Connect with us

Ramzan

നരക മോചനത്തിന്റെ അവസാന നിമിഷങ്ങള്‍

Published

|

Last Updated

നരകം ദുഷ്‌കര്‍മികളുടെ സങ്കേതമാണ്. അഗാധതയിലേക്ക് താണു കിടക്കുന്ന അതിഭീകരമായ തീക്കുഴി. അതികഠിനമായ വേദനകളും കഷ്ടപ്പാടുകളും കഠിനമായ ശിക്ഷകളും നിറഞ്ഞു നില്‍ക്കുന്ന മഹാപാതാള ലോകം. എഴുപത് വര്‍ഷത്തെ ആഴമുണ്ടതിന്. ഭൂമിയിലെ ജീവിതം നരക തുല്ല്യമാണെന്ന് പറയുന്നവര്‍ നരക ശിക്ഷയെക്കുറിച്ച് യാതൊന്നുമറിയാത്തവരാണ്. അസാധാരണ ചൂടുള്ളതാണ് നരകത്തീ. ഭീമാകാരമായ, കരിച്ചു തൊലിയുരിച്ചു കളയുന്ന തീ . സദാകത്തി എരിഞ്ഞു കൊണ്ടിരിക്കുന്ന അഗ്നി ഗര്‍ത്തം. സുദീര്‍ഘ കാലത്തെ തുടര്‍ച്ചയായ എരിയല്‍ കാരണം അഗ്നിജ്വാലകള്‍ക്ക് വര്‍ണ പരിണാമങ്ങള്‍ സംഭവിച്ച് കറുകറുത്ത് കൊണ്ടിരിക്കും. കറുത്ത ജ്വാലകളുടെ അഗ്നിയാല്‍ നരകം കറുത്തിരുണ്ട് ബീഭല്‍സമായി തീരും. ഇവിടുത്തെ തീയുടെ എഴുപതിരട്ടി ചൂടുണ്ടാവും. നരകത്തിന്റെ മുകള്‍തലപ്പില്‍ നിന്നടര്‍ന്ന് വീണ ഒരു കല്ല് അടിത്തട്ടിലെത്താന്‍ എഴുപത് വര്‍ഷം വേണമത്രെ. നരകത്തിലെ സ്വഊദ് പര്‍വതം കയറാന്‍ എഴുപതും ഇറങ്ങാന്‍ എഴുപതും വര്‍ഷം വേണ്ടി വരും. (തിര്‍മുദി)
മനുഷ്യരും ബിംബങ്ങളും കല്ലുകളുമാണ് നരകത്തിലെ ഇന്ധനം. വിഷക്കാറ്റിനു സമാനമായ അത്യുഷ്ണക്കാറ്റ് വീശിക്കൊണ്ടിരിക്കുകയാണിവിടെ, നരകം പുറത്തേക്ക് ശ്വാസം വിടുന്ന സമയത്ത് ഭൂമിയിലേറ്റവുമധികം താപം വര്‍ധിക്കുന്നത്. നരകം ശ്വാസം വലിക്കുന്ന സമയത്ത് ഏറ്റവും തണപ്പുനുഭവപ്പെടും. ഞെരിയാണി വരെയും കാല്‍മുട്ടു വരെയും അര വരെയും തോളെല്ലു വരെയും അഗ്നിനാളങ്ങളെത്തുന്നവരുണ്ട്. (ബുഖാരി)
ശാശ്വതവാസത്തിന് വിധിക്കപ്പെട്ടവരല്ലാത്ത പാപികള്‍ ശിക്ഷാ കാലാവധിക്ക് ശേഷം നരകമോചിതരാകും. പ്രവാചകരുടെയും സദ്‌വൃത്തരുടെയും റമസാനിന്റെയും ശിപാര്‍ശ കാരണം നിരവധി കുറ്റവാളികള്‍ നരകമോചിതരാകുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. വിശുദ്ധ റമസാനില്‍ കോടിക്കണക്കിനാളുകള്‍ക്ക് നരക മോചനം ലഭിക്കും. റമസാന്‍ ആദ്യദിനം മുതല്‍ അവസാന ദിവസം വരെ മോചനം ലഭിക്കുന്ന ആളുകളുടെ അത്രയും അവസാന രാത്രിയില്‍ മാത്രം നരകമോചനം സാധ്യമാകും. അവസാന പത്തില്‍ നരകമോചന പ്രാര്‍ഥനയില്‍ മുഴുകുന്ന വിശാസികള്‍ അവസാനത്തെ രാത്രിയില്‍ അത്യധികം ആവേശത്തോടെ യാകും നരകമോചനം തേടുക. പാപമോചനത്തിനും നരകമോചനത്തിനും അതിയായ താത്പര്യത്തോടെ അല്ലാഹു തയ്യാറാക്കുന്ന സ്‌പെഷ്യല്‍ സീസണാണ് അവസാന പത്തും അവസാന രാത്രിയും . അധിക പേരും അശ്രദ്ധമാകുന്ന രാത്രിയാണത്. പെരുന്നാള്‍ കൊഴുപ്പിച്ച് ആഘോഷിക്കാനുള്ള തകൃതിയായ ഒരുക്കത്തിലാകും അവര്‍.
ആരാധനകള്‍ അല്ലാഹുവില്‍ സമര്‍പ്പിക്കുന്ന അവസാന സമയം നഷ്ടപ്പെടുത്താതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. നീണ്ട ഒരുമാസക്കാലം കഠിനാദ്ധ്വാനം ചെയ്ത് അനുഷ്ഠിച്ച ആരാധനകള്‍ സ്വീകരിക്കാനും പോരായ്മകള്‍ പരിഹരിക്കാനും പാപമോചനവും നരകമോചനവും ലഭിക്കാനും വേണ്ടി വിതുമ്പുന്ന ഹൃദയത്തോടെ പ്രാര്‍ഥനാനിരതരാകേണ്ട വിലപ്പെട്ട സമയമാണ് ഇനി നമുക്ക് ബാക്കിയുള്ളത്. മോചനത്തിന്റെ ഇരവ്പകലുകള്‍ വിടപറയുകയാണ്. അല്ലാഹുമ്മഅ#്തിഖിനീ മിനന്നാറ് വ അദ്ഖില്‍നീല്‍ ജന്നത്ത യാ റബ്ബല്‍ ആലമീന്‍