Ramzan
വ്രതവും വായനയുമായി പ്രസാദിന്റെ റമസാന്‍ കാലം
ചാരുംമൂട്: ആത്മസമര്‍പ്പണത്തിന്റെ നേരിന്റെ വഴിയില്‍ കമ്യൂണിസ്റ്റ് നേതാവിന്റെ നോമ്പ് കാലം. സി പി ഐ പത്തനംതിട്ട ജില്ല മുന്‍ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പാലമേല്‍ മറ്റപ്പളളി സുജാലയത്തില്‍ പി പ്രസാദാണ് നോമ്പ് കാലം ആത്മസമര്‍പ്പണത്തിന്റെ ദിനങ്ങളാക്കി മാറ്റുന്നത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ പ്രസാദ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നു.
ആറ് വര്‍ഷത്തോളമായി റമസാനില്‍ നോമ്പെടുക്കാറുള്ള പ്രസാദ് പറയുന്നു. വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് ഈ ശീലം ആരംഭിച്ചത്. സുഹൃത്തുക്കളുടെ നോമ്പ് അനുഷ്ടാന ത്തിന് പിന്തുണ നല്‍കി ഒപ്പം കൂടിയായിരുന്നു തുടക്കം. പിന്നെ അതൊരു ശീലമായി മാറുകയായിരുന്നു.
വായനയിലൂടെ കിട്ടിയ അറിവും നോമ്പ് എടുക്കുന്ന സുഹൃത്തുക്കളുടെ സാമിപ്യവും നോമ്പിന്റെ മഹത്വത്തിലേക്ക് എത്തുവാന്‍ പ്രേരണയായതായി പി പ്രസാദ് പറയുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റും പഞ്ചായത്തംഗവുമായിരുന്ന പിതാവ് പരമേശ്വരന്‍ പിളള നല്‍കിയ പി ടി ഭാസ്‌ക്കര പണിക്കരുടെ “ഇസ്‌ലാമും കമ്മ്യൂണിസ്റ്റ്കാരും” എന്ന പുസ്തകമാണ് തനിക്ക് ഇസ്‌ലാമിനെക്കുറിച്ച് കുടുതലായി അറിയാന്‍ കഴിഞ്ഞതെന്ന് പ്രസാദ് പറയുന്നു. ഇസ്‌ലാമിക ശാസ്ത്രം വിശദീകരിക്കുന്ന 150 ല്‍ പരം പുസ്തകങ്ങളാണ് പ്രസാദിന്റെ ഗ്രന്ഥശേഖരത്തിലുളളത്. ഇടപഴകി ജീവിക്കുന്ന സമൂഹത്തില്‍ എല്ലാ മതങ്ങളെ കുറിച്ച് പഠിക്കാനും നല്ല വശങ്ങള്‍ ഉള്‍ക്കൊളളാനും എല്ലാ വിഭാഗം ജനങ്ങളും ശ്രമിക്കണമെന്ന് പ്രസാദ് അഭിപ്രായപ്പെടുന്നു. സാമ്രാജ്യത്വ വിരുദ്ധ സമീപനം സ്വീകരിക്കുന്നതും, കമ്മ്യൂണിസവുമായി സമാനതകളുളളതുമാണ് ഇസ്ലാം മതമെന്നും പ്രസാദ് അഭിപ്രായപ്പെടുന്നു. പുലര്‍ച്ചെ 3.30 ഓടെ ഉണര്‍ന്ന് കുളി കഴിഞ്ഞ് വരുമ്പോഴേക്കും കാപ്പി തയ്യാറാക്കി അമ്മ ഗോമതിയമ്മയും ഭാര്യ ലൈനയും ഉണ്ടാകും. പിന്നീട് വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക്. കൂടുതല്‍ വായിക്കാനും എഴുതാനും നോമ്പ് കാലം ഒരു പ്രേരകശക്തി കൂടിയാകുന്നു. രാഷ്ടീയ തിരക്കുകള്‍ക്കിടയില്‍ നോമ്പ് തുറക്കുന്നത് പലപ്പോഴും യാത്രകളിലാണ്. പ്രസാദ് പറഞ്ഞു.