Kerala
എല്‍ഡിഎഫ് ഭരണം മികച്ചതെന്ന് ചന്ദ്രചൂഡന്‍; മോശം ഭരണമെന്ന് എഎ അസീസ്

തിരുവനന്തപുരം: മുന്നണി മാറ്റത്തില്‍ അഭിപ്രായ ഭിന്നത അവസാനിക്കാതെ ആര്‍എസ്പി. ആര്‍എസ്പിയുടെ മുന്നണി മാറ്റം തിടുക്കത്തിലായിപ്പോയെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് ഇത്രവേഗം മാറേണ്ടിയിരുന്നില്ല. മുന്നണി മാറ്റം തടയാനാവാതെ പോയതില്‍ ദുഃഖമുണ്ട്. തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടേത് ദയനീയ തോല്‍വിയായിരുന്നു. പാര്‍ട്ടി തെറ്റുകള്‍ തിരുത്തണമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.
യൂഡിഎഫിലേക്ക് വരുന്നതിന് മുമ്പ് തിടുക്കം വേണ്ടായിരുന്നു. ഈ മുന്നണിയില്‍ എത്രകാലം തുടരാനാകുമെന്നതില്‍ ആശങ്കയുണ്ട്. എന്നാല്‍ പെട്ടന്ന് മുന്നണി വിടില്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.
പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കാനും ചന്ദ്രചൂഡന്‍ തയാറായി. എല്‍ഡിഎഫ് ഭരണം നല്ലരീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇടത് മുന്നണി പറയുന്ന കാര്യം പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.
അതേസമയം ചന്ദ്രചൂഡനെ തള്ളി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് രംഗത്തെത്തി. എല്‍ഡിഎഫ് വിടാനുള്ള തീരുമാനം കൂട്ടായെടുത്തതാണ്. അത് തെറ്റായ രാഷ്ട്രീയസമീപനമാണെന്ന് വിളിച്ചുകൂവി പറയാനാവില്ല. എല്‍ഡിഎഫ് ഭരണം മോശമെന്ന് അസീസ് പറഞ്ഞു.