National
ഏകീകൃത സിവില്‍ കോഡ്; ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിണ്ടുണ്ടാക്കാനാണെന്ന് മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണി.ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം. തെരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ ധ്രൂവീകരണമാണ് ബിജെപിയുടെ ലക്ഷ്യം. പത്ത് വോട്ടുകിട്ടുന്നതിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു.
എല്ലാ ജാതി മത വിഭാഗങ്ങളും പൂര്‍ണ്ണമായും സമ്മതിക്കാവുന്ന വിധത്തില്‍ മാത്രമേ വിഷയം ചര്‍ച്ച ചെയ്യാവു. വ്യക്തി നിയമങ്ങള്‍ ഏകീകരിക്കുന്നത് അപ്രായോഗികമാണ്. ഇത്തരം കാര്യങ്ങള്‍ ഈ വിഷയത്തിലുള്ളപ്പോള്‍ കോഡ് നടപ്പിലാക്കാന്‍ ബിജെപി ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും ആന്റണി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും എകെ ആന്റണി പറഞ്ഞു.