Connect with us

National

ബിക്കാനീര്‍ ഭൂമി കേസ്: റോബര്‍ട്ട് വദ്രക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ബിക്കാനീര്‍ ഭൂമി കേസില്‍ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബോര്‍ട്ട് വദ്രക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ നടന്ന ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഭൂമി കൈമാറ്റത്തില്‍ പങ്കെടുത്ത വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയോട് സാമ്പത്തിക ക്രയവിക്രയ രേഖകളടക്കമുള്ളവ സമര്‍പ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചിരുന്നു. കൈമാറ്റത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കോടിക്കണക്കിന്റെ കള്ളപ്പണം ഈ ഭൂമികൈമാറ്റത്തിന്റെ മറവില്‍ വെളുപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. വദ്രക്ക് വേണ്ടി കഴിഞ്ഞ മാസം അഭിഭാഷകന്‍ ഹാജരായിരുന്നെങ്കിലും കമ്പനിയില്‍ നിന്നുള്ള രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ ഇദ്ദേഹത്തെ കേസ് നടത്താന്‍ അനുവദിച്ചിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം വ്യാപകമായ തിരച്ചില്‍ നടന്നിരുന്നു. കൃത്യമായ തെളിവുകള്‍ ലഭിച്ചതിന് ശേഷമാണ് നോട്ടീസ് അയച്ചത്. ബിക്കാനീറില്‍ നിന്നും മറ്റുമായി നിരവധി രേഖകള്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. കടുത്ത നടപടി തന്നെ വദ്രക്കും കൂട്ടാളികള്‍ക്കും നേരെയുണ്ടാകുമെന്നാണ് സൂചന. ജില്ല അതിര്‍ത്തിയിലെ കൊലയാട്ട് മേഖലയില്‍ നിന്ന് 275 ബിഗ ഭൂമിയുടെ കൈമാറ്റമാണ് വിവാദമായത്. കള്ളപ്പണം വെളുപ്പിച്ച സംഭവത്തില്‍ തഹസില്‍ദാറുടെ പരാതിക്ക് മേല്‍ ക്രിമിനല്‍ കേസാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ സ്വീകരിച്ചത്. ബിക്കാനീര്‍ മേഖലയില്‍ വ്യാപകമായി സര്‍ക്കാര്‍ഭൂമി ഭൂമാഫിയ കൈയേറിയതായി നേരത്തെ തഹസില്‍ദാര്‍ രാജസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വ്യാജരേഖ ചമച്ച് വന്‍തോതില്‍ ഭൂമി കൈയേറി കുറഞ്ഞ വിലക്ക് മറിച്ചുവിറ്റതിന്റെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് തഹസില്‍ദാര്‍ കണ്ടെത്തിയത്.
അതേസമയം, 377.44 ഹെക്ടര്‍ ഭൂമിയുടെ പോക്കുവരവ് ജനുവരിയില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ റദ്ദുചെയ്തിരുന്നു. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് 18 കേസും പ്രാദേശിക പോലീസ് കൊളയാട് കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest