Connect with us

Kerala

കേരളത്തില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം കൂടുന്നു

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം പെരുകുന്നു. സംരക്ഷണത്തിനും ചെലവിനും മക്കള്‍ക്ക് നല്‍കിയ സ്വത്തുക്കള്‍ തിരിച്ചെടുക്കാനും കേസ് കൊടുക്കുന്നവരുടെ എണ്ണം കേരളത്തെ നാണം കെടുത്തും വിധം ഉയരുകയാണ്.
ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരമുള്ള 21 ട്രൈബ്യൂണലുകളാണ് കേരളത്തിലുള്ളത്. 21 ആര്‍ ഡി ഒ മാരാണ് ട്രൈബ്യൂണലായി പ്രവര്‍ത്തിക്കുന്നത്. 19 ട്രൈബ്യൂണലുകളില്‍ നിന്നും ലഭിച്ച ഭാഗികവും പൂര്‍ണവുമായ കണക്കുകളനുസരിച്ച് 2010 മുതല്‍ 8568 കേസുകളാണ് മക്കള്‍ക്കെതിരെ മാതാപിതാക്കള്‍ നല്‍കിയിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 1826 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 1297 കേസുകളും തീര്‍പ്പാക്കി. മറ്റിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍- തീര്‍പ്പാക്കിയവ ബ്രാക്കറ്റില്‍: കൊല്ലം 684(632), തിരുവല്ല 373(226),അടൂര്‍ 66(25), ചെങ്ങന്നൂര്‍ 414(380), ആലപ്പുഴ 802(749), കോട്ടയം 376 (251), പാല 268(242), മൂവാറ്റുപുഴ 526(390), ഫോര്‍ട്ട് കൊച്ചി 949(862), തൃശൂര്‍ 739(623), പാലക്കാട് 377(226) ഒറ്റപ്പാലം 301(216), പെരുന്തല്‍മണ്ണ 159(142), തിരൂര്‍ 105(57), മാനന്തവാടി 393(328), കാസര്‍കോട് 210(147)
ഭൂരിഭാഗം കേസുകളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അനുകൂലമായ വിധിയാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇവര്‍ നല്‍കുന്ന കേസുകള്‍ക്ക് വിധി നടപ്പിലാക്കി കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിധി നടപ്പിലാക്കി കിട്ടാന്‍ വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കേണ്ട സ്ഥിതിയാണുള്ളത്. മാത്രമല്ല വിധി അനുസരിച്ചുള്ള ജീവനാംശത്തുക ഈടാക്കി നല്‍കുന്നതിന് സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ചും മുതിര്‍ന്ന പൗരന്‍മാരെ വഴിയില്‍ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വ്യക്തമായ നിയമ വ്യവസ്ഥകളും ഇല്ല.
ട്രൈബ്യൂണലുകളായി പ്രവര്‍ത്തിക്കുന്ന ആര്‍ ഡി ഒമാര്‍ക്ക് റവന്യൂ ചുമതലകള്‍ക്ക് പുറമെ തിരഞ്ഞെടുപ്പ്, കാലവര്‍ഷക്കെടുതികള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്രമസമാധാനം, റവന്യൂ പരാതി പരിഹാരം തുടങ്ങി നിരവധി ജോലികള്‍ ഉള്ളതിനാല്‍ ട്രൈബ്യൂണലിന്റെ ചുമതല യഥാസമയം നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിയും നിലനില്‍ക്കുന്നു.
പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വയോജനങ്ങളുടെ വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കണമെന്നും പോലീസ് സ്റ്റേഷന്‍ പ്രതിനിധി സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം മാസത്തിലൊരിക്കല്‍ അവരുടെ വീട് സന്ദര്‍ശിക്കണമെന്നും നിര്‍ദേശമുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല.
വാര്‍ധക്യ കാലത്ത് ജീവിതം തള്ളി നീക്കാന്‍ കേസിനുപോകേണ്ട ദുരവസ്ഥയാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വന്ന് ചേര്‍ന്നിരിക്കുന്നത്. ഇതിനായി നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിയും വരുന്നു. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ട മേഖലയായി മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം മാറിയെന്നതാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.