Kannur
പരിയാരം മെഡി. കോളജ് ഏറ്റെടുക്കല്‍ നീളും
കണ്ണൂര്‍: കണ്ണൂര്‍ ജനതയുടെ ദീര്‍ഘനാളത്തെ ആവശ്യങ്ങളിലൊന്നായ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇടതുസര്‍ക്കാറിനും നടപടികള്‍ ത്വരിതപ്പെടുത്താന്‍ കഴിയുന്നില്ല. കോളജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇതുവരെയും നയപരമായ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും വന്‍സാമ്പത്തിക ബാധ്യതകള്‍ വരുമെന്നതിനാല്‍ ഏറ്റെടുക്കല്‍ എളുപ്പമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ ഏറ്റെടുക്കല്‍ നടപടികള്‍ അനിശ്ചിതാവസ്ഥയിലായി. ഇടത്‌സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കില്ലെന്ന സൂചനയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സഹകരണ മേഖലയിലുള്ള മെഡിക്കല്‍ കോളജിന്റെ ഭരണം നിലവില്‍ സി പി എമ്മിനാണ്. ഏറ്റെടുക്കല്‍ നീക്കങ്ങളില്‍ നിന്ന് ഇതും സര്‍ക്കാറിനെ പിന്തിരിപ്പിക്കുന്നുണ്ട്.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എന്താണെന്ന് വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടി പരിയാരം പ്രക്ഷോഭ സമിതി കണ്‍വീനര്‍ ഡോ. ഡി സുരേന്ദ്രനാഥ് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുകയോ സ്വയംഭരണ സ്ഥാപനമായി മാറ്റുകയോ വേണമെന്ന നിര്‍ദേശത്തിന്മേല്‍ ധനകാര്യ- നിയമ വകുപ്പുകള്‍ പരിശോധന നടത്തി നേരത്തെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടില്‍ സാമ്പത്തികവും നിയമപരവുമായ തടസ്സങ്ങളെക്കുറിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വിദഗ്ധമായ പരിശോധനകള്‍ ഇക്കാര്യത്തില്‍ ഇനിയും നടത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
2016 ഫെബ്രുവരിയില്‍ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചതായിരുന്നു. ആ വര്‍ഷം ഏപ്രിലില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും കോളജ് ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പിന്നീട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിരവധി തവണ കോളജ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, ഒടുവില്‍ ഹഡ്‌കോയുടെ വായ്പാ കുടിശ്ശിക ഉള്‍പ്പെടെയുള്ള 800 കോടിയോളം രൂപയുടെ ബാധ്യത ചൂണ്ടിക്കാട്ടി ഏറ്റെടുക്കാതിരിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പരിയാരം പ്രക്ഷോഭ സമിതി ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായ നിലപാടിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനാണ് പ്രക്ഷോഭസമിതിയുടെ തീരുമാനമെന്ന് കണ്‍വീനര്‍ ഡോ. ഡി സുരേന്ദ്രനാഥ് പറഞ്ഞു.
സൗജന്യ ചികിത്സയും സര്‍ക്കാര്‍ ഫീസില്‍ വിദ്യാഭ്യാസവും ലഭിക്കുന്ന സര്‍ക്കാര്‍ സങ്കല്‍പ്പത്തിനനുസരിച്ചുള്ള സ്ഥാപനമായി പരിയാരം മെഡിക്കല്‍ കോളജ് മാറണം എന്നതാണ് പൊതുജനങ്ങളുടെ ആഗ്രഹം. കോടിക്കണക്കിന് രൂപയുടെ ബാധ്യതയും ദൈനംദിന ചെലവും വേണ്ടിവരുന്ന തീരുമാനം നടപ്പാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ സാവകാശം തേടുകയായിരുന്നു. യു ഡി എഫ് സര്‍ക്കാറിന്റെ 2014 ഫെബ്രുവരി 20ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.