Connect with us

Articles

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ദുരിതക്കടലില്‍ തന്നെ

Published

|

Last Updated

ഭരണകൂടത്തിന്റെയും അതിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബുദ്ധമത തീവ്രവാദികളുടെയും നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി അതിക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചു വരുന്ന റോഹിംഗ്യാ മുസ്‌ലിംകളെക്കുറിച്ച് ഈ പംക്തി പലതവണ ചര്‍ച്ച ചെയ്തിരുന്നു. അന്നെല്ലാം അവിടെ ഭരണം കൈയാളിയിരുന്നത് പട്ടാളമായിരുന്നു. അന്നത്തെ പ്രസിഡന്റ് തീന്‍ സീന്‍ ജനാധിപത്യപരമായ ചില നടപടികള്‍ കൈകൊള്ളാന്‍ ശ്രമിക്കുകയും പട്ടാള ഭരണകൂടം ചില ഇളവുകളൊക്കെ അനുവദിക്കുകയും ചെയ്തപ്പോള്‍ റാഖിനെ പ്രവിശ്യയില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്ന ഈ പരമ്പരാഗത മുസ്‌ലിം സമൂഹത്തിന്റെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ ബുദ്ധ തീവ്രവാദികള്‍ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങളെ ന്യായീകരിക്കുകയാണ് തീന്‍ സീനും ചെയ്തത്. ഭൂരിപക്ഷത്തെ അക്രമാസക്തമാക്കി നിര്‍ത്തുകയായിരുന്നു ഭരണകൂടം. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്ന പ്രാഥമികമായ ദൗത്യത്തില്‍ നിന്ന് ബോധപൂര്‍വം പിന്‍വാങ്ങിയാണ് മ്യാന്‍മറില്‍ രാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ നടന്നത്. ഒടുവില്‍, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നീതിയുക്തമായ തിരഞ്ഞെടുപ്പിലൂടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എല്‍ എല്‍ ഡി) അധികാരത്തില്‍ വന്നു. പട്ടാളബാരക്കില്‍ നിന്ന് അധികാരം പാര്‍ലിമെന്റിലേക്കെത്തി. എം പിമാരില്‍ നിശ്ചിത ശതമാനത്തെ പട്ടാളത്തിന് സംവരണം ചെയ്തതൊഴിച്ചാല്‍ അധികാരം ഏറെക്കുറെ പൂര്‍ണമായി തന്നെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ എത്തിച്ചേര്‍ന്നു. അധികാരം കൈവന്നിരിക്കുന്നത് ആര്‍ക്കാണ്?
ജനങ്ങള്‍ക്കെന്ന് പറഞ്ഞാല്‍ പോര. ഈ രാജ്യത്തിന്റെ അധിനിവേശവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ, 1948ല്‍ ബ്രിട്ടനില്‍ നിന്ന് മോചിതമായ ശേഷം യഥാര്‍ഥ ജനായത്ത ഭരണം സ്ഥാപിക്കാന്‍ പോരാട്ടത്തിന്റെ വഴിയിലേക്ക് എടുത്തു ചാടുകയും രക്തസാക്ഷിയാകുകയും ചെയ്ത ജനറല്‍ ആംഗ് സാന്റെ മകള്‍ നയിക്കുന്ന പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നിരിക്കുന്നത്. ആംഗ് സാന്‍ സൂക്കി നൊബേല്‍ സമ്മാന ജേതാവാണ്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായുള്ള പോരാട്ടത്തില്‍ ദീര്‍ഘകാലം തടവില്‍ കിടന്ന ആളാണ്. അത്തരമൊരാള്‍ അധികാരത്തിന്റെ താക്കോല്‍ സ്ഥാനത്ത് വരുമ്പോള്‍ ലോകം ന്യായമായും നീതി പ്രതീക്ഷിക്കും. തന്റെ രാജ്യത്തിന്റെ എല്ലാ വലിപ്പത്തരങ്ങളും റാഖിനെ പ്രവിശ്യയിലെ വംശശുദ്ധീകരണത്തിന് മുന്നില്‍ അപ്രസക്തമാകുമെന്ന് സൂക്കിക്ക് നന്നായറിയാം. മ്യാന്‍മര്‍ മാറിയെന്ന് ലോകത്തിന് മുന്നില്‍ വീമ്പ് പറയുന്നവര്‍ക്കും ബോധ്യമുണ്ട് ഈ മനുഷ്യരെ ഉള്‍ക്കൊള്ളാത്തിടത്തോളം ഒരു മാറ്റവും സത്യത്തെ തൊടുന്നില്ലെന്ന്. പക്ഷേ, ആക്ടിവിസ്റ്റില്‍ നിന്ന് ഭരണാധികാരിയില്‍ എത്തുമ്പോള്‍ സൂക്കിയും ഭൂരിപക്ഷ ബോധത്തിന് വഴിപ്പെടുകയാണ്. ജനഹിതം മറക്കുകയാണ്.
നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിയെ 1990ല്‍ തന്നെ ജനങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. പക്ഷേ അന്ന് അധികാരമേറ്റെടുക്കാന്‍ പട്ടാളം അനുവദിച്ചില്ല. ഇപ്പോള്‍ അനുകൂല സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി വിജയം നേടി. സൂക്കിയുടെ വിശ്വസ്തനും സഹപാഠിയുമായ ഹിതിന്‍ യോയാണ് പ്രസിഡന്റ്. അദ്ദേഹത്തെ പ്രസിഡന്റായി വാഴിക്കുകയായിരുന്നു. മക്കള്‍ക്ക് വിദേശപൗരത്വമുള്ളതിനാല്‍ സൂക്കിക്ക് പ്രസിഡന്റ്പദത്തിലെത്താന്‍ ഭരണഘടനാപരമായ അയോഗ്യതയുണ്ട്.
അത്‌കൊണ്ട് മാത്രമാണ് യോ പ്രസിഡന്റായിരിക്കുന്നത്. ഫലത്തില്‍ സൂക്കി തന്നെയാണ് ഭരണാധികാരി. വിദേശകാര്യം, വിദ്യാഭ്യാസം, സാമ്പത്തികം എന്നിവയുടെ ചുമതലയുള്ള മന്ത്രിയായാണ് സൂക്കി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. പാര്‍ലിമെന്റിന്റെ ഉപരി സഭ അവര്‍ക്ക് പ്രധാനമന്ത്രിക്ക് തുല്യമായ പദവി സമ്മാനിച്ചിരിക്കുന്നു. പദവി എന്തുമാകട്ടേ, സൂക്കിയാണ് ഇന്ന് മ്യാന്‍മര്‍ ഭരിക്കുന്നത്.
മ്യാന്‍മറിന് മേല്‍ യു എസും യു എന്നും അടിച്ചേല്‍പ്പിച്ച മിക്ക ഉപരോധങ്ങളും പിന്‍വലിച്ചിരിക്കുന്നു. “ജനാധിപത്യ” മ്യാന്‍മറിലേക്ക് അന്താരാഷ്ട്ര സഹായം കുതിച്ചൊഴുകുകയാണ്. മിക്ക രാജ്യങ്ങളിലെയും നേതാക്കള്‍ മ്യാന്‍മറിലേക്ക് വെച്ച് പിടിക്കുന്നു. ഓരോരുത്തരും വന്ന് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത് റോഹിംഗ്യ മുസ്‌ലിംകളെക്കുറിച്ചാണ്. അവര്‍ക്ക് പൗരത്വം നല്‍കുമോ? വീട് വെക്കാനും കുട്ടികളെ പഠിപ്പിക്കാനും അവസരം നല്‍കുമോ? ബുദ്ധതീവ്രവാദികളുടെ ആക്രമണം അവസാനിപ്പിക്കുമോ? തുല്യ നീതി പുലരുമോ? ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുമോ? ഒരു ചോദ്യത്തിനും അധികാരത്തിലിരിക്കുന്നവര്‍ക്ക് മറുപടിയില്ല. ബി ബി സിക്ക് അനുവദിച്ച അഭിമുഖത്തില്‍ ആംഗ് സാന്‍ സൂക്കിയോട് ലേഖിക റോഹംഗ്യാ മുസ്‌ലിംകളെക്കുറിച്ച് ചോദിച്ചു. “മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്നിടത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ട്. അത്തരം ഇടങ്ങളില്‍ സ്വാഭാവികമായും ചില സംഘര്‍ഷങ്ങള്‍ ഉണ്ടാകും. അപ്പോള്‍ ഇരു കൂട്ടര്‍ക്കും നഷ്ടങ്ങളുണ്ടാകും. ആക്രമണങ്ങള്‍ ഏകപക്ഷീയമല്ല” എന്നായിരുന്നു സൂക്കിയുടെ മറുപടി. 2013ലാണ് അഭിമുഖം വന്നത്. ഈ ഭാഗം അടര്‍ത്തി മാറ്റിയാണ് ബി ബി സി അന്ന് അഭിമുഖം സംപ്രേഷണം ചെയ്തിരുന്നത്. സൂക്കി അധികാരത്തിലെത്തിയ ശേഷം അഭിമുഖത്തിന്റെ അണ്‍ എഡിറ്റഡ് വേര്‍ഷന്‍ പുറത്ത് വന്നു. അതോടെ അവരുടെ മുന്‍ഗണന വെളിപ്പെട്ടു. ന്യൂനപക്ഷ സംരക്ഷണത്തിന് ചെറു വിരലനക്കാന്‍ അവര്‍ തയ്യാറാകില്ലെന്ന് ഉറപ്പായി. ആരാണ് റോഹിംഗ്യ മുസ്‌ലിംകള്‍? ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മര്‍ പ്രവിശ്യയായ രാഖിനെയില്‍ വസിക്കുന്ന മുസ്‌ലിം വിഭാഗമാണ് റോഹിംഗ്യകള്‍. ഇവര്‍ക്ക് മ്യാന്‍മര്‍ ഭരണകൂടം പൗരത്വം വകവെച്ചു കൊടുക്കുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമില്ല. കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കില്ല. ബംഗ്ലാദേശികളാണ് ഇവരെന്ന് സര്‍ക്കാര്‍ മുദ്ര കുത്തുന്നു. വിവാഹം കഴിക്കാന്‍ സര്‍ക്കാറിന്റെ അനുമതി വേണം. ഇവരുടെ ഭൂമിക്ക് ആധാരമോ മറ്റ് രേഖകളോ ഇല്ല. ഒരു തരം അടിമത്തമാണ് ഈ മനുഷ്യര്‍ അനുഭവിക്കുന്നത്. റോഡുകള്‍, റെയില്‍വേ, വൈദ്യുതി നിലയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് റോഹിംഗ്യന്‍ യുവാക്കളെ പിടിച്ചുകൊണ്ടുപോകും. കുറഞ്ഞ കൂലിയേ നല്‍കൂ. വീട് വെക്കാനുള്ള അവകാശം ഇവര്‍ക്കില്ല. പ്രവിശ്യയിലെ ഭൂരിപക്ഷ വിഭാഗം അരാകന്‍ വംശജരായ ബുദ്ധമതക്കാരാണ്. അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഇവര്‍ പുറത്തെടുക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ ആട്ടിയോടിക്കല്‍ ഇന്നും തുടരുകയാണ്. 1982ലെ പൗരത്വ നിയമം റോഹിംഗ്യന്‍ മുസ്‌ലിംകളെ പൂര്‍ണമായി പുറത്ത് നിര്‍ത്തി. അക്രമവും ഒറ്റപ്പെടുത്തലും ദാരിദ്ര്യവും അസഹ്യമാകുമ്പോള്‍ ചിലര്‍ പലായനത്തിന് മുതിരും. ലോകത്തെ ഏറ്റവും അപകടകരമായ പലായനമാണ് ഇത്. കടല്‍ വഴി തായ്‌ലാന്‍ഡിലേക്കും മലേഷ്യയിലേക്കും നടത്തുന്ന യാത്രകള്‍ യന്ത്രരഹിത ബോട്ടുകളിലാണ്. മരണത്തിന്റെ കൈപിടിച്ചുള്ള ഈ യാത്രകള്‍ പലതും കടലില്‍ ഒടുങ്ങുകയാണ് ചെയ്യാറുള്ളത്. “ബോട്ട് പീപ്പിള്‍” എന്ന് ഇവരെ വിളിക്കുന്നത് തീര്‍ത്തും അന്വര്‍ഥമാണ്. “ഭൂമുഖത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷം” എന്നാണ് റോഹിംഗ്യന്‍ മുസ്‌ലിംകളെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്. 20 ലക്ഷത്തോളം വരുന്ന ആ ജനതയില്‍ പകുതിയിലേറെ പേരും, ഏതാണ്ട് 12 ലക്ഷത്തോളം, ഇതിനകം അഭയാര്‍ഥികളായി കഴിഞ്ഞു. സഊദി അറേബ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലാന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളിലായാണ് ഇത്രയും വരുന്ന അഭയാര്‍ഥികള്‍ വര്‍ഷങ്ങളായി കഴിയുന്നത്.
ജനായത്ത ഭരണകൂടത്തിന്റെ കാലത്തും ഇവരുടെ സ്ഥിതിയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് മ്യാന്‍മറില്‍ നിന്ന് കേള്‍ക്കുന്നത്. പുരാതനമായ പള്ളി തകര്‍ത്തു കൊണ്ടാണ് ബുദ്ധ തീവ്രവാദികള്‍ കഴിഞ്ഞ ആഴ്ച സംഘര്‍ഷത്തിന്റെ പുതിയ താളവട്ടം തുടങ്ങിയത്. സംഘര്‍ഷം പടര്‍ന്നതോടെ മുസ്‌ലിംകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ അഭയം തേടേണ്ടി വന്നു. പള്ളിയോട് ചേര്‍ന്ന് സ്‌കൂള്‍ തുടങ്ങാനുള്ള മുസ്‌ലിംകളുടെ ശ്രമമാണത്രേ ബുദ്ധസന്യാസി അഷിന്‍ വിരാതുവിന്റെ ആഹ്വാന പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയെ പ്രകോപിപ്പിച്ചത്. അവരുടെ കുട്ടികള്‍ പഠിക്കരുത്, അലയണം. പള്ളിയുടെ പകുതി ഭാഗം തകര്‍ത്തു. ഖബര്‍സ്ഥാന്റെ വേലികള്‍ പൊളിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ജീവഭയത്താല്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.
ഈ അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ അത് ലോകം അറിയുന്നതിലാണ് സൂക്കിക്ക് വേവലാതി. പ്രവിശ്യയിലെ മുസ്‌ലികളെ റോഹിംഗ്യകളെന്ന് വിളിക്കരുതെന്നാണ് ഏറ്റവും ഒടുവില്‍ അവര്‍ ഇറക്കിയ ഉത്തരവ്. യു എന്നിന് മുമ്പിലും അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് മുമ്പിലും അവര്‍ ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. റാഖിനെ പ്രവിശ്യയിലെ “മുസ്‌ലിം ന്യൂനപക്ഷ”മെന്നേ വിശേഷിപ്പിക്കാവൂ എന്നാണ് നിഷ്‌കര്‍ഷ. റോഹിംഗ്യ എന്ന പേരു പോലും മുസ്‌ലിംകളില്‍ നിന്ന് കവര്‍ന്നെടുക്കുകയാണ്. പഴയ ബര്‍മയിലെ പരമ്പരാഗത നിവാസികളാണ് ഇവരെന്ന് തെളിയിക്കാന്‍ അവരുടെ കൈയില്‍ ചരിത്രവും ഈ പേരും മാത്രമേയുള്ളൂ. (പുരാതന തദ്ദേശീയ ഭാഷയെ കുറിക്കുന്ന പദത്തില്‍ നിന്നാണ് റോഹിംഗ്യ എന്ന പേര് ഉത്ഭവിച്ചത്). ചരിത്രത്തെ സര്‍ക്കാര്‍ തമസ്‌കരിച്ചിരിക്കുന്നു. പേരും മായ്ച്ചു കളയാനാണ് ശ്രമം. ബുദ്ധ മേലാളന്‍മാര്‍ ഇവരെ “ബംഗാളി”കള്‍ എന്നാണ് വിളിക്കുന്നത്. ചരിത്രവിരുദ്ധമായ ആ പ്രയോഗം സൂക്കിക്കും കൂട്ടര്‍ക്കും ഒരു അലോസരവുമുണ്ടാക്കുന്നില്ല. മേഖലയില്‍ വംശീയ വിഭജനമുണ്ടാക്കുന്നത് റോംഹിംഗ്യയെന്ന പേരാണെന്ന് യു എന്നില്‍ പറഞ്ഞത് സൂക്കി നിയോഗിച്ച ഉദ്യോഗസ്ഥനാണ്. ലോകത്താകെ അത് പ്രചരിപ്പിക്കുകയാണ് സര്‍ക്കാര്‍. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മ്യാന്‍മറില്‍ വന്നപ്പോള്‍ അദ്ദേഹത്തിന് മുന്നിലും ഈ ആവശ്യം വെച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ചരിത്രകാരന്‍മാരുടെയും വാക്കുകള്‍ക്ക് ഭരണകൂടം ഒരു വിലയും കല്‍പ്പക്കുന്നില്ല.
പുതിയ സര്‍ക്കാര്‍ വംശീയ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും തയ്യാറാക്കിയ സമഗ്ര പദ്ധതിയിലും റോഹിംഗ്യകളില്ല. കച്ചിന്‍, കരന്‍, ചിന്‍, ഷാന്‍ തുടങ്ങിയ ഗ്രൂപ്പുകളെല്ലാം ഈ പദ്ധതിയില്‍ വരുന്നു. സൂക്കിയുടെ പിതാവ് ജനറല്‍ ആംഗ് സാന്‍ കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പ് വംശീയ വിഭാഗങ്ങളുടെ നേതാക്കളെ ഒരു മേശക്ക് ചുറ്റും ഇരുത്താന്‍ ശ്രമിച്ചിരുന്നു. അത്തരത്തിലുള്ള ഒരു സമ്മേളനം വിളിച്ച് ചേര്‍ക്കുമെന്ന് സൂക്കി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനായി തയ്യാറാക്കിയ പട്ടികയിലും റോഹിംഗ്യകളില്ല. രാഖിനെ പ്രവിശ്യയുടെ സമഗ്ര വികസനത്തിന് സൂക്കിയുടെ അധ്യക്ഷതയില്‍ ദേശീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയിലും മുസ്‌ലിംകള്‍ക്ക് ഇടമില്ല.
ബുദ്ധതീവ്രവാദികള്‍ എങ്ങനെയാണോ ഇവരെ ആട്ടിയോടിക്കുന്നത് അതിനേക്കാള്‍ മാരകമായി സര്‍ക്കാര്‍ സംവിധാനം ഇവരെ അവഗണിക്കുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ജനാധിപത്യത്തിന്റെ വെളിച്ചത്തിലേക്ക് മ്യാന്‍മര്‍ ഉണരുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഈ മനുഷ്യര്‍ പൗരത്വം പോലുമില്ലാതെ ഇരുട്ടിലാണ്.
ഔദ്യോഗികമായി ഒറ്റപ്പെടുത്തപ്പെട്ട ഒരു സമൂഹത്തിന് മേല്‍ ആര്‍ക്കും മരണം വിതക്കാം. ഈ മനുഷ്യര്‍ക്ക് മുന്നില്‍ പലായനമല്ലാതെ വഴിയില്ല. തുള വീണ തോണിയില്‍ ഇവര്‍ കടല്‍ യാത്രക്ക് ഇറങ്ങും. “അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി മരിച്ചു” വെന്ന ഒറ്റക്കോളം വാര്‍ത്തയായി അസ്തമിക്കും. ആ ദുരവസ്ഥയില്‍ നിന്ന് ഇവരെ രക്ഷിക്കാനുള്ള ബാധ്യത യു എന്നിനും ലോകരാജ്യങ്ങള്‍ക്കുമുണ്ട്.

ഡല്‍ഹി സഹായഹസ്തം നീട്ടുന്നു
റോഹിംഗ്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെയും വിവേചനത്തിന്റെയും നേര്‍ചിത്രമാണ് ഡല്‍ഹിയിലെയും യു പിയിലെ മഥുരയിലെയും അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് ലഭിക്കുക. ആംഗ് സാന്‍ സൂക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പാലായനം ചെയ്തുവന്ന അഭയാര്‍ഥികളുടെ ഒരു ക്യാമ്പ് പുതുതായി യു പിയിലെ മഥുരയില്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്കെന്ന പോലെ അറബ് രാഷ്ട്രങ്ങളിലേക്കും ജോലിയാവശ്യാര്‍ഥവും മറ്റും കുടിയേറിയ ഓട്ടേറെ പേര്‍ ഉണ്ട്. ഇന്ത്യയില്‍ ഡല്‍ഹി, ജമ്മുകാശ്മീര്‍, ഹരിയാന, ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റോഹിംഗ്യന്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി മേവാത്തടക്കമുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളില്‍ തീഷ്ണമായ ജീവിത സാഹചര്യങ്ങളോട് പൊരുതി ജീവന്‍ നിലനിര്‍ത്താന്‍ പോലും പാടുപെടുകയാണിവര്‍.
കരുണാദ്രമായ മനസ്സുകളുടെ സഹായ ഹസ്തത്തിന് അര്‍ഹരായ ഇവരില്‍ പലര്‍ക്കും സഹായം എത്തിക്കാന്‍ കഴിയുന്നില്ലെന്നത് വാസ്തവമാണ്. എന്നാല്‍ മറ്റുള്ള ക്യാമ്പുകളെ അപേക്ഷിച്ച് ഡല്‍ഹി ക്യാമ്പുകളിലാണ് വിവിധ സന്നദ്ധ സംഘടനകളുടെയും മറ്റും സഹായം കൂടുതല്‍ ലഭിക്കുന്നത്. ഡല്‍ഹിയില്‍ ഷഹീന്‍ ബേഗ്, കാളിന്ദി കുഞ്ജ്, ജനക് പുരി എന്നിവിടങ്ങലിലായി നാല് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കാരന്തൂര്‍ മര്‍കസിനും, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമക്കും കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ സി എഫ് ഐ, ഐവ തുടങ്ങിയ സന്നദ്ധ സംഘടനകളാണ് പ്രധാനമായും നിരന്തരമായി സഹായമെത്തിക്കുന്നത്. ഭക്ഷണ കിറ്റ്, ഇഫ്ത്താര്‍ കിറ്റ്, പെരുന്നാള്‍ കോടി, മെഡിക്കല്‍ സഹായം, ടെന്‍ഡ് ഷീറ്റ്, വസ്ത്രങ്ങള്‍, കമ്പിളി, താത്കാലിക പള്ളി, മദ്‌റസ, നിയമ സഹായം തുടങ്ങി വിവിധ സഹായങ്ങള്‍ എത്തിച്ചുവരുന്നുണ്ട്. ഈ ക്യാമ്പുകളിലെ ആളുകള്‍ക്ക് കാര്യമായ ജോലി ഇല്ലെന്നതൊഴിച്ചാല്‍ മറ്റു ബുദ്ധിമുട്ടുകളില്ലെന്ന് തന്നെ പറയാം. എന്നാല്‍ കശ്മീരിലും, ഡല്‍ഹിക്ക് പുറത്ത് മേവാത്തിലും പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്.
പോഷാകാഹാര കുറവും, വൈദ്യസഹായം ലഭിക്കാത്തതും മൂലം ഒട്ടേറെ മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. കാശ്മീരില്‍ മാത്രം 3000 ത്തോളം കുടുംബങ്ങലിലായി 18000 പേര്‍ അഭയാര്‍ഥികളായുണ്ടെന്നാണ് കണക്ക്. അതേസമയം ഇന്ത്യയിലെത്തിയ അഭയാര്‍ഥികളില്‍ തന്നെ 1000ത്തിലധികം പേര്‍ ഇന്ത്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് വിവരം.
മേവാത്തിലെ 49 ഡിഗ്രി ചൂടില്‍ മരുപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ആവശ്യത്തിന് വസ്ത്രവും ചെരിപ്പും ധരിക്കാതെ പ്ലാസ്റ്റിക് ഷീറ്റിന് കിഴില്‍ കഴിച്ചുകൂട്ടുന്ന അവസ്ഥ വളരെ ദയനീയമാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. അഭയാര്‍ഥികള്‍ എന്ന നിലയില്‍ സന്നദ്ധ സംഘടനകളുടെ സഹായം മാത്രം ആശ്രയിച്ചു കഴിയുകയാണ് മിക്ക ക്യാമ്പുകളിലയെും സഹോദരങ്ങള്‍.
ഇവര്‍ക്കുള്ള നിയമസഹായത്തിനും ഇവരുടെ ചികിത്സ, വിവാഹം തുടങ്ങിയവക്കും ആര്‍ സി എഫ് ഐ സഹായം നല്‍കി വരുന്നുണ്ട്. സാധാരണ വിവാഹങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവില്‍ ഇവരുടെ വിവാഹം നടക്കുമെന്നതിനാല്‍ സുമനസ്സുകളുടെ സഹായം തേടുന്നതായി ആര്‍ സി എഫ് ഐ ഉത്തരേന്ത്യന്‍ കോ- ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സിദ്ദീഖ് പറഞ്ഞു. 25000 രൂപ കൊണ്ട് ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ കഴിയുമെന്ന് ഇദ്ദേഹം പറഞ്ഞു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest