അല്ല. എത്ര ഉത്പാദിപ്പിച്ചാലും ഉടന്‍ വിപണിയിലെത്തുകയും ആളുകള്‍ക്ക് വാങ്ങി ഉപയോഗിക്കാന്‍ സൗകര്യപ്പെടുകയും ചെയ്യും. എന്നാല്‍ ഈ കര്‍ഷകര്‍ അവരുടെ ഉത്പന്നം വിറ്റാല്‍ ലഭിക്കുന്ന പണം ഒരു വര്‍ഷം സൂക്ഷിച്ചാല്‍ അതിന് സകാത്ത് നല്‍കണം. ഈ പറഞ്ഞ ഉത്പന്നങ്ങളും കച്ചവടച്ചരക്കുകളായി മാറുമ്പോള്‍ അവക്ക് സകാത്ത് വേണം. റബ്ബര്‍, തേങ്ങ, കൊപ്ര തുടങ്ങിയ സാധനങ്ങള്‍ വാങ്ങി ബിസിനസ് നടത്തുന്നവര്‍ അതിന് കച്ചവടത്തിന്റെ സകാത്ത് നല്‍കണം.
അരി, ഗോതമ്പ്, മുത്താറി, കടല തുടങ്ങി മുഖ്യാഹാരമായി ഉപയോഗിക്കുന്നതും സൂക്ഷിച്ചുവെക്കാന്‍ പറ്റുന്നതുമായ ധാന്യങ്ങളിലും കാരക്ക, മുന്തിരി എന്നീ പഴവര്‍ഗങ്ങളിലും മാത്രമാണ് കൃഷിയിനത്തില്‍ സകാത്തുള്ളത്. ഒരു വര്‍ഷത്തെ മൊത്തം വിളകളെ ഒന്നായാണ് പരിഗണിക്കേണ്ടത്. മകരം, കന്നി, പുഞ്ച എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളില്‍ നെല്‍ കൃഷി ചെയ്യുന്ന പതിവ് കേരളത്തിലുണ്ട്. ഇതില്‍ കൂലിയായി നെല്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അതും കൂടി മൊത്തം 600 സ്വാഅ്(1920 ലിറ്റര്‍) ഉണ്ടെങ്കില്‍ ഇത് കൃഷി ചെയ്യുന്നതിന് നനക്കാന്‍ ചെലവ് വന്നിട്ടില്ലെങ്കില്‍ 10 ശതമാനവും ചെലവ് വന്നിട്ടുണ്ടെങ്കില്‍ അഞ്ച് ശതമാനവും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണം. ചെറുകിട കര്‍ഷകര്‍ നല്‍കേണ്ടതില്ല.
മനുഷ്യന്‍ സസ്യ മാംസാഹാരങ്ങള്‍ കഴിക്കുന്നവരാണ്. മാംസത്തിന് ലോകത്ത് കൂടുതലായും ഉപയോഗിക്കുന്നത് ആട്, മാട്, ഒട്ടകം എന്നിവയാണ്. ക്ഷീരോത്പാദനവും ഇവയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ, ഇത് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ധനമായാണ് ഇസ്‌ലാം കണക്കാക്കുന്നത്. ചെറിയ തോതില്‍ കന്നുകാലികളെ വളര്‍ത്തുന്നവരോട് സകാത്ത് ചോദിക്കുന്നില്ല. 40 ആടുകളെ ഒരു ഒരു വര്‍ഷം ഉടമയില്‍ വെച്ചാല്‍ ഒരാടിനെ സകാത്തായി നല്‍കണം. 30 പശുക്കളുണ്ടായാല്‍ ഒരു പശുവിനെയും കൊടുക്കണം. കുറവാണെങ്കില്‍ വേണ്ട. അഞ്ച് ഒട്ടകങ്ങളുള്ളവര്‍ ഒരു ആടിനെ നല്‍കിയാല്‍ മതി. ഇപ്രകാരം ഇവ വര്‍ധിക്കുന്നതിനനുസരിച്ച് ചില മാറ്റങ്ങളോടെ സകാത്തും വര്‍ധിക്കും. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ആനക്കും കുതിരക്കും മുയലുകള്‍ക്കുമൊന്നും സകാത്തില്ല.
നോമ്പിന്റെ ന്യൂനതകള്‍ പരിഹരിക്കുകയും ഒപ്പം പെരുന്നാള്‍ ദിവസം മുഖ്യാഹാരം ലഭിക്കാത്ത ഒരു മുസ്‌ലിം വീടും ഉണ്ടാകാന്‍ പാടില്ലെന്നതുമാണ് ഫിത്വര്‍ സകാത്തിന്റെ ലക്ഷ്യം. ഇത് പണക്കാര്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ തെറ്റാണ്. പെരുന്നാള്‍ രാവിലും പകലിലും താമസിക്കാനുള്ള വീട്, കഴിക്കാനുള്ള ഭക്ഷണം, വസ്ത്രം, കടമുണ്ടെങ്കില്‍ അത് വീട്ടാനുള്ള ആസ്തി ഇവ കഴിച്ച് മിച്ചമുള്ളവരൊക്കെ ഫിത്വര്‍ സകാത്ത് നല്‍കണം. തന്റെത് മാത്രം പോര. താന്‍ ചെലവിന് കൊടുക്കാന്‍ ബാധ്യതപ്പെടവരുടെതു കൂടി കൊടുക്കണം. കാരണമില്ലാതെ പിണങ്ങിക്കഴിയുന്ന ഭാര്യയുടെ സകാത്ത് കൊടുക്കേണ്ടതില്ല. ശേഷിയുണ്ടെങ്കില്‍ അവളാണ് കൊടുക്കേണ്ടത്. സാമ്പത്തികശേഷിയില്ലാത്ത ഭര്‍ത്താവിന്റെ ഭാര്യ സാമ്പത്തിക ശേഷിയുള്ളവളാണെങ്കിലും അവളുടെ സകാത്ത് രണ്ടാള്‍ക്കും നിര്‍ബന്ധമില്ല. ഭാര്യ നല്‍കല്‍ സുന്നത്തുണ്ട്. അധ്വാനിക്കാന്‍ ശേഷിയുള്ള മക്കളുടെ ഫിത്വര്‍ സകാത്ത് പിതാവ് നല്‍കേണ്ടതില്ല. നല്‍കുകയാണെങ്കില്‍ അവരുടെ സമ്മതം വാങ്ങിയിരിക്കണം. റമസാനിന്റെ അവസാന സമയത്തും പെരുന്നാളിന്റെ ആദ്യ സമയത്തും ഉള്ളവരുടെ പേരില്‍ മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ. അപ്പോള്‍ പെരുന്നാള്‍ രാവ് പിറക്കുന്നതിന് മുമ്പ് മരണപ്പെട്ടയാളുടെ പേരില്‍ സകാത്ത് വേണ്ട. ഇതുപോലെ പെരുന്നാള്‍ രാവ് പിറക്കുന്നതിന് മുമ്പ് മൂന്ന് ത്വലാഖും ചൊല്ലപ്പെട്ട ഭാര്യ, രാവ് പിറന്നതിന് ശേഷം നിക്കാഹ് കഴിച്ച ഭാര്യ ഇവരുടെ പേരിലും സകാത്ത് നിര്‍ബന്ധമില്ല.
ഒരാള്‍ക്ക് വേണ്ടി ഒരു സ്വാഅ് (3. 200 ലിറ്റര്‍- ഏകദേശം 2. 600 കിലോഗ്രാം) എന്ന തോതിലാണ് നല്‍കേണ്ടത്. പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പ് തന്നെ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കലാണ് ഉത്തമം. പകലില്‍ എതായാലും കൊടുത്ത് തീര്‍ക്കണം. രാത്രിയിലേക്ക് പിന്തിക്കുന്നത് കുറ്റകരമാണ്. മുഖ്യാഹാരമായ അരിയോ മറ്റോ നല്‍കണം. വില നല്‍കിയാല്‍ മതിയാകില്ല. ഒരോരുത്തരുടെയും താമസ സ്ഥലത്താണ് ഫിത്വര്‍ സകാത്ത് വിതരണം നടത്തേണ്ടത്. ഗള്‍ഫിലും മറ്റുമായി വിദേശത്തുള്ളവരുടെ ഫിത്വര്‍ സകാത്ത് അവിടെ തന്നെയാണ് കൊടുക്കേണ്ടത്. പണിയില്ലാത്തവരും കടം മൂലം വലഞ്ഞവരും വരുമാനം തികയാത്ത മിസ്‌കീന്‍മാരും അവരുടെ താമസസ്ഥലങ്ങളില്‍ തന്നെ ധാരാളമുണ്ടാകും. ഒരാളുടെ ഭാര്യ ഭര്‍ത്താവിന്റെ മഹല്ലിന് പുറത്തുള്ള അവളുടെ വീട്ടിലാണ് താമസമെങ്കില്‍ അവളുടെ നാട്ടിലാണ് ഫിത്വര്‍ സകാത്ത് കൊടുക്കേണ്ടത്.

Latest